സോഷ്യൽ മീഡിയയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 100 കോടി ഫോളോവേഴ്സ്; ക്രിസ്റ്റ്യാനോ സാമ്രാജ്യം!
Mail This Article
ലിസ്ബൺ ∙ ബില്യൻ ആരാധകരുമായി സമൂഹമാധ്യമങ്ങളിലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ‘സാമ്രാജ്യം’ പുതിയ ചരിത്രം കുറിച്ചു. എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളിലുമായി 100 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടമാണ് സൂപ്പർതാരത്തിനു സ്വന്തമായത്.
‘100 കോടി സ്വപ്നങ്ങൾ, ഒരു യാത്ര’ എന്ന അടിക്കുറിപ്പോടെ ക്രിസ്റ്റ്യാനോയാണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷം പുറംലോകത്തെ അറിയിച്ചത്.
900 കരിയർ ഗോളുകളുടെ റെക്കോർഡ് സ്വന്തമാക്കിയതിനു പിന്നാലെയാണ് കളത്തിനു പുറത്തുള്ള അപൂർവ നേട്ടം. പുതുതായി ആരംഭിച്ച യുട്യൂബ് ചാനലിലേക്കുള്ള സബ്സ്ക്രൈബേഴ്സിന്റെ പ്രവാഹമാണ് 100 കോടിയെന്ന ചരിത്രനേട്ടത്തിലേക്കു ക്രിസ്റ്റ്യാനോയെ അതിവേഗമെത്തിച്ചത്.
മൂന്ന് ആഴ്ച മുൻപ് ആരംഭിച്ച യുട്യൂബ് ചാനലിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 6 കോടി പിന്നിട്ടു. ഇൻസ്റ്റഗ്രാമിൽ 63.9 കോടിയും ഫെയ്സ്ബുക്കിൽ 17 കോടിയും എക്സിൽ 11.3 കോടിയുമാണ് ക്രിസ്റ്റ്യാനോയുടെ ഫോളോവേഴ്സ്.