കൊമ്പനെ വീഴ്ത്തി കൊച്ചി, രണ്ടാം പകുതിയിൽ ഇരട്ട പ്രഹരം
Mail This Article
കൊച്ചി ∙ ആദ്യ പകുതിയിൽ മദിച്ചു കയറിയ തിരുവനന്തപുരം കൊമ്പൻസിനെ ഫോഴ്സ കൊച്ചി മുട്ടുകുത്തിച്ചതു രണ്ടാം പകുതിയിലെ ഇരട്ട പ്രഹരത്തിൽ. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച കൊച്ചിക്കു സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) ആദ്യ ജയം. കൊച്ചിക്കായി കുമാർ പാസ്വാൻ രാഹുലും (62) ബ്രസീലിയൻ താരം ഡോറിയെൽറ്റനും (76) ഗോൾ കണ്ടെത്തിയപ്പോൾ കൊമ്പൻസിന്റെ ഏക ഗോൾ മാർക്കോസ് വിൽഡറുടെ (40) ബൂട്ടിൽ നിന്ന്. പോയിന്റ് പട്ടികയിൽ കൊച്ചി നാലാം സ്ഥാനത്തേക്കു കയറിയപ്പോൾ കൊമ്പൻസ് മൂന്നാം സ്ഥാനത്ത് തുടരുന്നു.
തുടക്കം കൊമ്പൻസ്
23 –ാം മിനിറ്റിൽ വലതു വിങ്ങിലൂടെ ഒറ്റയ്ക്കു പാഞ്ഞു കയറിയ കൊമ്പൻസ് താരം മുഹമ്മദ് അഷർ 2 പ്രതിരോധക്കാർക്കിടയിലൂടെ തൊടുത്ത ഷോട്ട് ക്രോസ് ബാറിനെ തൊട്ടുരുമ്മി പുറത്തേക്ക്. 38 –ാം മിനിറ്റിൽ കൊച്ചി ബോക്സിനകത്തേക്കു യു.ഗണേശൻ നൽകിയ ക്രോസിൽ ഷോട്ട് ഉതിർക്കാൻ ബ്രസീലിയൻ ഫോർവേഡ് മാർക്കോസ് വിൽഡർക്കു കഴിഞ്ഞില്ല. എന്നാൽ, രണ്ടു മിനിറ്റിനകം വിൽഡർ ലക്ഷ്യം കണ്ടു. ഡാവി കുൻ എടുത്ത കോർണർ വിൽഡറിന്റെ തലപ്പാകത്തിൽ. ഹെഡർ ഗോളിൽ കൊമ്പൻസ് മുന്നിൽ (1–0).
ഒടുവിൽ, കൊച്ചി
രണ്ടാം പകുതിയിൽ ആക്രമണത്തിനു മൂർച്ചയേറ്റി കൊച്ചി കുമാർ പാസ്വാൻ രാഹുലിനെയും ദസീരി ഒമ്രാനെയും കളത്തിലിറക്കി. 59 –ാം മിനിറ്റിൽ കളത്തിലിറങ്ങിയ രാഹുൽ 3 മിനിറ്റിനകം കൊച്ചിക്കു സമനില നേടിക്കൊടുത്തു. ബോക്സിൽ ബ്രസീലിയൻ ഫോർവേഡ് ഡോറിയെൽറ്റന്റെ ക്രോസിൽ രാഹുൽ തൊടുത്ത ഗ്രൗണ്ടർ കൊമ്പൻസ് പോസ്റ്റിലേക്ക്. 76 –ാം മിനിറ്റിൽ വലതു വിങ്ങിൽ നിന്നു നിജോയുടെ കിടിലൻ ക്രോസ്. ഡോറിയെൽറ്റന്റെ ഫസ്റ്റ് ടൈം വലംകാൽ ചിപ് ഷോട്ട് കൊമ്പൻസ് വലയിലേക്ക് (2–1).