സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ വീണ്ടും സമനിലപ്പൂട്ട്; ഗോൾരഹിത സമനില വഴങ്ങി മലപ്പുറവും തൃശൂരും
Mail This Article
മഞ്ചേരി (മലപ്പുറം) ∙ കളംനിറഞ്ഞു കളിച്ചെങ്കിലും തൃശൂർ മാജിക് എഫ്സിയുടെ പ്രതിരോധപ്പൂട്ടിൽ മലപ്പുറം എഫ്സി കുടുങ്ങിയതോടെ സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരം ഗോൾരഹിത സമനിലയായി (0–0). മൂന്നു കളികളിൽ ഒരു പോയിന്റെങ്കിലും നേടാനായതിന്റെ സന്തോഷം തൃശൂരിന്.
പയ്യനാട്ടെ ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്കു മുന്നിൽ ഒരു ജയം പോലും നേടാനാകാത്തതിന്റെ സങ്കടം മലപ്പുറത്തിന്. ഒരു ഗോൾ പോലും കാണാനാകാത്തതിന്റെ വിഷമം കാണികൾക്കും. മത്സരത്തിന്റെ ആദ്യാവസാനം കളം നിയന്ത്രിച്ചതും മനോഹരമായ പാസിങ്ങിലൂടെ കളി മെനഞ്ഞതും മലപ്പുറമായിരുന്നു.
വീണുകിട്ടിയ അവസരങ്ങളിലെ ഒറ്റപ്പെട്ട ആക്രമണമായിരുന്നു തൃശൂരിന്റെ ശൈലി. 41–ാം മിനിറ്റിൽ മലപ്പുറം എഫ്സിയുടെ വി.ബുജൈറിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതും 72–ാം മിനിറ്റിൽ തൃശൂർ മാജിക് എഫ്സിയുടെ വൈ.ഡാനിയുടെ ഹെഡർ പാഴായതുമൊഴിച്ചാൽ ആക്രമണ സൗന്ദര്യത്തിന്റെ കാര്യത്തിൽ നിരാശാജനകമായിരുന്നു മത്സരം. ഇന്നു വൈകിട്ട് 7.30ന് തിരുവനന്തപുരത്ത് കണ്ണൂർ – തിരുവനന്തപുരം മത്സരം നടക്കും.