ADVERTISEMENT

സാന്തിയാഗോ∙ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മറ്റൊരു സമനിലയുടെ വക്കിലായിരുന്ന ബ്രസീലിന്റെ രക്ഷകനായി പകരക്കാരൻ താരം ലൂയിസ് ഹെൻറിക്. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ഹെൻറിക് നേടിയ ഗോളിൽ മഞ്ഞപ്പട കരുത്തരായ ചിലെയെ വീഴ്ത്തി. മറ്റൊരു മത്സരത്തിൽ നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീനയെ വെനസ്വേല സമനിലയിൽ തളച്ചു. കരുത്തരയാ കൊളംബിയയെ ബൊളീവിയ അട്ടിമറിച്ചപ്പോൾ, ഇക്വഡോർ – പാരഗ്വായ് മത്സരം ഗോൾരഹിതമായി അവസാനിച്ചു.

സൂപ്പർതാരങ്ങൾ നിറഞ്ഞ ടീമിലെ രണ്ട് ‘സാധാരണക്കാരായ’ താരങ്ങൾ നേടിയ ഗോളിലാണ് ബ്രസീൽ ചിലെയെ മറികടന്നത്. ആദ്യപകുതിയുടെ ഏറിയ പങ്കും ഒരു ഗോളിനു പിന്നിലായിരുന്നു ബ്രസീൽ. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽത്തന്നെ വെറ്ററൻ താരം എഡ്വാർഡോ വർഗാസ് ഹെഡറിലൂടെ നേടിയ ഗോളാണ് ബ്രസീലിനെ പിന്നിലാക്കിയത്.

ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ബ്രസീൽ സമനില ഗോൾ കണ്ടെത്തി. മാഞ്ചസ്റ്റർ സിറ്റി താരം സാവീഞ്ഞോയുടെ ക്രോസിന് തലവച്ച് സ്ട്രൈക്കർ ഇഗോർ ജെസ്യൂസാണ് ബ്രസീലിനെ രക്ഷപ്പെടുത്തിയത്. മത്സരം സമനിലയിലേക്കെന്ന് ഉറപ്പിച്ചിരിക്കെ, 89–ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ വിജയഗോൾ. ഇത്തവണ രക്ഷകനായത് പകരക്കാരനായി വന്ന ലൂയിസ് ഹെൻറിക്. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ ഹെൻറിക്കിന്റെ താഴ്ന്നെത്തിയ ഷോട്ട് ചിലെ വലയിൽ കയറി.

സൂപ്പർതാരം ലയണൽ മെസ്സി ഉൾപ്പെടെ കളത്തിലിറങ്ങിയ മത്സരത്തിലാണ് വെനസ്വേല അർജന്റീനയെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ഇരു പകുതികളിലുമായി ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനില വഴങ്ങിയത്. 13–ാം മിനിറ്റിൽത്തന്നെ നിക്കോളാസ് ഒട്ടാമെൻഡിയിലൂടെ ലീഡു നേടിയ അർജന്റീനയെ, 65–ാം മിനിറ്റിൽ ഹിമെനസ് റോൻഡന്റെ ഗോളിലാണ് വെനസ്വേല തളച്ചത്.

യോഗ്യതാ റൗണ്ടിലെ ആദ്യ സമനില വഴങ്ങിയ അർജന്റീന, ഒൻപതു കളികളിൽനിന്ന് 19 പോയിന്റുമായി ഇപ്പോഴും മുന്നിൽത്തന്നെ തുടരുന്നു. ഒൻപതു കളികളിൽനിന്ന് നാലു ജയം, ഒരു സമനില, നാലു തോൽവി എന്നിങ്ങനെ ‘സമ്മിശ്ര’ ഫലവുമായി ബ്രസീൽ 13 പോയിന്റോടെ നാലാം സ്ഥാനത്താണ്. 16 പോയിന്റുമായി കൊളംബിയ രണ്ടാമതും എട്ടു കളികളിൽനിന്ന് 15 പോയിന്റുമായി യുറഗ്വായ് മൂന്നാമതുമുണ്ട്.

English Summary:

Brazil earn three points in World Cup Qualifying with goals from unlikely heroes in Igor Jesus, Luiz Henrique

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com