കാലിക്കറ്റിന്റെ ഗോളിന് രണ്ടാം പകുതിയിൽ മറുപടി, ഫോഴ്സ കൊച്ചി എഫ്സിക്ക് വീണ്ടും സമനില (1–1)
Mail This Article
കോഴിക്കോട്∙ സൂപ്പർ ലീഗ് കേരള ഫുട്ബോളില്‍ ഫോഴ്സ കൊച്ചി എഫ്സിക്ക് രണ്ടാം സമനില. കാലിക്കറ്റ് എഫ്സിക്കെതിരായ പോരാട്ടത്തിൽ, ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. 42–ാം മിനിറ്റിൽ ഗനി അഹമ്മദ് നിഗം കാലിക്കറ്റിനെ മുന്നിലെത്തിച്ചപ്പോൾ, 75–ാം മിനിറ്റിൽ ഗുബോ സെഫേലോ സിയാൻഡെയിലൂടെ ഫോഴ്സ കൊച്ചി ഗോൾ മടക്കി.
ആദ്യ പകുതിയുടെ തുടക്കത്തിൽ ഫോഴ്സ കൊച്ചിക്കായിരുന്നു ആക്രമണത്തിൽ മുൻതൂക്കമെങ്കിലും വൈകാതെതന്നെ ഹോം ഗ്രൗണ്ടിൽ കാലിക്കറ്റ് മത്സരത്തിൽ തിരിച്ചെത്തി. ആദ്യ പകുതിയിൽ നേടിയ ഗോളിന്റെ പിൻബലത്തിൽ രണ്ടാം പകുതിയിൽ കാലിക്കറ്റ് എഫ്സി കൊച്ചിക്കെതിരെ ആക്രമണം തുടർന്നു. എന്നാൽ രണ്ടാം പകുതിയിലെ രണ്ടു മാറ്റങ്ങൾ കൊച്ചിക്ക് തുടർന്നുള്ള നിമിഷങ്ങളിൽ ഊർജമായി. മിഡ്ഫീൽഡർ കമൽ പ്രീത് സിങ്ങിനെയും, ദക്ഷിണാഫ്രിക്കൻ മുന്നേറ്റതാരം സിയാൻഡെയെയുമാണ് കൊച്ചി പരിശീലകൻ തന്റെ തന്ത്രങ്ങളുമായി കളത്തിൽ ഇറക്കിയത്.
കളത്തിൽ ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സിയാൻഡെ സൂപ്പർ ലീഗ് കേരളയിൽ ആദ്യ ഗോൾ നേടി തന്റെ വരവറിയിച്ചു. വിജയത്തിനായി കൊച്ചി വീണ്ടും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കാലിക്കറ്റ് എഫ്സി തങ്ങളുടെ ഹോം ഗ്രൗണ്ടിൽ തോൽവി വഴങ്ങാതെ പിടിച്ചുനിന്നു. സിയാൻഡെയാണു കളിയിലെ താരം.