ADVERTISEMENT

ഗോളവസരങ്ങൾ പലവട്ടം വാതിൽ തുറന്നുപിടിച്ചിട്ടും അകത്തേക്കു കയറാൻ മടിച്ചു നിന്ന കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ ഫുട്ബോളിൽ ഈ സീസണിലെ ആദ്യ എവേ മത്സരത്തിൽ സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 1–1 എന്ന സ്കോറിലാണ് ബ്ലാസ്റ്റേഴ്സ് സമനിലയിൽ പിരിഞ്ഞത്. 7 മിനിറ്റ് ഇൻജറി ടൈം ഉൾപ്പെടെ മത്സരത്തിന്റെ അവസാന 17 മിനിറ്റ് പത്തു പേരായി ചുരുങ്ങിയിട്ടും നോർത്ത് ഈസ്റ്റിനെ തോൽക്കാതെ കാത്തത് ബ്ലാസ്റ്റേഴ്സിന്റെ ഗോളടിയിലെ പാളിച്ച ഒന്നുമാത്രം. 

ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ, 58–ാം മിനിറ്റിൽ മൊറോക്കൻ താരം അലാഡിൻ അജാരി നേടിയ ഗോളിൽ ലീഡെടുത്ത നോർത്ത് ഈസ്റ്റിനെതിരെ 67–ാം മിനിറ്റിൽ മൊറോക്കക്കാരൻ തന്നെയായ നോവ സദൂയിയിലൂടെ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. 

കളിയുടെ അന്ത്യനിമിഷങ്ങളിലടക്കം ലഭിച്ച അനേകം ഗോൾ അവസരങ്ങൾ ലക്ഷ്യം കാണാതെ പോയതാണു ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത്. നോവ സദൂയി, ഹെസൂസ് ഹിമെനെ, കെ.പി.രാഹുൽ, ക്വാമെ പെപ്ര, മുഹമ്മദ് അയ്മൻ എന്നിവരെല്ലാം നോർത്ത് ഈസ്റ്റിന്റെ ഗോൾമുഖം വരെ പന്തുമായെത്തിയെങ്കിലും ദൗർഭാഗ്യത്താൽ മാത്രം ഗോൾ അകന്നുനിന്നു. 

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഒക്ടോബർ 3ന് ഭുവനേശ്വറിൽ ഒഡീഷ എഫ്സിക്കെതിരെയാണ്. നോർത്ത് ഈസ്റ്റ് ഒക്ടോബർ നാലിനു ഗോവയിൽ എഫ്സി ഗോവയെ നേരിടും. 

ഗോൾ നിമിഷങ്ങൾ 

പെനൽറ്റി ഏരിയയ്ക്കു തൊട്ടുപുറത്ത് മലയാളി വിങ്ങർ എം.എസ്.ജിതിൻ നേടിയെടുത്ത ഫ്രീകിക്കാണ് നോർത്ത് ഈസ്റ്റിന്റെ ഗോളിനു വഴിയൊരുക്കിയത്. കിക്കെടുത്തത് അലാ‍‍ഡിൻ അജാരി. ഗോൾമുഖത്ത് തന്റെ നേർക്കു വന്ന സാധാരണ കിക്ക്  ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷിന്റെ കയ്യിൽനിന്നു വഴുതി. ഗോൾ ലൈൻ തൊട്ട പന്ത് സച്ചിൻ ഉടൻ തിരിച്ചു പിടിച്ചെങ്കിലും വൈകിപ്പോയിരുന്നു. പിഴവെന്നോ ദൗർഭാഗ്യമെന്നോ പറയാവുന്ന ഗോൾ. നോർത്ത് ഈസ്റ്റിനു ലീഡ് (1–0). 

