കേരള ഫുട്ബോളില്‍ പുതുയുഗം കുറിക്കാന്‍ മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള; സെപ്റ്റംബർ ഏഴിന് തുടക്കം
Mail This Article
കൊച്ചി∙ രാജ്യത്തെ പ്രമുഖ എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് സൂപ്പര്‍ ലീഗ് കേരളയുമായി (എസ്എല്‍കെ) ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പിട്ടു. 2024 സെപ്റ്റംബര്‍ 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള എന്ന പേരില്‍ അറിയപ്പെടുന്ന ഫുട്ബോള്‍ ലീഗിന്റെ അരങ്ങേറ്റ സീസണിന് തുടക്കം കുറിക്കുന്നത്.
ഫോര്‍സ കൊച്ചി എഫ്സി, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി, കാലിക്കറ്റ് എഫ്സി, തൃശൂര്‍ എഫ്സി എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് ഉദ്ഘാടന സീസണില്‍ പങ്കെടുക്കുന്നത്.
സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും സ്പോര്‍ട്സിനോടുള്ള തീവ്ര ഇഷ്ടത്തിനും പേരുകേട്ട കേരളത്തോടുള്ള ബ്രാന്‍ഡിന്റെ ആഴത്തിലുള്ള പ്രതിബദ്ധതയാണ് സൂപ്പര്‍ ലീഗ് കേരളയുമായുള്ള മഹീന്ദ്രയുടെ ബന്ധം ഉയര്‍ത്തിക്കാട്ടുന്നതെന്ന് കമ്പനി അറിയിച്ചു. മഹീന്ദ്രയുടെ മുന്‍നിര എസ്യുവികള് മത്സരങ്ങള്‍ നടക്കുന്ന വേദികളില്‍ പ്രദര്‍ശിപ്പിക്കും.
ഐപിഎല്‍, ഫിഫ ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പ്, ഐബിഎ വിമണ്‍സ് വേള്‍ഡ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ കായിക മാമാമാങ്കങ്ങളുമായും നേരത്തെ മഹീന്ദ്ര സഹകരിച്ചിരുന്നു.