ആരാധകരേ കാത്തിരിക്കുവിൻ: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് മികേൽ സ്റ്റോറെ നയം വ്യക്തമാക്കുന്നു
Mail This Article
കൊച്ചി ∙ ‘‘ട്രോഫികൾ! തീർച്ചയായും വരും. ആ സ്വപ്നം ഞങ്ങൾ എല്ലാവരുടേതുമാണ്. പക്ഷേ, ആദ്യ പരിഗണന ആദ്യ മത്സരത്തിനാണ്. അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾക്കാണ്. എല്ലാ കളിക്കാരെയും ഏറ്റവും മികച്ച പ്രകടനത്തിനായി ഒരുക്കിയെടുക്കുകയാണ് എന്റെ ജോലി’’– കേരള ബ്ലാസ്റ്റേഴ്സ് പ്രധാന പരിശീലകനായി 63 ദിവസം പിന്നിടുന്ന സ്വീഡിഷ് കോച്ച് മികേൽ സ്റ്റോറെ നയം വ്യക്തമാക്കുന്നു. ഐഎസ്എൽ മീഡിയ ഡേ ചടങ്ങിനായി ഇന്നലെ പുലർച്ചെ എത്തിയ അദ്ദേഹത്തിനു കൊച്ചിയുമായുള്ള പരിചയം അപ്പോൾ വെറും 15 മണിക്കൂർ! തായ്‌ലൻഡിൽ പ്രീ സീസൺ പര്യടനത്തിനിടയിലാണ് അദ്ദേഹം ടീമിനൊപ്പം ചേർന്നത്. അവിടെനിന്നു ഡ്യുറാൻഡ് കപ്പിനായി നേരേ കൊൽക്കത്തയിലേക്ക്. മീഡിയ ഡേയിൽ ടീം അവതരണത്തിനായി കൊച്ചിയിലെത്തിയ അദ്ദേഹം ടീം ക്യാംപ് നടക്കുന്ന കൊൽക്കത്തയിലേക്കു മടങ്ങും. ഏതാനും ദിവസങ്ങൾക്കകം ടീം കൊച്ചിയിലെത്തും. അൽപം തമാശ കലർത്തിയാണു മികേൽ സ്റ്റോറെയുടെ മറുപടികൾ.
ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് ആദ്യം കേട്ടത് എപ്പോഴാണ്?
ഇന്റർനെറ്റ് സ്വീഡനിലും ലഭ്യമാണല്ലോ! വമ്പൻ ആരാധക അടിത്തറയുള്ള ടീം എന്നതാണ് ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് ലഭിച്ച ആദ്യ അറിവ്! ആരാധകരോട് എനിക്ക് ഒന്നു മാത്രമേ പറയാനുള്ളൂ. ചിലപ്പോൾ നല്ല സമയമുണ്ടാകും, ചിലപ്പോൾ മോശം കാലവും. ആദ്യ മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ അവസാന മത്സരത്തിന്റെ അവസാന നിമിഷം വരെ ഞങ്ങൾക്കൊപ്പം ഉറച്ചു നിൽക്കുക! ആരാധക പിന്തുണ വളരെ പ്രധാനമാണ്. തായ്‌ലൻഡിൽ പരിശീലന മത്സരങ്ങളിൽ 10 പേരും കുറെ നായ്ക്കുട്ടികളുമാണു കളി കാണാനുണ്ടായിരുന്നത്! ഡ്യുറാൻഡിലും കാര്യമായ കാണികളില്ലായിരുന്നു. ഇവിടെ, കൊച്ചിയിൽ ഇരമ്പുന്ന കാണികൾക്കു മുന്നിൽ കളിക്കാൻ കാത്തിരിക്കുന്നു.
ഡ്യുറാൻഡ് കപ്പിനു ശേഷമുള്ള വിലയിരുത്തൽ?
പല നിലവാരത്തിലുള്ള ടീമുകൾ. പഞ്ചാബ് എഫ്സി, ബെംഗളൂരു എഫ്സി ടീമുകൾ ശക്തരായിരുന്നു. നമ്മൾ നന്നായി കളിച്ചു. പ്രത്യേകിച്ചും ബെംഗളൂരുവിന് എതിരെ. 20 സെക്കൻഡ് മാത്രമുള്ളപ്പോഴാണു നമ്മൾ ഗോൾ വഴങ്ങിയത്. ദിമിത്രി ഡയമന്റകോസ് ഉൾപ്പെടെ മികച്ച താരങ്ങൾ ടീമിൽ നിന്നു പോയെന്നതു ശരിയാണ്. മാറ്റങ്ങൾ സ്വാഭാവികം. പുതിയ താരം നോവ സദൂയി വ്യത്യസ്തനായ കളിക്കാരനാണ്. നമ്മുടെ ടീം പൊതുവിൽ മികച്ചതാണ്.
മുൻ കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ താരപരിവേഷം ബാധ്യതയാകുമോ?
മുൻ കോച്ചിനെ പൂർണമായും ബഹുമാനിക്കുന്നു. നല്ല കോച്ചും നല്ല വ്യക്തിയുമാണ്. എല്ലാവരും അദ്ദേഹത്തെക്കുറിച്ചു വളരെ നല്ലതു പറയുന്നു. പക്ഷേ, എന്റെ ജോലി നന്നായി ചെയ്യുകയാണ് എന്റെ ദൗത്യം. എന്റെ ടീമിന് അധിക ഊർജം നൽകാൻ കഴിയുമെന്നാണു പ്രതീക്ഷ. എന്തു കൊണ്ടു കൂടുതൽ താരങ്ങളെ റിക്രൂട്ട് ചെയ്തില്ല എന്നതിനെക്കാൾ ലഭിച്ച ടീമിനു മികച്ച പരിശീലനം നൽകി സജ്ജരാക്കുകയാണു വേണ്ടത്. റിക്രൂട്ട്മെന്റ് കാര്യങ്ങളിൽ എന്നെക്കാൾ കൂടുതൽ അറിവുള്ളതു സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിനാണ്. മറ്റൊന്നു കൂടിയുണ്ട്; കെ.പി.രാഹുൽ ഫിറ്റാണ്. 7 –ാം നമ്പർ ജഴ്സിയിൽ കളത്തിൽ കാണാം!