മാനത്തൊരു താരഘോഷം, ഗുവാഹത്തിയിലേക്ക് പുറപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഒരു യാത്ര
Mail This Article
കൊച്ചി വിമാനത്താവളത്തിലെ പുസ്തകക്കടയിൽനിന്ന് കൈനിറയെ ബുക്കുകൾ വാങ്ങിച്ചുകൂട്ടുന്ന ഒരാൾക്കൊപ്പം സെൽഫി എടുക്കാൻ മറ്റു യാത്രക്കാർ കാത്തുനിൽക്കുന്നു. ഹൂഡി ജാക്കറ്റിൽ തല വരെ മൂടി അധികമാർക്കും മുഖം കൊടുക്കാതെ നിൽക്കുന്നയാൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം കെ.പി.രാഹുൽ. ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിന് അടുത്തത് 2 എവേ മത്സരങ്ങളാണ്. സീസണിലെ ആദ്യ എവേ പോരാട്ടം നാളെ ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ. തൊട്ടടുത്ത മത്സരം ഒക്ടോബർ മൂന്നിനു ഭുവനേശ്വറിൽ ഒഡീഷ എഫ്സിക്കെതിരെ. എവേ ഗ്രൗണ്ടുകളിലേക്കുള്ള വിമാന യാത്രകളിൽ ബോറടിക്കാതിരിക്കാൻ രാഹുലിന്റെ വഴിയാണത്രേ പുസ്തക വായന.
‘മൊബൈൽ ഫോണിൽ റീൽസ് കാണൽ പരിപാടി എനിക്കില്ല. സമയം വേസ്റ്റാകുന്നതു നമ്മൾ തന്നെ അറിയില്ലല്ലോ’– പുസ്തക പ്രേമിയായ രാഹുൽ സംസാരിച്ചു തുടങ്ങി. ‘ജയിംസ് ക്ലിയർ എഴുതിയ ആറ്റമിക് ഹാബിറ്റ്സാണ് ഒടുവിൽ വായിച്ച പുസ്തകം. ചീത്ത ശീലങ്ങളെ ഒഴിവാക്കാനും നല്ല ശീലങ്ങളുള്ള മനുഷ്യനാകാനും മാത്രമല്ല, നല്ലൊരു അത്‌ലീറ്റാകാനും സഹായിക്കുന്ന പുസ്തകം’. –ബാഗിലുള്ള പുസ്തകം ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു.
ലൂണ ഒകെയാണ്
കൊച്ചിയിൽനിന്ന് ചെന്നൈ വഴിയായിരുന്നു ടീമിന്റെ ഗുവാഹത്തി യാത്ര. സീസണിൽ ബ്ലാസ്റ്റേഴ്സ് ഫുൾ ടീം ഒന്നിച്ചുള്ള ആദ്യ യാത്രയുമാണിത്. കോച്ച് മികായേൽ സ്റ്റാറെയും സപ്പോർട്ടിങ് സ്റ്റാഫും വിമാനത്താവളത്തിലെ ഒരു കഫേയിൽ ഗൗരവമുള്ള ചർച്ചയിലാണ്. പനി മാറിയെങ്കിലും ക്ഷീണം മാറാത്ത മുഖഭാവത്തോടെ അഡ്രിയൻ ലൂണയും അരികിലുണ്ട്. ഗുവാഹത്തിയിൽ കളിക്കാനിറങ്ങുമോയെന്നു ചോദിച്ചപ്പോൾ ലൂണയുടെ മുഖത്തൊരു ചിരി. ഞാൻ ഓകെയാണ്. ബാക്കി കോച്ച് തീരുമാനിക്കട്ടെ എന്നായിരുന്നു മറുപടി. ടീമിലെ പുതിയ വിദേശ താരങ്ങളായ നോവ സദൂയിക്കും ഹെസൂസ് ഹിമെനെയ്ക്കും ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ‘റീച്ച്’ പിടികിട്ടിയിട്ടില്ല. കാരണം, ആരാധകർ അടുത്തു കൂടുമ്പോഴുള്ള പകപ്പ് അവരുടെ മുഖത്തു വ്യക്തം.
