ഡൈനാമോ സാഗ്രെബിനെ തകർത്ത് ബയൺ മ്യൂണിക്ക് (9-2), റയൽ മഡ്രിഡിനും വിജയം
Mail This Article
മ്യൂണിക്ക്∙ യുവേഫ ചാംപ്യൻസ് ലീഗിൽ ജർമൻ ക്ലബ്ബ് ബയണ്‍ മ്യൂണിക്കിനു വമ്പൻ വിജയം. ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രെബിനെ 9–2 എന്ന സ്കോറിനാണ് ബയൺ തകർത്തുവിട്ടത്. ഇംഗ്ലിഷ് താരം ഹാരി കെയ്ൻ ബയണിനായി നാലു ഗോളുകൾ നേടി. 19,57,73,78 മിനിറ്റുകളിലായിരുന്നു ഹാരി കെയ്ന്റെ ഗോളുകൾ. ഇതിൽ മൂന്നും പെനാൽറ്റി ഗോളുകളായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
റാഫേൽ ഗറോറോ (33), മിച്ചേൽ ഒലിസ് (38,61), ലെറോയ് സാനെ (85), ലിയോൺ ഗൊരെറ്റ്സ്ക (90+2) എന്നിവരാണ് ബയണിന്റെ മറ്റു ഗോൾ സ്കോറര്‍മാർ. ബ്രൂണോ പെറ്റ്കോവിച്ചും താകുയ ഒഗിവാരയും ഡൈനാമോ സാഗ്രെബിനായി ആശ്വാസ ഗോളുകൾ കണ്ടെത്തി.
മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് വിഎഫ്ബി സ്റ്റുഗാർട്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോൽപിച്ചു. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപെ (46), അന്റോണിയോ റൂഡിഗർ (83), എന്‍ഡ്രിക് (90+5) എന്നിവരാണ് റയലിന്റെ ഗോൾ സ്കോറർമാര്‍. ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ ഇറ്റാലിയൻ ടീം എസി മിലാനെതിരെ 3–1ന്റെ വിജയം സ്വന്തമാക്കി. പിഎസ്‍വിക്കെതിരെ യുവന്റസും 3–1ന് വിജയിച്ചു.