മാൻ. യുണൈറ്റഡിന് സമനില തെറ്റും: ആസ്റ്റൺ വില്ലയ്ക്കെതിരായ മത്സരം ഗോൾരഹിത സമനില, ടെൻ ഹാഗ് തെറിച്ചേക്കും
Mail This Article
ബർമിങ്ങാം ∙ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന്റെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളിനു മാറ്റമില്ല. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ, ആസ്റ്റൺ വില്ലയുമായി ഗോൾരഹിത സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം ഫോമിനും മാറ്റമില്ല. അരഡസനോളം ഗോളവസരങ്ങൾ സൃഷ്ടിക്കാൻ യുണൈറ്റഡ് താരങ്ങൾക്കായെങ്കിലും അവയൊന്നും ഗോളായില്ല. 9 കളിയിൽ 2 മത്സരം മാത്രം ജയിച്ച യുണൈറ്റഡ് 8 പോയിന്റുമായി 14–ാം സ്ഥാനത്താണ്.
ഞായറാഴ്ചത്തെ മത്സരത്തിലും ജയിക്കാൻ കഴിയാതെ വന്നതോടെ എറിക് ടെൻ ഹാഗിന്റെ പരിശീലക സ്ഥാനം തെറിക്കുമെന്ന അഭ്യൂഹങ്ങൾക്കു ശക്തി കൂടി. ക്ലബ്ബിന്റെ സീനിയർ ലീഡർഷിപ് ടീം മത്സരം വിലയിരുത്താനുണ്ടായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന മാനേജ്മെന്റ് യോഗത്തിൽ ടെൻ ഹാഗിന്റെ ഭാവി തീരുമാനിക്കപ്പെട്ടേക്കും.
ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ ലോങ് റേഞ്ചർ ഗോൾബാറിൽത്തട്ടി തെറിച്ചതും മാർക്കസ് റാഷ്ഫഡിന്റെ ഗോളെന്നുറപ്പിച്ച ഷോട്ടുകൾ ആസ്റ്റൺ വില്ല ഗോളി എമിലിയാനോ മാർട്ടിനെസ് സേവ് ചെയ്തതുമാണ് യുണൈറ്റഡിൽനിന്നു വിജയത്തെ അകറ്റിനിർത്തിയത്.
മറ്റൊരു മത്സരത്തിൽ, ചെൽസിയും നോട്ടിങ്ങാം ഫോറസ്റ്റും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞു (1–1). ബ്രൈട്ടൺ 3–2നു ടോട്ടനത്തെ തോൽപിച്ചു. എവർട്ടൻ –ആർസനൽ മത്സരവും ഗോൾരഹിത സമനിലയായി.
ക്രിസ്റ്റൽ പാലസിനെ 1–0നു തോൽപിച്ച ലിവർപൂളാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി 3–2നു ഫുൾഹാമിനെ തോൽപിച്ചു. സതാംപ്ടനെ 3–1നു തോൽപിച്ച് ആർസനൽ മൂന്നാം സ്ഥാനത്തുമുണ്ട്. 7 കളിയിൽ ലിവർപൂളിന് 18 പോയിന്റ്, സിറ്റിക്കും ആർസനലിനും 17 പോയിന്റ് വീതം. ചെൽസിയാണ് നാലാമത് (14).