കരിം അഡയാമിക്കു ഹാട്രിക്; ബൊറൂസിയ ഡോർട്മുണ്ടിന് 7–1 വിജയം
Mail This Article
ലണ്ടൻ ∙ കരിം അഡയാമിയുടെ മിന്നും ഹാട്രിക് മികവിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനു യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ തകർപ്പൻ വിജയം. സ്കോട്ടിഷ് ക്ലബ് കെൽറ്റിക്കിനെ 7–1നാണ് ബൊറൂസിയ ഡോർട്മുണ്ട് തോൽവിയിൽ മുക്കിയത്. 11, 29, 42 മിനിറ്റുകളിലായിരുന്നു ജർമൻ യുവതാരം അഡയാമിയുടെ ഹാട്രിക് ഗോളുകൾ.
ഏഴാം മിനിറ്റിൽ എമ്രി കാൻ നേടിയ ഗോളിൽ ഡോർട്മുണ്ട് ലീഡ് നേടിയെങ്കിലും രണ്ടു മിനിറ്റിനകം ഡെയ്സൻ മായീദയുടെ ഗോളിൽ കെൽറ്റിക് ഒപ്പമെത്തിയിരുന്നു. പിന്നീടായിരുന്നു അഡയാമിയുടെ ഹാട്രിക് ഗോൾവർഷം. സെർഹൗ ഗ്വിറാസി (40 പെനൽറ്റി, 66 ), ഫെലിക്സ് എൻമെച്ച (79) എന്നിവരും ജർമൻ ക്ലബ്ബിനായി ഗോളുകൾ നേടി. ഈ ജയത്തോടെ, 36 ടീമുകളുടെ പോയിന്റ് പട്ടികയിൽ ഡോർട്മുണ്ട് ഒന്നാം സ്ഥാനത്തെത്തി.
സ്വിസ് ടീം യങ് ബോയ്സിനെ 5–0നു തോൽപിച്ച ബാർസിലോന ഈ ചാംപ്യൻസ് ലീഗിലെ ആദ്യവിജയം സ്വന്തമാക്കി. റോബർട്ട് ലെവൻഡോവ്സ്കി (2 ഗോൾ), റാഫിഞ്ഞ, ഇനിഗോ മാർട്ടിനസ് എന്നിവരാണ് ഗോൾ നേടിയ ബാർസ താരങ്ങൾ. യങ് ബോയ്സ് താരം മുഹമ്മദ് അലി കമാറയുടെ സെൽഫ് ഗോളും ബാർസയ്ക്കു ഗുണമായി. ആദ്യ മത്സരത്തിൽ ഫ്രഞ്ച് ക്ലബ് മൊണക്കോയോട് 2–1നു തോറ്റതിന്റെ ക്ഷീണം മാറ്റുന്നതായി ബാർസയുടെ ഈ വിജയം.
സ്ലൊവാക്യൻ സൂപ്പർ ലീഗ് ക്ലബ് സ്ലോവൻ ബാർട്ടിസ്ലാവയെ 4–0 തോൽപിച്ച് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും വിജയമധുരം നുണഞ്ഞു. മത്സരത്തിൽ ഗോൾ നേടിയ എർലിങ് ഹാളണ്ട് ചാംപ്യൻസ് ലീഗിൽ 41 മത്സരങ്ങളിൽനിന്നു ഗോൾനേട്ടം 42 ആക്കി. ഇൽകെ ഗുണ്ടോവൻ, ഫിൽ ഫോഡൻ, ജയിംസ് മക്കാറ്റീ എന്നിവരാണു സിറ്റിയുടെ മറ്റു സ്കോറർമാർ.
മറ്റൊരു ഇംഗ്ലിഷ് ക്ലബ് ആർസനൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ 2–0നു തോൽപിച്ചു. കായ് ഹാവേർട്സ്, ബുകായോ സാക്ക എന്നിവരാണു ഗോൾ നേടിയത്.