കലിംഗ ജയിക്കാൻ...: ഒഡീഷ എഫ്സി – കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്നു രാത്രി 7.30ന്
Mail This Article
മത്സരത്തലേന്നു കലിംഗ സ്റ്റേഡിയത്തിലെ മാധ്യമ സമ്മേളന മുറിയിലിരുന്നു കേരളത്തിന്റെ യുവ മിഡ്ഫീൽഡർ വിബിൻ മോഹനൻ പറഞ്ഞു: ‘‘ ഇതു പുതിയ സീസൺ ആണെങ്കിലും എല്ലാവരും വാശിയിലാണ്; ഒഡീഷയെ തോൽപിക്കണം. കഴിഞ്ഞ പ്ലേ ഓഫിൽ മാത്രമല്ല, കലിംഗ സ്റ്റേഡിയത്തിൽ ഒരിക്കലും ഒഡീഷയെ തോൽപിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. ആ ചരിത്രവും തിരുത്തണം!’’
കലിംഗ യുദ്ധങ്ങളിലേറ്റ മുറിവുകളിൽ ജയമെന്ന ദിവ്യ ഔഷധം പുരട്ടണം, കേരള ബ്ലാസ്റ്റേഴ്സിന്. 2024 ഏപ്രിൽ 19. കഴിഞ്ഞ സീസൺ പ്ലേ ഓഫിൽ ഒഡീഷ എഫ്സി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയ രാത്രി. അതേ കലിംഗ സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30ന് ഒഡീഷയെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്സിനു വേണ്ടതു ജയം മാത്രം. മത്സരം സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തൽസമയം.
നോവയിൽ കണ്ണുനട്ട്
ക്യാപ്റ്റൻ അഡ്രിയൻ ലൂണ മുഴുവൻ സമയവും കളത്തിലിറങ്ങില്ലെന്നാണ് സൂചന. നോർത്ത് ഈസ്റ്റിനെതിരെ കളിച്ച ടീമിൽ കാര്യമായ അഴിച്ചു പണിക്കും സാധ്യതയില്ല. അതേസമയം നോവ സദൂയി മിന്നുന്ന ഫോം തുടരുമെന്നാണു പ്രതീക്ഷ. ആദ്യ തോൽവികളിൽനിന്ന് ഉയർത്തെഴുന്നേറ്റ ഒഡീഷ, ജംഷഡ്പുരിനെതിരായ വിജയത്തോടെ ഊർജം തിരിച്ചു പിടിച്ചു കഴിഞ്ഞു.
സെർജിയോ ലൊബേറയെന്ന തന്ത്രശാലിയായ കോച്ചും യൂഗോ ബോമയും അഹമ്മദ് ജാഹുവും മൊർത്താദ ഫോളും റോയ് കൃഷ്ണയും ഡിയേഗോ മൗറീഷ്യോയും ഉൾപ്പെടുന്ന ഒഡീഷ എഫ്സി അതിശക്തം. സെന്റർ ബാക്ക് കാർലോസ് ഡെൽഗോയുടെ പരുക്കാണു ടീമിന്റെ ആശങ്ക. ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷ കോച്ച് ലൊബേറയ്ക്കൊരു ഗംഭീര റെക്കോർഡുണ്ട്; 11 കളിയിൽ 9 ജയം!
‘ക്രോസുകളിൽ ആശങ്കയില്ല’
വിങ്ങുകളിലൂടെ പാഞ്ഞു കയറി എതിർ ബോക്സിലേക്കു ശരം പോലെ ക്രോസുകൾ എയ്യാൻ കഴിയുന്നില്ല, ബ്ലാസ്റ്റേഴ്സിന്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നോവ സദൂയിയും ക്വാമെ പെപ്രയും ലക്ഷ്യം കണ്ടതു ക്രോസുകളിൽ നിന്നല്ല. അതെക്കുറിച്ചു കോച്ച് മികായേൽ സ്റ്റാറെ പറഞ്ഞതിങ്ങനെ: ‘‘ നോർത്ത് ഈസ്റ്റിനെതിരെ ഒട്ടേറെ അവസരങ്ങൾ ഞങ്ങൾക്കു ലഭിച്ചു; പല വഴികളിലൂടെ. സെറ്റ് പീസുകളിലൂടെയും കളിക്കാരുടെ വ്യക്തിഗത മികവിലൂടെയുമൊക്കെ. ഏതെങ്കിലും ഒരേ മാർഗത്തിലൂടെ ഗോളുകൾ പ്രതീക്ഷിക്കുക വയ്യ! ജയിക്കാൻ കഴിഞ്ഞില്ലെന്ന നിരാശയുണ്ട്. കഴിഞ്ഞ 3 മത്സരങ്ങളിലും നാം ധാരാളം അവസരങ്ങൾ സൃഷ്ടിച്ചു. അവയെല്ലാം ഗോളിലെത്തിയില്ല.’’
എപ്പോഴും ഉപദേശം
കഴിഞ്ഞ കളികളിലെല്ലാം ബ്ലാസ്റ്റേഴ്സ് മിന്നിയത് ആദ്യ പകുതിയിലെ മങ്ങിക്കളിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു. രണ്ടാം പകുതിയിലെ ആവേശത്തീയ്ക്കു പിന്നിലെ രഹസ്യം? ‘‘ ഞാൻ എപ്പോഴും കളിക്കാരെ കാണുന്നു. ഉപദേശങ്ങൾ നൽകുന്നു; ചിലപ്പോൾ ചെറുത്, മറ്റു ചിലപ്പോൾ ദീർഘമായതും! മത്സരത്തിനു മുൻപും മീറ്റിങ്ങുകൾ. കളിക്കിടെ, കൂളിങ് ബ്രേക്കിനിടയിലും സംസാരിക്കും. ഹാഫ് ടൈം ബ്രേക്കിൽ വീണ്ടും ചെറു ചർച്ച.
പരുക്കിൽ നിന്നു മുക്തനായി വീണ്ടും ടീമിന്റെ സ്റ്റാർട്ടിങ് ഇവനിൽ ഇടം കിട്ടുന്നതിൽ വലിയ സന്തോഷമെന്നു വിബിൻ മോഹനൻ പറയുന്നു. ‘‘ ചെറിയ പ്രയാസങ്ങളുണ്ട്. പക്ഷേ, മെച്ചപ്പെട്ടു വരുന്നു. കോച്ചിന്റെ പ്രതീക്ഷ പാലിക്കാൻ കഴിയുന്നുണ്ടെന്നാണു വിശ്വാസം.’’ വിബിന്റെ സംസാരത്തിനിടെ, സ്റ്റാറെയുടെ ഇടപെടൽ. ‘‘ഹീ ഈസ് നാച്ചുറലി ഗിഫ്റ്റഡ്!’’