നേഷൻസ് ലീഗിൽ ഗോൾമഴ തീർത്ത് ജർമനി, നെതർലൻഡ്സ്; ഇംഗ്ലണ്ടിനും ജോർജിയയ്ക്കും വിജയത്തുടക്കം
Mail This Article
ലണ്ടൻ∙ യുവേഫ നേഷൻസ് ലീഗിൽ ഗോൾമഴ തീർത്ത് കരുത്തൻമാരായ ജർമനിയും നെതർലൻഡ്സും. ജർമനി എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഹംഗറിയെ തുരത്തിയപ്പോൾ, നെതർലൻഡ്സ് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ബോസ്‌നിയ ഹെർസെഗോവിനയെ തോൽപ്പിച്ചു. ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റിപ്പബ്ലിക് ഓഫ് അയർലൻഡിനെ വീഴ്ത്തിയപ്പോൾ, ജോർജിയ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് അട്ടിമറിച്ചു.
ഹംഗറിക്കെതിരായ മത്സരത്തിൽ ജർമനി അടിച്ചുകൂട്ടിയ അഞ്ച് ഗോളുകളും പിറന്നത് അഞ്ച് ബൂട്ടുകളിൽനിന്ന്. 27–ാം മിനിറ്റിൽ നിക്ലാസ് ഫുൽക്രുഗ് ആണ് ഗോളടി തുടങ്ങിവച്ചത്. ആദ്യ പകുതിയിലെ ജർമനിയുടെ ഗോൾനേട്ടം ഈ ഒറ്റ ഗോളിൽ ഒതുങ്ങി. രണ്ടാം പകുതിയിൽ ജർമനി അടിച്ചുകൂട്ടിയത് നാലു ഗോളുകൾ. ജമാൽ മുസ്‍ലിയാല (57–ാം മിനിറ്റ്), ഫ്ലോറിയൻ വേട്സ് (66), അലക്സാണ്ടർ പാവ്‌ലോവിച്ച് (77), കയ് ഹാവർട്സ് (81, പെനൽറ്റി) എന്നിവരാണ് നാലു ഗോളുകൾ നേടിയത്.
ബോസ്‌നിയ ഹെർസെഗോവിനയ്ക്കെതിരെ നെതർലൻഡ്സിന്റെ 5 ഗോളുകൾ പിറന്നതും അഞ്ച് ബൂട്ടുകളിൽനിന്ന്. ആദ്യ പകുതിയിൽ ജോഷ്വ സിർക്സീ (13–ാം മിനിറ്റ്), ടിജാനി റെയ്ൻഡേഴ്സ് (45+2) എന്നിവരാണ് ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ കോഡി ഗാക്പോ (56–ാം മിനിറ്റ്), വൗട്ട് വെഗ്ഹോസ്റ്റ് (88), സിമൺസ് (90+2) എന്നിവർ ഗോൾപട്ടിക പൂർത്തിയാക്കി. ബോസ്നിയയുടെ ആശ്വാസ ഗോളുകൾ ഇരുപകുതികളിലുമായി എർമെദിൻ ഡെമിറോവിച്ച് (27–ാം മിനിറ്റ്), സൂപ്പർതാരം എഡിൻ സെക്കോ (73) എന്നിവർ നേടി. സെക്കോയുടെ 66–ാം രാജ്യാന്തര ഗോളാണിത്.
റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരെ ആദ്യ പകുതിയിൽ നേടിയ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. ആദ്യ ഗോൾ നേടിയതും രണ്ടാം ഗോളിനു വഴിയൊരുക്കിയും ഡെക്ലാൻ റൈസ് ഇംഗ്ലിഷ് നിരയിൽ തിളങ്ങി. 11–ാം മിനിറ്റിലാണ് റൈസ് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. 26–ാം മിനിറ്റിൽ ജാക് ഗ്രീലിഷ് നേടിയ ഗോളിനു വഴിയൊരുക്കിയതും റൈസ് തന്നെ.
മറ്റു മത്സരങ്ങളിൽ അൽബേനിയ യുക്രെയ്നെയും (2–1), മോൽഡോവ മാൾട്ടയെയും (2–0), ഗ്രീസ് ഫിൻലൻഡിനെയും (3–0), അർമേനിയ ലാത്വിയയെയും (4–1) തോൽപ്പിച്ചു. ഫറോ ഐലൻഡ്സ് – നോർത്ത് മാസിഡോണിയ മത്സരം ഓരോ ഗോളടിച്ച് സമനിലയിൽ അവസാനിച്ചു.