കണ്ണൂർ വാരിയേഴ്സിന് അവസാന നിമിഷം കാലിക്കറ്റിന്റെ മറുപടി; സൂപ്പർ പോരാട്ടം സമനിലയില് (1–1)
Mail This Article
കോഴിക്കോട്∙ സൂപ്പർ ലീഗ് കേരള പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സും കാലിക്കറ്റ് എഫ്സിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സ്പാനിഷ് താരം അഡ്രിയാൻ സെർദിനേറോ കണ്ണൂർ ടീമിനായും പകരക്കാരൻ പി.എം. ബ്രിട്ടോ കാലിക്കറ്റ് ടീമിനായും സ്കോർ ചെയ്തു. മത്സരത്തിന്റെ മുഴുവൻ ഗെയിറ്റ് കളക്ഷനും ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് സഹായധനമായി നൽകുമെന്നു സംഘാടകർ അറിയിച്ചു.
അബ്ദുൽ ഹക്കുവിന്റെ നേതൃത്വത്തിൽ താഹിർ സമാൻ - ബെൽഫോർട്ട് - ഗനി നിഗം എന്നിവരെ ആക്രമണ ചുമതല ഏൽപ്പിച്ചാണ് കാലിക്കറ്റ് ഇറങ്ങിയത്. സ്പാനിഷ് നായകൻ അഡ്രിയാൻ സെർദിനേറോക്ക് കീഴിൽ കണ്ണൂരും ബൂട്ടുകെട്ടി. എട്ടാം മിനിറ്റിൽ കാലിക്കറ്റിന്റെ യുവതാരം റിയാസിന് നല്ലൊരവസരം കൈവന്നെങ്കിലും ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഇരുപത്തിയാറാം മിനിറ്റിൽ കണ്ണൂരിന്റെ ഫ്രീകിക്ക് കാലിക്കറ്റ് ഗോളി വിശാൽ രക്ഷപ്പെടുത്തി. ഫിനിഷിങ്ങിലെ കൃത്യതയില്ലായ്മ ആദ്യപകുതിയെ ഗോൾ രഹിതമാക്കി.
രണ്ടാം പകുതിയിൽ ബ്രിട്ടോ, അഭിറാം എന്നിവരെ കൊണ്ടുവന്ന് കാലിക്കറ്റ് മുന്നേറ്റം കൂടുതൽ ശക്തമാക്കി. എന്നാൽ ഗോളടിച്ചത് കണ്ണൂരായിരുന്നു. അറുപതാം മിനിറ്റിൽ എസിയർ ഗോമസ് നൽകിയ പന്തിൽ സ്പാനിഷ് താരം അഡ്രിയാൻ സെർദിനേറോയുടെ ക്ലിനിക്കൽ ഫിനിഷിങ് ലക്ഷ്യം കണ്ടു. എഴുപത്തിയൊന്നാം മിനിറ്റിൽ കൂട്ടപ്പൊരിച്ചിലിനിടെ ലഭിച്ച പന്ത് ഗനി കണ്ണൂർ പോസ്റ്റിലേക്ക് ലക്ഷ്യമിട്ടെങ്കിലും ഗോൾ കീപ്പർ അജ്മൽ രക്ഷകനായി. എന്നാൽ ഇഞ്ചുറി ടൈമിൽ മൂന്ന് കണ്ണൂർ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബ്രിട്ടോ തൊടുത്ത ഷോട്ട് കണ്ണൂർ വലയിലെത്തി, സ്കോർ 1-1.
ലീഗ് ടേബിളിൽ അഞ്ചു കളികളിൽ 9 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്താണ്. ഇത്രയും കളികളിൽ 7 പോയിന്റുള്ള കാലിക്കറ്റ് രണ്ടാംസ്ഥാനത്തു തുടരുന്നു. ലീഗിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കളിയില്ല. ചൊവ്വാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സി ഫോഴ്സ കൊച്ചിയെ നേരിടും.