താരപ്രഭയിൽ ഐഎസ്എൽ മീഡിയ ഡേ
Mail This Article
കൊച്ചി ∙ കളത്തിൽ ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ഉരസലും കളത്തിനു പുറത്ത് ആരാധകർ തമ്മിലുള്ള പോരും ഫുട്ബോൾ ആവേശം വർധിക്കാൻ സഹായിക്കുമെന്നു ബെംഗളൂരു കോച്ച് ജെറാർദ് സരഗോസ. ‘‘ ഞാൻ യുഎഇയിൽ നിന്നാണു വരുന്നത്. അവിടെ, കളി കാണാൻ കാര്യമായി കാണികൾ എത്തുന്നത് അപൂർവമായിരുന്നു. പക്ഷേ, ഇവിടെ നിറഞ്ഞ ഗാലറികൾക്കു മുന്നിൽ കളിക്കാനാകുന്നത് ആരാധകർ മൂലമല്ലേ? ’’ – ചിരിയോടെ സരഗോസയുടെ പ്രതികരണം.
കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്സി, ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി, എഫ്സി ഗോവ എന്നീ ഐഎസ്എൽ ടീമുകൾ പങ്കെടുത്ത ‘മീഡിയ ഡേ’ ആയിരുന്നു വേദി.
കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഐഎസ്എലിലെ ദക്ഷിണേന്ത്യൻ ക്ലബ്ബുകൾക്കൊപ്പം മുംബൈ സിറ്റി എഫ്സിയും പങ്കാളികളായി. ടീമുകളുടെ പരിശീലകരും പ്രധാന താരങ്ങളും മാധ്യമങ്ങൾക്കു മുന്നിലെത്തിയ ചടങ്ങിൽ ബ്ലാസ്റ്റേഴ്സിനായി കോച്ച് മികേൽ സ്റ്റോറെ, കളിക്കാരായ മിലോസ് ഡ്രിൻസിച്, സച്ചിൻ സുരേഷ്, ഇഷാൻ പണ്ഡിത എന്നിവരാണുണ്ടായിരുന്നത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയില്ലാതെയാണു ബെംഗളൂരു വന്നത്. കോച്ചിനു പുറമേ, താരങ്ങളായ റയാൻ വില്യംസ്, അലക്സാണ്ടർ ജൊവാനോവിച്, ലാൽറെംതുംഗ ഫനായി എന്നിവരാണു പങ്കെടുത്തത്.
നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയെ പ്രതിനിധീകരിച്ചതു കോച്ച് പീറ്റർ ക്രാറ്റ്കിയും ഗോൾകീപ്പർ പുർബ ലച്ചൻപയും. ചെന്നൈയിൻ കോച്ച് ഓവൻ കോയ്ൽ, താരങ്ങളായ റയാൻ എഡ്വേഡ്സും ഡാനിയൽ ചീമയും അങ്കിത് മുഖർജിയും. ഹൈദരാബാദിന്റെ പ്രതിനിധികൾ കോച്ച് താങ്ബോയ് സിങ്തോയും അലക്സ് സജിയും. ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും ലാറ ശർമയും ഇകർ ഗുരച്ചെനയും ഗോവയുടെ പ്രതിനിധികളായി. എത്തിയവരെല്ലാം പുതിയ പന്തിൽ ഒപ്പുവച്ചു, ഫോട്ടോയ്ക്കു പോസ് ചെയ്തു, ആശംസകൾ നേർന്നു മടങ്ങി. പുതിയ ഐഎസ്എൽ സീസൺ 13നു കൊൽക്കത്തയിൽ തുടങ്ങും. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 15നു കൊച്ചിയിൽ പഞ്ചാബ് എഫ്സിക്കെതിരെയാണ്.