ഗോൾ പാമർ!: കോൾ പാമർക്ക് 4 ഗോൾ, ബ്രൈട്ടനെ വീഴ്ത്തി ചെൽസി (4–2)
Mail This Article
ലണ്ടൻ ∙ ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾ നേടിയ കോൾ പാമറുടെ മികവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ബ്രൈട്ടനെതിരെ ചെൽസിക്ക് ജയം (4–2). ഉജ്വലമായ ഒരു ലോങ് റേഞ്ച് ഫ്രീകിക്കും ഒരു പെനൽറ്റി കിക്കും ഉൾപ്പെടെയാണ് പാമറുടെ ഗോൾ നേട്ടം. 21,28,31,41 മിനിറ്റുകളിൽ ഗോൾ നേടിയ പാമർ പ്രിമിയർ ലീഗ് ചരിത്രത്തിൽ ഒരു മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾ നേടുന്ന ആദ്യ താരമായി. 7–ാം മിനിറ്റിൽ ജോർജിനിയോ റുട്ടറുടെ ഗോളിൽ ബ്രൈട്ടൻ മുന്നിലെത്തിയ ശേഷമായിരുന്നു ചെൽസിയുടെ തിരിച്ചടി. 34–ാം മിനിറ്റിൽ ക്വാമ ബലേബ ബ്രൈട്ടന്റെ രണ്ടാം ഗോൾ നേടി.
സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിനെ ഗോളടിക്കാതെ പിടിച്ചു കെട്ടിയ ന്യൂകാസിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 1–1 സമനില നേടി. 35–ാം മിനിറ്റിൽ ഹോസ്കോ ഗവാർഡിയോൾ സിറ്റിയെ മുന്നിലെത്തിച്ചെങ്കിലും 58–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ആന്തണി ഗോർഡൻ ന്യൂകാസിലിനു സമനില സമ്മാനിച്ചു. ലെസ്റ്റർ സിറ്റിയെ 4–2നു തോൽപിച്ച ആർസനൽ പോയിന്റ് പട്ടികയിൽ സിറ്റിക്ക് ഒപ്പമെത്തി. ഇരു ടീമിനും 6 കളികളിൽ 14 പോയിന്റ്.