മലപ്പുറത്തിന്റെ തട്ടകത്തിൽ വിജയക്കൊടി പാറിച്ച് കണ്ണൂർ വോറിയേഴ്സ്; 2–1ന്റെ ആവേശ ജയത്തോടെ ഒന്നാം സ്ഥാനത്ത്
Mail This Article
മഞ്ചേരി∙ സൂപ്പർ ലീഗ് കേരളയിൽ പയ്യനാട് സ്റ്റേഡിയത്തിലെ സ്വന്തം കാണികൾക്കു മുന്നിൽ ഒരു വിജയത്തിനായുള്ള മലപ്പുറം എഫ്‍സിയുടെ കാത്തിരിപ്പ് നീളുന്നു; ഒപ്പം തോൽവിയറിയാതെ കണ്ണൂർ വോറിയേഴ്സിന്റെ അജയ്യ മുന്നേറ്റം തുടരുന്നു. ഇന്നു നടന്ന ആവേശപ്പോരാട്ടത്തിൽ മലപ്പുറം എഫ്‍സിയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി കണ്ണൂർ രണ്ടാം വിജയം കുറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കണ്ണൂരിന്റെ വിജയം. വിജയത്തോടെ നാലു കളികളിൽനിന്ന് എട്ടു പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്തെത്തി. അത്ര തന്നെ കളികളിൽനിന്ന് ഓരോ ജയവും സമനിലയും സഹിതം നാലു പോയിന്റുമായി നാലാം സ്ഥാനത്താണ് മലപ്പുറം.
മത്സരത്തിന്റെ ആദ്യപകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. അഡ്രിയാൻ സാർദിനെറോ (14–ാം മിനിറ്റ്), ആസിയർ ഗോമസ് (31–ാം മിനിറ്റ്) എന്നിവരാണ് കണ്ണൂരിനായി ലക്ഷ്യം കണ്ടത്. മലപ്പുറത്തിന്റെ ആശ്വാസ ഗോൾ 41–ാം മിനിറ്റിൽ ഫസ്‌ലു നേടി. രണ്ടാംപുകുതി പൂർണനിയന്ത്രണത്തിലാക്കിയത് മലപ്പുറം എഫ്സിയായിരുന്നെങ്കിലും ഗോൾ നേടാനാകാതെ പോയതു നിർഭാഗ്യം കൊണ്ടുമാത്രം. 12,212 പേരാണ് കണ്ണൂർ– മലപ്പുറം പോരാട്ടം കാണാൻ ഇന്നലെ പയ്യനാട് സ്റ്റേഡിയത്തിലെത്തിയത്.
തുടക്കംമുതൽ ആക്രമണം കണ്ണൂരിന്റെ കാലുകളിലായിരുന്നു. അതിനു ഫലവുമുണ്ടായി. മലപ്പുറത്തിന്റെ ബോക്സിനകത്ത് നിന്നിരുന്ന കണ്ണൂർ ക്യാപ്റ്റൻ സാർഡിനെറോയുടെ കാലുകളിൽ പന്തെത്തുമ്പോൾ മത്സരം തുടങ്ങി പതിനാലു മിനിറ്റേ ആയിരുന്നുള്ളൂ. ആദ്യ ടച്ച് ഗോൾ കീപ്പർ ടെൻസിൻ സാംദൂപിന്റെ ദേഹത്തുതട്ടിത്തെറിച്ചു. റീബൗണ്ടിൽ പിഴച്ചില്ല. കണ്ണൂരിന്റെ ആദ്യ ഗോൾ പിറന്നു.
രണ്ടാംഗോളിലേക്കും അധികസമയമെടുത്തില്ല. സ്വന്തം പകുതിയിൽ മലപ്പുറത്തിന്റെ താരമെറിഞ്ഞ ത്രോ കിട്ടിയത് കണ്ണൂർതാരം മുഹമ്മദ് റിഷാദ് ഗഫൂറിന്റെ കാലുകളിൽ. അദ്ദേഹം നീട്ടിനൽകിയ ത്രൂപാസ് പത്താം നമ്പർതാരം ഐസ്യർ ഗോമസ് ആൽവാരസ് 31–ാം മിനിറ്റിൽ കണ്ണൂരിന്റെ രണ്ടാം ഗോളാക്കിമാറ്റി.
എണ്ണം പറഞ്ഞൊരു ഗോളിലൂടെയാണ് ആദ്യ പകുതിയിൽ മലപ്പുറം കണ്ണൂരിന്റെ ലീഡ് ഒന്നാക്കി കുറച്ചത്. ഇടതുവിങ്ങിൽ ഫസലുറഹ്മാന്റെ കാലിൽ പന്തു കിട്ടുമ്പോൾ ഒരു ക്രോസിൽ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ബോക്സിനു തൊട്ടു മുൻപിൽനിന്നുള്ള വലങ്കാലനടി കണ്ണൂരിന്റെ വലതുമൂലയിലേക്കു പറന്നിറങ്ങി. കണ്ണൂരിന്റെ പോസ്റ്റ് വരെ കയ്യടിച്ചു പോയെന്നു പറയാം. ആത്മവിശ്വാസം തകർന്ന നിലയിലായിരുന്ന മലപ്പുറം എഫ്സിക്ക് ഈ ഗോൾ നൽകിയ ആവേശം ചില്ലറയല്ല. രണ്ടാം പകുതിയിൽ പൂർണ ആധിപത്യം പുലർത്തിയെങ്കിലും ലക്ഷ്യം പിഴച്ചത് തിരിച്ചടിയായി.