സ്റ്റാർസ് ഓഫ് സ്റ്റാറെ: എവേ മൈതാനത്തും ജയം, ബ്ലാസ്റ്റേഴ്സിന്റെ അടുത്ത അങ്കം ഇനി കൊച്ചിയിൽ ബെംഗളൂരുവിനെതിരെ
Mail This Article
ഐഎസ്എൽ ഫുട്ബോളിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിനെതിരായ മത്സരത്തലേന്ന് ട്രെയിനിങ് ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികായേൽ സ്റ്റാറെ കൂടുതൽ സമയം ചെലവഴിച്ചത് അഡ്രിയൻ ലൂണയ്ക്കൊപ്പമാണ്. കൂടുതൽ പരീക്ഷിച്ചത് ലൂണ–നോവ സദൂയി കോംബിനേഷൻ. സ്റ്റാറെയുടെ തന്ത്രങ്ങൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ എന്നതിന് ഉദാഹരണമാണ് മുഹമ്മദൻസിനെതിരായ 2–1 വിജയം.
ആദ്യ പകുതിയിൽ നിറം മങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തത് സ്റ്റാറെ ടീമിൽ നടത്തിയ മാറ്റങ്ങൾക്ക് പിന്നാലെയാണ്. വെള്ളിയാഴ്ച കൊച്ചിയിൽ വച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബെംഗളൂരു എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും ആരാധകർക്കും ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
∙ എവിടെയും കളിക്കും ലൂണ
പ്ലേമേക്കർ റോളിൽ കളിച്ച ലൂണ ഇടയ്ക്ക് ഫാൾസ് നയൻ പൊസിഷനും ഏറ്റെടുത്തതോടെ മുഹമ്മദൻസ് പ്രതിരോധ തന്ത്രങ്ങൾ പൊളിയുകയായിരുന്നു. എന്നാൽ ക്വാമെ പെപ്രയെ ഇറക്കിയ സ്റ്റാറെയുടെ തീരുമാനമാണ് വിജയതന്ത്രം. പെപ്രയെ പൂട്ടാൻ മുഹമ്മദൻസ് പ്രതിരോധം ശ്രദ്ധിച്ചതോടെ ലൂണ–സദൂയി–ഹിമെനെ സഖ്യത്തിന് കൂടുതൽ ഇടം ലഭിച്ചു. ആദ്യ ഗോളിലേക്ക് നയിച്ചതും ഈ തന്ത്രമാണ്.
ഇനിയുള്ള മത്സരങ്ങളിലും ആക്രമണത്തിൽ ഇതേ തന്ത്രം തന്നെ ബ്ലാസ്റ്റേഴ്സ് തുടർന്നേക്കും. മലയാളി താരം വിബിൻ മോഹനനും ഡാനിഷ് ഫാറൂഖും ഉൾപ്പെടുന്ന ഡിഫൻസീവ് മിഡ്ഫീൽഡും പവർ ടാങ്ക് പ്രീതം കോട്ടാൽ നയിക്കുന്ന പ്രതിരോധവും മികവ് തുടർന്നാൽ ബ്ലാസ്റ്റേഴ്സ് ഇനി വിജയവഴിയിൽ കുതിക്കും. ടൂർണമെന്റിൽ ഇതുവരെ ഏറ്റവും കൂടുതൽ ടാക്ലിങ്ങുകൾ നടത്തിയത് ബ്ലാസ്റ്റേഴ്സാണ്.
∙ മറികടക്കേണ്ട കണക്കുകൾ
വിജയത്തോടെ 8 പോയിന്റുമായി നിലവിൽ 5–ാം സ്ഥാനത്താണെങ്കിലും ബ്ലാസ്റ്റേഴ്സ് ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നു.
∙ ക്ലീൻ ഷീറ്റ് 0: എല്ലാ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങിയിട്ടുണ്ട്. ഇതുവരെ ആകെ 7 ഗോളുകൾ. പ്രതിരോധപ്പിഴവുകൾ ഇനിയുള്ള മത്സരങ്ങളിൽ ഒഴിവാക്കേണ്ടതുണ്ട്. 5 മത്സരങ്ങൾ പൂർത്തിയാക്കിയ ബെംഗളൂരു എഫ്സി ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.
∙ ഷോട്ട് 43: ഷോട്ടിന്റെ എണ്ണത്തിന്റെ കണക്കിൽ ബ്ലാസ്റ്റേഴ്സ് നിലവിൽ 9–ാം സ്ഥാനത്താണ്. ഒരു മത്സരത്തിൽ ശരാശരി 8.6 ഷോട്ടുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ എതിർ പോസ്റ്റിലേക്ക് അടിക്കുന്നത്.
∙ ഗോൾ അവസരങ്ങൾ 43: ഗോൾ അവസരങ്ങൾ സൃഷ്ടിച്ച കണക്കിൽ ബ്ലാസ്റ്റേഴ്സ് നിലവിൽ 7–ാം സ്ഥാനത്താണ്.
∙ ആദ്യ പകുതിയിലെ ഗോൾ 2: ബ്ലാസ്റ്റേഴ്സ് ഇതുവരെ ആകെ 8 ഗോൾ നേടിയതിൽ 2 എണ്ണം മാത്രമാണ് ആദ്യ പകുതിയിൽ അടിച്ചത്. ഒഡീഷയ്ക്കെതിരായ മത്സരത്തിലാണ് ആ രണ്ടു ഗോളുകൾ. ബാക്കി 4 മത്സരങ്ങളിലും ഗോൾ നേട്ടം രണ്ടാം പകുതിയിലാണ്.