അതോടെ ബ്ലാസ്റ്റേഴ്സ് ഉണർന്നു. കെ.പി. രാഹുലിനു പകരം അയ്മനെ കോച്ച് കളത്തിലേക്കു വിട്ടതോടെ കളിയുടെ വേഗവും കൂടി. ഇടതു വിങ്ങിൽനിന്ന് മിലോസ് ഡ്രിൻസിച്ച് തുടക്കമിട്ട നീക്കമാണ് ബ്ലാസ്റ്റേഴ്സിന്റെ മറുപടി ഗോളിലെത്തിയത്. വൺടച്ച് പാസുകളിലൂടെ പന്ത് എതിർ വിങ്ങിൽ നോവ സദൂയിക്ക്. പന്തെടുത്ത് മധ്യത്തിലേക്കു കയറിവന്ന നോവ, നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ ഗുർമീത് സിങ്ങിന് അനങ്ങാൻ പോലും കഴിയും മുൻപൊരു മിന്നൽ ഷോട്ടിൽ പന്തു വലയിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് ഒപ്പം (1–1)

ദൗർഭാഗ്യ നിമിഷങ്ങൾ 

81–ാം മിനിറ്റിൽ നോവയെ ഫൗൾ ചെയ്ത ഡിഫൻഡർ അഷീർ അക്തറിനു റെഡ് കാർഡ് ലഭിച്ചതോടെ നോർത്ത് ഈസ്റ്റ് പത്തുപേരായി ചുരുങ്ങി. 

  തൊട്ടുപിന്നാലെ അജാരിയെ തിരിച്ചുവിളിച്ച് പ്രതിരോധത്തിലേക്ക് മൊറോക്കൻ താരം ഹംസ റെഗ്രാഗുയിയെ ഇറക്കാൻ നോർത്ത് ഈസ്റ്റ് കോച്ച് യുവാൻ പെദ്രോ ബെനാലി നിർബന്ധിതനായി. എതിരാളികൾ ആക്രമണത്തിൽ അയവു വരുത്തിയതു മുതലെടുക്കാൻ ബ്ലാസ്റ്റേഴ്സ് കളിയുടെ വേഗം കൂട്ടി. 

  90–ാം മിനിറ്റിൽ, വിബിൻ മോഹനൻ നൽകിയ പന്തുമായി നോർത്ത് ഈസ്റ്റ് ഗോളിയെയും മറികടന്ന് മുന്നേറിയ അയ്മനു ഗോൾ നേടാൻ കഴിയാതെ പോയതു നിരാശയായി. തൊട്ടടുത്ത മിനിറ്റിൽ വീണ്ടുമൊരു ഗോളവസരം കൂടി അയ്മൻ പാഴാക്കിയതോടെ കളി ജയിക്കാൻ ലഭിച്ച അവസരങ്ങളുടെ എണ്ണം അര ഡസൻ തികച്ച്, സമനില സമ്മതിച്ചു ബ്ലാസ്റ്റേഴ്സ് കൈകൊടുത്തു പിരി‍ഞ്ഞു.  

ലൂണ കളത്തിൽ 

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരം അഡ്രിയൻ ലൂണ സീസണിൽ ആദ്യമായി കളത്തിലിറങ്ങിയതിന് ഗുവാഹത്തി വേദിയായി. 79–ാം മിനിറ്റിൽ ഹെസൂസ് ഹിമെനെയെ പിൻവലിച്ചാണ് ബ്ലാസ്റ്റേഴ്സ് കോച്ച് മികായേൽ സ്റ്റാറെ ലൂണയെ ഇറക്കിയത്.അതുവരെ അനക്കം നിലച്ചുകിടന്ന മധ്യനിര ഒന്നുണർന്നതു പോലും ലൂണ വന്നതിനു ശേഷമാണ്. ഹോൾഡിങ് മിഡ്ഫീൽഡറായി കളം പിടിച്ചുവരുന്ന മലയാളി താരം വിബിൻ മോഹനനും വിങ്ങർ കെ.പി. രാഹുലും ഇന്നലെ നിറം മങ്ങിയതും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി.

English Summary:

NorthEast United FC draw with Kerala Blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com