മലപ്പുറം മാജിക്!; സൂപ്പർ ലീഗ് കേരള: മലപ്പുറം –3, തൃശൂർ –0
Mail This Article
മഞ്ചേരി (മലപ്പുറം)∙ എല്ലാവരും കണ്ണടച്ചുപോയ സ്കൂൾ ഗ്രൂപ്പ് ഫോട്ടോ പോലെയായിരുന്നു ഇന്നലെ തൃശൂർ മാജിക് എഫ്സി. മുന്നേറ്റനിര കണ്ണടച്ചു. മധ്യനിര കണ്ണടച്ചു. പ്രതിരോധനിരയ്ക്കു കണ്ണടച്ചു തുറക്കാനുള്ള സമയം മലപ്പുറം എഫ്സി കൊടുത്തതുമില്ല. ഒടുവിൽ പയ്യനാട്ടെ സ്കോർ ബോർഡിന്റെ ഫൈനൽ ക്ലിക്കെടുത്തപ്പോൾ മലപ്പുറം എഫ്സി 3 തൃശൂർ മാജിക് എഫ്സി–0. ഹോംഗ്രൗണ്ടിൽ ആദ്യ ജയം നേടിയതിന്റെ സന്തോഷം മലപ്പുറത്തിന്. ഒരു കളി പോലും ഇതുവരെ ജയിക്കാനാകാത്തതിന്റെ സങ്കടം തൃശൂരിനു തുടരും.
പേരിലുള്ള മാജിക് തൃശൂരിനു പുറത്തെടുക്കാനാവാതെ വന്നപ്പോൾ മലപ്പുറം എഫ്സിയുടെ സ്പാനിഷ് പടയാളി പെഡ്രോ മാൻസിയാണ് ആ റോൾ ഇന്നലെ ഏറ്റെടുത്തത്. മലപ്പുറത്തിന്റെ 3 ഗോളുകളിൽ രണ്ടും പിറന്നത് മാൻസി മാജിക്കിലാണ്. തുടക്കം മുതൽ ആക്രമിച്ചു കളിച്ചത് മലപ്പുറമായിരുന്നെങ്കിലും 45–ാം മിനിറ്റുവരെ തൃശൂരിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. പക്ഷേ, പിന്നീട് വെന്റിലേറ്ററിലേക്കെടുത്തു. ഈ വിജയത്തോടെ മലപ്പുറം എഫ്സി സെമി പ്രതീക്ഷകൾ സജീവമാക്കി നിലനിർത്തി.