ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ ആദ്യത്തെ പ്രഫഷനൽ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഇന്നുമുതൽ‌. ആദ്യ പോരാട്ടം മലപ്പുറം എഫ്സിയും ഫോഴ്സ കൊച്ചി എഫ്സിയും തമ്മിൽ. കിക്കോഫ് ഇന്നു രാത്രി 8ന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ഫൈനലും കൊച്ചിയിൽത്തന്നെ; നവംബർ ‌10ന്. 6 ടീമുകൾ, 4 സ്റ്റേഡിയങ്ങൾ. 33 മത്സരങ്ങൾ. വിദേശ, ഇന്ത്യൻ താരങ്ങളുടെ നിര. നിക്ഷേപകരായി ചലച്ചിത്ര, വ്യവസായ, കായിക മേഖലകളിൽ നിന്നുള്ള പ്രമുഖർ.

സംസ്ഥാനത്തെ 6 നഗരങ്ങളിലെ ടീമുകൾ തമ്മിലുള്ള മത്സരം ഫുട്ബോൾ പ്രേമികളെ സ്റ്റേഡിയങ്ങളിൽ എത്തിക്കുമെന്നാണു പ്രതീക്ഷ. സ്റ്റാർ സ്പോർട്സ് ഫസ്റ്റിലും ഹോട്സ്റ്റാറിലും തൽസമയം കാണാം. ഗൾഫിൽ മനോരമ മാക്സിലൂടെയാണു ലൈവ് സ്ട്രീമിങ്. മത്സര ടിക്കറ്റുകൾ ഓൺലൈനിൽ (https://insider.in) ലഭ്യം. 

∙ പരിചയസമ്പത്ത് Vs യുവനിര

പരിചയസമ്പന്നരുടെ നിരയാണ് മലപ്പുറം എഫ്സി. യുക്രെയ്ൻ സ്ട്രൈക്കർ പെഡ്രോ മാൻസി, സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീൽഡർ ഹൊസേബ ബെറ്റിയ, സ്പെയിൻ സെന്റർ ബാക്ക് റൂബൻ സൊബ്രേവിയ, ബ്രസീലിയൻ വിങ്ങർ സെർജിയോ ബാർബോസ, സ്പെയിൻ സ്ട്രൈക്കർ അലക്സ് സാഞ്ചെസ് എന്നീ വിദേശ താരങ്ങൾക്കൊപ്പം സെന്റർ ബാക്ക് അനസ് എടത്തൊടിക, ഗോൾ കീപ്പർ വി.മിഥുൻ തുടങ്ങിയ കരുത്തുകൂടി ചേരുമ്പോൾ ടീം ശക്തം.

’’ശരിയാണ്. മലപ്പുറത്തിനു പരിചയ സമ്പന്നരായ ഒരുപിടി താരങ്ങളുണ്ട്. പക്ഷേ, യുവാക്കളാണു ഞങ്ങളുടെ കരുത്ത്. ’’ – ഫോഴ്സ കൊച്ചി എഫ്സി കോച്ച് മാരിയോ ലമോസയുടെ വാക്കുകൾ.

∙ സാധ്യതകളുടെ കളിക്കളം

ഇന്ത്യൻ സൂപ്പർ ലീഗിലേക്കും (ഐഎസ്എൽ) ഐ ലീഗിലേക്കും വളരാൻ കേരളത്തിന്റെ യുവ ഫുട്ബോൾ പ്രതിഭകൾക്ക് അവസരം നൽകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന എസ്എൽകെ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഒരേയൊരു സൂപ്പർ ലീഗാണ്. 

∙ 6 നഗരങ്ങൾ, 6 ടീമുകൾ

∙ മലപ്പുറം എഫ്സി

ഇംഗ്ലിഷ് കോച്ച് ജോൺ ഗ്രിഗറിയാണു മുഖ്യ പരിശീലകൻ. ക്ലിയോഫസ് അലക്സ് സഹപരിശീലകൻ. മുൻ ഇന്ത്യൻ താരം അനസ് എടത്തൊടികയാണു ക്യാപ്റ്റൻ. സ്പാനിഷ് താരം ഹൊസേബ ബെറ്റിയ ഉൾപ്പെടെയുള്ള വിദേശ താരങ്ങൾ. മുൻ സന്തോഷ് ട്രോഫി താരങ്ങളായ വി.മിഥുൻ, ഫസലുറഹ്മാൻ മേതുകയിൽ, ഇ.കെ.റിസ്‌വാൻ അലി തുടങ്ങിയവർ ടീമിലുണ്ട്.

