വടക്കുകിഴക്കൻ മലയാളി ഗാഥ; നോർത്ത് ഈസ്റ്റ് യുണൈറ്റഡിലെ മലയാളി താരങ്ങളുടെ വിശേഷങ്ങൾ
Mail This Article
ഗുവാഹത്തി ∙ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിനു സമീപത്തെ ഗ്രൗണ്ടിൽ രാവിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലനം നടക്കുന്നു. ഗ്രൗണ്ടിന്റെ അങ്ങേപ്പുറത്ത് മലയാളി താരം എം.എസ്. ജിതിൻ. എന്താ സുഖമല്ലേ എന്ന അൽപം ഉച്ചത്തിലുള്ള മലയാളിച്ചോദ്യത്തിന് നോർത്ത് ഈസ്റ്റ് ടീമിലുള്ള 3 മലയാളികളും മറുപടി പറഞ്ഞു– അതേ, സുഖം തന്നെ! തൃശൂരുകാരൻ ജിതിനു പുറമേ ഗോൾകീപ്പർ കാസർകോട് നീലേശ്വരം സ്വദേശി മിർഷാദ് മിച്ചു, മലപ്പുറം വളാഞ്ചേരിക്കാരൻ ഷിഗിൽ ഷാജി എന്നിവരാണു ടീമംഗങ്ങൾ. ആറു വർഷമായി നോർത്ത് ഈസ്റ്റ് ടീമിന്റെ മാനേജരായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷഹ്സാദും അത്രയും കാലം തന്നെ എക്സ്പീരിയൻസുള്ള സ്പോർട്സ് തെറപ്പിസ്റ്റ് കാസർകോട് ചിറ്റാരിക്കൽ സ്വദേശി റോബിൻ മാത്യുവും കൂടിയാകുമ്പോൾ ഹൈലാൻഡേഴ്സിന്റെ മലയാളി ബ്രിഗേഡ് പൂർണം.
‘ഞങ്ങളെല്ലാവരും ഒന്നിച്ച് ഒരു അപ്പാർട്മെന്റിലാണു താമസം. അതുകൊണ്ട്, ഒരു കുടുംബം പോലെയല്ല, കുടുംബമായിതന്നെയാണു ജീവിതം– പ്രാക്ടീസിനു ശേഷം എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഷഹ്സാദ് പറഞ്ഞു. ജിതിനും മിർഷാദും ഷിഗിലും ഒന്നിക്കുമ്പോൾ തമാശകൾക്കും സെൽഫ് ട്രോളുകൾക്കും പഞ്ഞമില്ല. അധികം സംസാരിക്കാത്തയാളാണു ജിതിൻ. ഗോവയിലും ബംഗാളിലും കളിച്ച് 4 വർഷമായി നോർത്ത് ഈസ്റ്റിലുള്ള മിർഷാദാണ് പല വേദികളിലും ജിതിന്റെ പരിഭാഷകൻ. മിർഷാദിന്റെ പരിഭാഷ കൊണ്ടു വൈറലായ കുറെ വിഡിയോകളുണ്ടെന്നു ഷഹ്സാദ് പറയുന്നു. ‘ഇന്റർവ്യൂ ചെയ്യുന്നയാൾ ചോദിക്കുന്ന ചോദ്യമായിരിക്കില്ല ജിതിനോടു പറയുക. ജിതിൻ പറയുന്നതാവില്ല മിർഷാദ് തിരിച്ചു പരിഭാഷപ്പെടുത്തുന്നതും. രണ്ടു ഭാഷയും അറിയാവുന്നവർ കണ്ടാൽ ചിരിച്ചു മടുക്കും’
കൊൽക്കത്ത ഈസ്റ്റ് ബംഗാളിൽനിന്നാണ് മിർഷാദ് നോർത്ത് ഈസ്റ്റിലേക്കു വന്നത്. ‘സീനിയോറിറ്റി പരിഗണിച്ചാൽ എന്നെ ക്യാപ്റ്റനാക്കേണ്ടതാണ്. പക്ഷേ, എനിക്കു താൽപര്യമില്ല’– മിർഷാദിന്റെ സെൽഫ് ട്രോൾ.
കൊൽക്കത്ത സന്തോഷ് ട്രോഫിയിൽ ജേതാക്കളായ കേരള ടീമിലെ അംഗമായിരുന്നു ജിതിനെങ്കിൽ, ടീമിലെ ജൂനിയർ ഷിഗിൽ ഷാജി മഞ്ചേരിയിൽ കേരളം ചാംപ്യൻമാരായ സന്തോഷ് ട്രോഫി ടീമംഗമായിരുന്നു. കർണാടകയ്ക്കെതിരെ ഷിഗിൽ നേടിയ ഗോളിന്റെ കാര്യം ഓർമിപ്പിച്ചത് മിർഷാദാണ്. കളിയുടെ ഇടവേളയിൽ ഗുവാഹത്തി ടൗണിൽ ഔട്ടിങ്ങിനു പോകാറുണ്ടോയെന്ന ചോദ്യത്തിനു മറുപടി പറഞ്ഞതു ഷിഗിലാണ്– അവിടെ ഒരു മാളുണ്ട്. അതു തന്നെ കണ്ടു മടുത്തു!
ജൂനിയർ താരമായ പതിനഞ്ചുകാരൻ മുഹമ്മദ് സഹാൻ എന്നൊരാൾ കൂടിയുണ്ട് നോർത്ത് ഈസ്റ്റിൽ മലയാളിയായി. സീനിയർ ടീമിൽ അംഗമല്ലെങ്കിലും സഹാന്റെ താമസം അപ്പാർട്മെന്റിലാണ്. സഹാനെ കാണാൻ പറ്റുമോയെന്ന ചോദ്യത്തിന് മറുപടി പറഞ്ഞതു ഷഹ്സാദാണ്– ഇല്ല, അവൻ സ്കൂളിൽ പോയി, ഇന്നു സ്പെഷൽ ക്ലാസുണ്ട്!