ഹാട്രിക്കുമായി തിളങ്ങി റാഫീഞ്ഞ; 2015നു ശേഷം ആദ്യമായി ബയണിനെ വീഴ്ത്തി ബാർസ, സിറ്റിയും ലിവർപൂളും ജയിച്ചു– വിഡിയോ
Mail This Article
ബാർസിലോന∙ യുവേഫ ചാംപ്യൻസ് ലീഗിൽ വർഷങ്ങളായി കൊണ്ടുനടന്നിരുന്ന ഒരു പക ബാർസിലോന വീട്ടി. ബ്രസീലിയൻ സൂപ്പർതാരം റാഫീഞ്ഞ ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ ആവേശപ്പോരാട്ടത്തിൽ ജർമൻ വമ്പൻമാരായ ബയൺ മ്യൂണിക്കിനെയാണ് ബാർസ വീഴ്ത്തിയത്. 4–1നാണ് ബാർസയുടെ വിജയം. ഇടവേളയ്ക്കു പിരിയുമ്പോൾ ബാർസ 3–1നു മുന്നിലായിരുന്നു. 2015നു ശേഷം ഇതാദ്യമായാണ് ബയൺ ബാർസയോടു തോൽക്കുന്നത്.
ഒന്ന്, 45, 56 മിനിറ്റുകളിലായാണ് റാഫീഞ്ഞ ഹാട്രിക് നേടിയത്. ബാർസയുടെ ഒരു ഗോൾ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കി 36–ാം മിനിറ്റിൽ നേടി. ഇംഗ്ലിഷ് താരം ഹാരി കെയ്ന്റെ (18–ാം മിനിറ്റ്) വകയാണ് ബയണിന്റെ ആശ്വാസഗോൾ. ബാർസ താരങ്ങളുടെ മിന്നുന്ന പ്രകടനത്തിനൊപ്പം സ്വന്തം താരങ്ങളുടെ പ്രതിരോധത്തിലെ പാളിച്ചകളും ബയണിന് വിനയായി. ചാംപ്യൻസ് ലീഗിൽ അവസാനത്തെ രണ്ടു കളികളും തോറ്റ ബയൺ നിലവിൽ 23–ാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ അത്‍ലറ്റിക്കോ മഡ്രിഡിനെ ഫ്രഞ്ച് ക്ലബ് ലീൽ തോൽപ്പിച്ചു. 3–1നാണ് ലീലിന്റെ വിജയം. ആദ്യ പകുതിയിൽ ഏകപക്ഷീമായ ഒരു ഗോളിനു പിന്നിലായിരുന്ന ലീൽ, രണ്ടാം പകുതിയിൽ മൂന്നു ഗോൾ തിരിച്ചടിച്ചാണ് വിജയം പിടിച്ചത്. ലീലിനായി പകരക്കാരൻ താരം ജൊനാഥൻ ഡേവിഡ് ഇരട്ടഗോൾ നേടി. 74–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ലക്ഷ്യം കണ്ട ജൊനാഥൻ, 89–ാം മിനിറ്റിലാണ് അടുത്ത ഗോൾ നേടിയത്. ലീലിന്റെ ആദ്യ ഗോൾ ഈഡൻ ഷെഗ്രോവ 61–ാം മിനിറ്റിൽ നേടി. എട്ടാം മിനിറ്റിൽ യൂലിയൻ അൽവാരസാണ് അത‌്‌ലറ്റിക്കോയ്‌ക്കായി ഗോൾ നേടിയത്.
ഇംഗ്ലിഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി, ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള സ്പാർട്ട പ്രേഗിനെ തോൽപ്പിച്ചു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. സിറ്റിക്കായി സൂപ്പർതാരം എർലിങ് ഹാലണ്ട് ഇരട്ടഗോൾ നേടി. 58, 68 മിനിറ്റുകളിലാണ് ഹാലണ്ട് ലക്ഷ്യം കണ്ടത്. ഫിൽ ഫോഡൻ (3–ാം മിനിറ്റ്), ജോൺ സ്റ്റോൺസ് (64), മാത്യൂസ് ന്യൂനസ് (88–ാം മിനിറ്റ്, പെനