ലാലിഗയിൽ അപരാജിത കുതിപ്പു തുടർന്ന് റയൽ; വിയ്യാ റയലിനെ വീഴ്ത്തി (2–0), രണ്ടാം സ്ഥാനത്ത്
Mail This Article
മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ റയൽ മഡ്രിഡിന്റെ അപരാജിത കുതിപ്പ് തുടരുന്നു. സീസണിലെ ഒൻപതാം മത്സരത്തിൽ വിയ്യാ റയലിനെതിരെയും റയൽ വിജയം കുറിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റയലിന്റെ വിജയം. മത്സരത്തിന്റെ ഇരു പകുതികളിലുമായി ഫെഡറിക് വാൽവെർദെ (14–ാം മിനിറ്റ്), വിനീസ്യൂസ് ജൂനിയർ (73–ാം മിനിറ്റ്) എന്നിവരാണ് ലക്ഷ്യം കണ്ടത്.
സീസണിൽ തോൽവി അറിയാത്ത രണ്ടു ടീമുകളിൽ ഒന്നാണ് റയൽ. അത്‍ലറ്റിക്കോ മഡ്രിഡാണ് മറ്റൊരു ടീം. ഒൻപതു കളികളിൽനിന്ന് ആറു ജയവും മൂന്നു സമനിലയും സഹിതം 21 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് റയൽ. ഒരു മത്സരം കുറച്ചു കളിച്ച ബാർസിലോനയ്ക്കും 21 പോയിന്റാണെങ്കിലും, മികച്ച ഗോൾശരാശരിയുടെ മികവിൽ അവർ ഒന്നാമതു തുടരുന്നു.
മറ്റു മത്സരങ്ങളിൽ എസ്പാന്യോൾ മയ്യോർക്കയെയും (2–1), സെൽറ്റ ഡി വിഗോ ലാസ് പാൽമാസിനെയും (1–0), റയലോ വല്ലേക്കാനോ റയൽ വല്ലാദോലിദിനെയും (2–1) തോൽപ്പിച്ചു. ഗെറ്റഫെ – ഒസാസുന മത്സരം സമനിലയിൽ (1–1) അവസാനിച്ചു.