നോറയ്ക്ക് വേണം, വിൻഡോ സീറ്റ്
‘ഹലോ ബ്രോ, ദിസ് ഈസ് മൈ സീറ്റ് ബ്രോ, വൈ ദിസ് ബ്രോ.. കമോൺ ബ്രോ... ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ സീറ്റിൽ ഇരുപ്പുറപ്പിച്ച ഗോവക്കാരൻ ഗോളി നോറ ഫെർണാണ്ടസിനെ എഴുന്നേൽപിക്കാനുള്ള പരിശ്രമത്തിലാണ് നോവ സദൂയി. മൊറോക്കയിൽ നിന്ന് കേരളത്തിലേക്കുവന്ന ശേഷം നോവ ആദ്യം പഠിച്ച വാക്കാണ് ബ്രോ. എല്ലാ ഇന്ത്യക്കാരും തന്റെ സഹോദരങ്ങളാണെന്നുറപ്പിച്ച് നോവ എല്ലാവരെയും ബ്രോയെന്നാണു വിളിക്കുന്നതത്രേ.
മുൻ കോച്ച് ഇവാൻ വുക്കോമനോവിച്ചും പുതിയ പരിശീലകൻ സ്റ്റാറെയും തമ്മിലുള്ള വ്യത്യാസം വിമാനത്തിൽ കയറിവന്നപ്പോൾ എല്ലാവർക്കും മനസ്സിലായി. എൽപി ക്ലാസിലേക്കു ചൂരലും പിന്നിൽ പിടിച്ചു വരുന്ന ഹെഡ്മാസ്റ്ററുടെ മുഖഭാവം. കോച്ചിനെ കണ്ടതും വിമാനത്തിനുള്ളിൽ സ്വിച്ചിട്ട നിശ്ശബ്ദത.
ഫുഡ്കോർട്ടിലെ മനപ്പൊരുത്തം
ചെന്നൈയിൽ 2 മണിക്കൂർ ഇടവേളയ്ക്കു ശേഷമായിരുന്നു ടീമിന്റെ ഗുവാഹത്തി യാത്ര. ചെന്നൈ വിമാനത്താവളത്തിന്റെ ഫുഡ്കോർട്ടിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കൊപ്പം ചിത്രമെടുക്കാൻ ആൾത്തിരക്ക്. അഡ്രിയൻ ലൂണ, മിലോസ് ഡ്രിൻസിച്ച്, ക്വാമെ പെപ്ര, നോവ സദൂയി, ഹെസൂസ് ഹിമെനെ, അലക്സാന്ദ്രേ കോയെഫ് എന്നിവർ ഒന്നിച്ചാണ് എല്ലായിടത്തും. ഫുഡ്കോർട്ടിൽ തുടങ്ങുന്ന ഈ മനപ്പൊരുത്തം ഫുട്ബോളിലും കാണാം.
ചെന്നൈ എയർ പോർട്ടിലിരിക്കുമ്പോൾ പുറത്തു മഴ പെയ്യുന്നതു കണ്ട ടീമിന്റെ ഒന്നാം നമ്പർ ഗോളി സച്ചിൻ സുരേഷ് പറഞ്ഞു. ചെന്നൈയിൽ വരെ മഴ പെയ്യുന്നു. പക്ഷേ, ഗുവാഹത്തിയിൽ നല്ല ചൂടാണ്. നമുക്ക് ഇതൊക്കെ എന്ത്? ബ്ലാസ്റ്റേഴ്സിനോടോ കളി? കേരളത്തിലെ തീയിൽ കുരുത്ത ടീമുണ്ടോ ഗുവാഹത്തിയിലെ ചൂടിൽ വാടാൻ പോകുന്നു!!!