∙ ഫോഴ്സ കൊച്ചി എഫ്സി

പോർച്ചുഗീസ് കോച്ച് മാരിയോ ലമോസാണു മുഖ്യ പരിശീലകൻ. സഹപരിശീലകൻ മുൻ ഇന്ത്യൻ താരം ജോ പോൾ അഞ്ചേരി. മുൻ ഇന്ത്യൻ ഗോൾകീപ്പർ സുഭാശിഷ് റോയ് ചൗധരിയാണ് ക്യാപ്റ്റൻ. ബ്രസീലിയൻ മിഡ്ഫീൽഡർ റാഫേൽ അഗസ്റ്റോ, തുനീസിയ താരം സയീദ് മുഹമ്മദ് നിദാൽ, സന്തോഷ് ട്രോഫി താരം നിജോ ഗിൽബർട്ട് തുടങ്ങിയവരാണു കരുത്ത്.

∙ തൃശൂർ മാജിക് എഫ്സി

ഹെഡ് കോച്ച് ജിയോവാനി സ്കാനു ഇറ്റലിയിൽനിന്ന്. സന്തോഷ് ട്രോഫി പരിശീലകനായിരുന്ന സതീവൻ ബാലൻ സഹപരിശീലകൻ. മുൻ ഇന്ത്യൻ താരം സി.കെ.വിനീതാണ് ക്യാപ്റ്റൻ. ബ്രസീൽ താരങ്ങളായ മാർസലോ ടോസ്കാനോയും ഹെൻഡ്രി ആന്റണിയും കേരളത്തിന്റെ സന്തോഷ് ട്രോഫി താരം എം.മുഹമ്മദ് സഫ്നാദും ഉൾപ്പെട്ട നിരയാണു കരുത്ത്.

∙ കാലിക്കറ്റ് എഫ്സി

സ്കോട്ടിഷ് പരിശീലകൻ ഇയാൻ ആൻഡ്രു ഗിലിയൻ ആണ് കോച്ച്. ബിബി തോമസ് സഹ പരിശീലകൻ. സന്തോഷ് ട്രോഫിയിൽ കേരളത്തെ നയിച്ച ജിജോ ജോസഫാണു ക്യാപ്റ്റൻ. ഹെയ്തി താരം കെർവൻസ് ബെൽഫോർട്ട്, കാമറൂണിന്റെ കെവിൻ എംഫെഡെ തുടങ്ങി 6 വിദേശ താരങ്ങൾ. അബ്ദുൽ ഹക്കു നെടിയോടത്താണു പ്രധാന ഇന്ത്യൻ താരം.

∙ കണ്ണൂർ വോറിയേഴ്സ് എഫ്സി

കോച്ച് സ്പെയിൻകാരൻ മാനുവൽ സാഞ്ചെസ് മുറിയാസ്. ഷഫീഖ് ഹസനാണു സഹപരിശീലകൻ. ക്യാപ്റ്റൻ ആദിൽ ഖാൻ. അഡ്രിയൻ സാർദിനെറോ ഉൾപ്പെടെ 5 സ്പാനിഷ് താരങ്ങളുണ്ട്, ടീമിൽ. കാമറൂണിന്റെ എൺസ്റ്റെൻ ലവാസാംബയാണ് ആഫ്രിക്കൻ സാന്നിധ്യം.

∙ തിരുവനന്തപുരം കൊമ്പൻസ് എഫ്സി 

ബ്രസീലിയൻ പരിശീലകൻ സെർജിയോ അലക്സാന്ദ്രേയുടെ ശിക്ഷണം. ക്യാപ്റ്റൻ പാട്രിക് മോത. 6 വിദേശ കളിക്കാർ; എല്ലാവരും ബ്രസീലിൽ നിന്ന്. സന്തോഷ് ട്രോഫി താരം ഷിഹാദ് നെല്ലിപ്പറമ്പൻ ഉൾപ്പെടെ യുവതാരങ്ങളുടെ മികച്ച നിരയാണു കരുത്ത്.

English Summary:

Super League Kerala Football starts today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com