മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ആർസനൽ; ലാലിഗയിൽ ബാർസയ്ക്കും റയലിനും തകർപ്പൻ ജയം
Mail This Article
മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനലിനെതിരെ അവസാനനിമിഷം സമനില നേടിയെടുത്ത് മാഞ്ചസ്റ്റർ സിറ്റി (2–2). ഇൻജറി ടൈമിൽ (90+8) ജോൺ സ്റ്റോൺസ് നേടിയ ഗോളാണ് സിറ്റിയെ രക്ഷിച്ചത്. 9–ാം മിനിറ്റിൽ എർലിങ് ഹാളണ്ട് നേടിയ ഗോളിൽ സ്വന്തം മൈതാനത്ത് സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. സിറ്റിക്കു വേണ്ടി നോർവേ താരത്തിന്റെ 100–ാം ഗോളായിരുന്നു ഇത്.
റിക്കാർഡോ കലഫിയോറി (22–ാം മിനിറ്റ്), ഗബ്രിയേൽ (45+1) എന്നിവരുടെ ഗോളിൽ ആർസനൽ തിരിച്ചടിച്ചു. ചുവപ്പുകാർഡ് കണ്ട് ലിയാൻഡ്രോ ട്രൊസാർഡ് ആദ്യ പകുതിയിൽ പുറത്തായതിനു ശേഷം പൊരുതി നിന്ന ആർസനലിനു പക്ഷേ അവസാനനിമിഷം വിജയം കൈവിട്ടു. മറ്റൊരു മത്സരത്തിൽ ബ്രൈട്ടണും നോട്ടിങ്ങാം ഫോറസ്റ്റും രണ്ടു ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
∙ ബാർസയ്ക്കും റയലിനും ജയം
സ്പാനിഷ് ലീഗിൽ ഗോളടിമേളം തീർത്ത് വമ്പൻമാരായ റയൽ മഡ്രിഡും ബാർസിലോനയും മുന്നേറ്റം തുടരുന്നു. എസ്പാന്യോളിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റയലിന്റെ വിജയം. ബാർസ വിയ്യാ റയലിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കും തോൽപ്പിച്ചു. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 54–ാം മിനിറ്റിൽ ഗോൾകീപ്പർ തിബോ കുർട്ടോയുടെ സെൽഫ് ഗോളിൽ പിന്നിലായിപ്പോയ റയൽ, പിന്നീട് നാലു ഗോൾ തിരിച്ചടിച്ചാണ് ജയിച്ചുകയറിയത്. ഡാനി കാർവഹാൾ (58–ാം മിനിറ്റ്), റോഡ്രിഗോ (75), വിനീസ്യൂസ് ജൂനിയർ (78), കിലിയൻ എംബപ്പെ (90, പെനൽറ്റി) എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്.
വിയ്യാ റയലിനെതിരെ റോബർട്ടോ ലെവൻഡോവിസ്കി, റാഫീഞ്ഞ എന്നിവരുടെ ഇരട്ട ഗോളുകളാണ് ബാർസയ്ക്ക് വൻ വിജയമൊരുക്കിയത്. 20, 35 മിനിറ്റുകളിൽ ലെവൻഡോവിസ്കിയും 74, 83 മിനിറ്റുകളിൽ റാഫീഞ്ഞയും ഇരട്ട ഗോൾ നേടി. ശേഷിക്കുന്ന ഗോൾ 58–ാം മിനിറ്റിൽ പാബ്ലോ ടോറെ നേടി. വിയ്യാ റയലിന്റെ ആശ്വാസഗോൾ 38–ാം മിനിറ്റിൽ ആയോസെ പെരെസ് നേടി.
മറ്റു മത്സരങ്ങളിൽ അത്‍ലറ്റിക് ക്ലബ് സെൽറ്റ വിഗോയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ, അത‌്‌ലറ്റിക്കോ മഡ്രിഡും റയോ വല്ലേക്കാനോയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. തുടർച്ചയായ ആറാം ജയത്തോടെ 18 പോയിന്റുമായി ബാർസിലോന ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. ആറു കളികളിൽനിന്ന് നാലാം ജയം കുറിച്ച റയൽ 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഏഴു കളികളിൽനിന്ന് നാലാം ജയം കുറിച്ച അത്‍ലറ്റിക് ക്ലബാണ് 13 പോയിന്റുമായി മൂന്നാമത്. സീസണിലെ മൂന്നാം സമനില വഴങ്ങിയ അത്‌ലറ്റിക്കോ മഡ്രിഡ് 12 പോയിന്റുമായി നാലാമതാണ്.