സഹതാരം സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ; ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഗ്രീക്ക് താരങ്ങളുടെ ആദരാഞ്ജലി!– വിഡിയോ
Mail This Article
ലണ്ടൻ∙ യുവേഫ നേഷൻസ് ലീഗിൽ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഗ്രീസ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗ്രീസിന്റെ വിജയം. ചരിത്രത്തിലാദ്യമായാണ് ഗ്രീസ് ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്നത്. വാൻജലിസ് പാവ്‌ലിദിസിന്റെ ഇരട്ടഗോൾ പ്രകടനമാണ് ഗ്രീസിന് തകർപ്പൻ വിജയം സമ്മാനിച്ചത്. 49, 90+4 മിനിറ്റുകളിലായിരുന്നു പാവ്‌ലിദിസിന്റെ ഗോളുകൾ. ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോൾ 87–ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാം നേടി.
കഴിഞ്ഞ ദിവസം താമസ സ്ഥലത്തെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗ്രീക്ക് ഫുട്ബോൾ താരം ജോർജ് ബാൽഡോക്കിന് ആദരാഞ്ജലി അർപ്പിച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. ബ്രിട്ടനിൽ ജനിച്ച താരത്തിന്റെ ചിത്രമുള്ള ടീഷർട്ട് ഉയർത്തിക്കാട്ടിയാണ് ഗ്രീക്ക് ടീമംഗങ്ങൾ ഗോൾനേട്ടം ആഘോഷിച്ചത്.
മറ്റൊരു മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടും ബെൽജിയവും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽത്തന്നെ 2–0ന് മുന്നിലെത്തിയ ഇറ്റലിക്ക്, 40–ാം മിനിറ്റിൽ ലോറൻസോ പെല്ലെഗ്രിനി ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതാണ് തിരിച്ചടിയായത്. ഇറ്റലി 10 പേരായി ചുരുങ്ങിയ ശേഷമാണ് ബെൽജിയം രണ്ടു ഗോളും നേടിയത്. ഇറ്റലിക്കായി ആന്ദ്രേ കാംബിയാസോ (1–ാം മിനിറ്റ്), മാത്തിയോ റെറ്റെഗുയി (24–ാം മിനിറ്റ്) എന്നിവർ നേടി. മാക്സിം ഡി കുയ്പർ (42), ലിയാൻഡ്രോ ട്രൊസാർഡ് (61) എന്നിവർ ബൽജിയത്തിനായും ലക്ഷ്യം കണ്ടു.
മറ്റു മത്സരങ്ങളിൽ ഫ്രാൻസ് ഇസ്രയേലിനെയും (4–1), മോൽഡോവ അൻഡോറയേയും (2–0), ഓസ്ട്രിയ കസഖിസ്ഥാനെയും (4–0), നോർവേ സ്ലൊവേനിയയെയും (3–0) തോൽപ്പിച്ചു.