ADVERTISEMENT

ബ്യൂനസ് ഐറിസ്∙ പ്രായമെത്ര തളർത്തിയാലും പരുക്കുകൾ പലകുറി അലട്ടിയാലും കാലും കാലവും കാൽപന്തും നേർരേഖയിൽ വരുമ്പോൾ ലയണൽ മെസ്സിയെന്ന മാന്ത്രികൻ അവിടെ അവതരിക്കും ! ഗോളടിച്ചും അടിപ്പിച്ചും മെസ്സി നിറഞ്ഞുകളിച്ച ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരത്തിൽ ബൊളീവിയയ്ക്കെതിരെ അർജന്റീനയ്ക്ക് 6–0ന്റെ ഉജ്വല വിജയം. 3 തവണ ലക്ഷ്യം കാണുകയും രണ്ടു ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്ത മെസ്സിയാണ് മത്സരത്തിൽ അർജന്റീനൻ ആധിപത്യം അരക്കിട്ടുറപ്പിച്ചത്. രാജ്യാന്തര കരിയറിൽ 10–ാം ഹാട്രിക് സ്വന്തമാക്കിയ മുപ്പത്തിയേഴുകാരൻ മെസ്സി, ഈ നേട്ടത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പമെത്തി. 

മെസ്സി ഷോ

ബ്യൂനസ് ഐറിസിലെ സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ 19–ാം മിനിറ്റിൽ തന്നെ മെസ്സിയുടെ ഗോൾവേട്ട ആരംഭിച്ചു. ബൊളീവിയ ഡിഫൻഡർ മാർസലോ സ്വാരെസ് വരുത്തിയ പിഴവിൽ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. പിന്നാലെ ബൊളീവിയൻ ഗോൾമുഖത്തേക്ക് ഇരച്ചെത്തിയ അർജന്റീന സ്ട്രൈക്കർമാരെ ഒരു പരിധിവരെ തടഞ്ഞുനിർത്താ‍ൻ ഗോൾകീപ്പർ ഗില്ലർമോ വിസ്കാരയ്ക്കു സാധിച്ചു.

എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് മെസ്സിയുടെ ക്രോസിൽ നിന്ന് ലൗട്ടാരോ മാർട്ടിനസ് (43–ാം മിനിറ്റ്) ആതിഥേയരുടെ ലീഡ് 2–0 ആയി ഉയർത്തി. പിന്നാലെ, മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യം കണ്ട യൂലിയൻ അൽവാരസ് (45+3) ആദ്യ പകുതിയിൽ അർജന്റീനയുടെ ഗോൾ പട്ടിക മൂന്നാക്കി മാറ്റി. ഇത്തവണയും പന്തൊരുക്കിക്കൊടുത്തത് മെസ്സി തന്നെ.69–ാം മിനിറ്റിൽ തിയാഗോ അൽമാഡയാണ് അർജന്റീനയുടെ രണ്ടാം പകുതി വെടിക്കെട്ടിന് തുടക്കമിട്ടത്. പിന്നാലെ രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ടുതവണ കൂടി വലനിറച്ച മെസ്സി (84, 86) തന്റെ 10–ാം രാജ്യാന്തര ഹാട്രിക്കും സ്വന്തമാക്കി. 

English Summary:

Lionel Messi's hat trick helps Argentina to beat Bolivia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com