കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ അവതരിപ്പിച്ചത് മലയാളി ലുക്കിൽ; ആരാധകർക്കു മുന്നിൽ തനിനാടൻ ബ്ലാസ്റ്റേഴ്സ് !
Mail This Article
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ടീം ആരാധകർക്കു മുന്നിൽ അവതരിച്ചതു കസവു മുണ്ടുടുത്ത് മലയാളി ലുക്കിൽ! മുണ്ടുടുത്തു നിൽക്കാൻ പല താരങ്ങളും കഷ്ടപ്പെട്ടു. മുണ്ട് മടക്കിക്കുത്താൻ പരിശീലനം കെ.പി.രാഹുൽ വക. ടീം ജഴ്സിക്കു മുകളിൽ ഉടുത്ത മുണ്ട് ഉപനായകൻ മിലോസ് ഡ്രിൻസിച് മടക്കിക്കുത്തിയപ്പോൾ ചുരുട്ടി വച്ചതിനു തുല്യം! ഐഎസ്എൽ ഫുട്ബോളിന്റെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമംഗങ്ങളെ അവതരിപ്പിച്ച ചടങ്ങായിരുന്നു വേദി.
ഇന്നലെ രാത്രി ലുലു മാളിൽ നടന്ന ടീം അവതരണച്ചടങ്ങിൽ ലൂണ ഒഴികെയുള്ള 25 താരങ്ങളും പുതിയ കോച്ച് മികേൽ സ്റ്റോറെയും സപ്പോർട്ട് സ്റ്റാഫും പങ്കെടുത്തു. ആരാധക സംഘങ്ങളായ മഞ്ഞപ്പട, ബ്ലാസ്റ്റേഴ്സ് ആർമി പ്രതിനിധികളെയും സ്പോൺസർമാരെയും ആദരിച്ചു.
ഒപ്പം ആരാധകർക്കൊരു സന്തോഷ വാർത്ത കൂടി. ടീമിന്റെ സ്റ്റേഡിയം ജഴ്സി ചടങ്ങിൽ പുറത്തിറക്കി; വില 175 രൂപ മാത്രം. സ്‌റ്റേഡിയത്തിലും പിന്നീട് ഓൺലൈനിലും ലഭ്യമാകും. ആരാധകരുടെ ആവേശം കണ്ട് അമ്പരന്ന മികേൽ സ്റ്റോറെ പറഞ്ഞു: അയാം സ്പീച്ച്‌ലെസ്!
∙ താരങ്ങൾ ഇവർ
അഡ്രിയൻ ലൂണ (ക്യാപ്റ്റൻ), സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ്, സോം കുമാർ (ഗോൾ കീപ്പർമാർ). മിലോസ് ഡ്രിൻസിച് (വൈസ് ക്യാപ്റ്റൻ), അലക്സാണ്ടർ കോയഫ്, പ്രീതം കോട്ടാൽ, ഹോർമിപാം, സന്ദീപ് സിങ്, നവോച്ച സിങ്, ഐബൻഭ ധോലിങ്, മുഹമ്മദ് സഹീഫ് (പ്രതിരോധം), ഫ്രെഡി ലാലൻമാവിയ, വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, യൊഹൻബ മെയ്തേയ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് അയ്മൻ, ബ്രെയ്സ് മിറാൻഡ, സൗരവ് മണ്ഡൽ, നോവ സദൂയി (മധ്യനിര), ആർ.ലാൽത്തൻമാവിയ, കെ.പി.രാഹുൽ, ഇഷാൻ പണ്ഡിത, ക്വാമെ പെപ്ര, ജെസുസ് ഹിമിനെ (മുന്നേറ്റ നിര).