പോർക്കളം!; കൊൽക്കത്ത ഡാർബിയിൽ ബഗാന് വിജയം (2-0)
Mail This Article
കൊൽക്കത്ത ∙ ലാത്തി, സ്മോക് ഗ്രനേഡുകൾ, റബർ ബുള്ളറ്റും പിസ്റ്റനും! സമരക്കാരെ നേരിടുന്ന പൊലീസുകാരുടെ കയ്യിലുള്ള ആയുധങ്ങളുടെ ലിസ്റ്റല്ല. കൊൽക്കത്ത ഡാർബി നടക്കുന്ന സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിലുള്ള സുരക്ഷാ ജീവനക്കാർ കൈവശം വയ്ക്കുന്ന ‘ടൂൾസാണ്’ ഇവ.
കൊൽക്കത്ത ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഏറ്റുമുട്ടുമ്പോൾ നാട്ടുരാജ്യങ്ങൾ തമ്മിൽ പോരടിക്കുന്നതിനു സമം. മൈതാനത്ത് മത്സരം മുറുകുമ്പോൾ ഗാലറിയിലും പുറത്തും സംഘർഷങ്ങൾ പതിവ്. സീസണിലെ ആദ്യ കൊൽക്കത്ത ഡാർബിയും ആവേശത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലായില്ല. ഇന്നലെ നടന്ന ഐഎസ്എൽ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആരാധകരുടെ ഹൃദയം തകർത്ത് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിന് വിജയം (2-0).
കിക്കോഫിനു മുൻപ് 9 പ്രവേശന കവാടങ്ങളിലൂടെ ഇരുടീമുകളുടെയും ആരാധകർ ഇരച്ചുകയറിയതോടെ ശാന്തമായിരുന്ന സോൾട്ട് ലേക്ക് സ്റ്റേഡിയം യുദ്ധക്കളമായി മാറി. സ്റ്റേഡിയത്തിന്റെ നേർപകുതി വീതം ഇരുടീമിന്റെയും ആരാധകർ. വലിയ ബാനറുകളിലൂടെയായിരുന്നു പോർവിളിയുടെ തുടക്കം. തുടർന്ന് ഗാലറിയിൽ നിന്ന് ഇരുകൂട്ടരുടെയും പടക്കമേറ്.
41–ാം മിനിറ്റിൽ മോഹൻ ബഗാൻ സ്ട്രൈക്കർ ജാമി മക്‌ലാരൻ ഗോൾ നേടിയതോടെ സ്റ്റേഡിയം ആരവത്താൽ വിറച്ചു. 89–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ പെനൽറ്റി വഴങ്ങിയതോടെ ആരാധകർ കൂട്ടത്തോടെ സ്റ്റേഡിയം വിട്ടു. കിക്കെടുത്ത ബഗാൻ താരം ദിമിത്രി പെട്രറ്റോസിന് പിഴച്ചില്ല (2-0).
മുംബൈയ്ക്ക് ജയം (2–1)
മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്കെതിരെ മുംബൈ സിറ്റി എഫ്സിക്കു ജയം (2–1). നിക്കോസ് കരേലിസ് (21–ാം മിനിറ്റ്), യോൾ വാൻ നീഫ് (40) എന്നിവരാണ് മുംബൈയുടെ സ്കോറർമാർ. 55–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ അർമാൻഡോ സാദിക്കു ഗോവയുടെ ഗോൾ നേടി. പോയിന്റ് പട്ടികയിൽ മുംബൈ 7–ാം സ്ഥാനത്തും ഗോവ 8–ാം സ്ഥാനത്തുമാണ്.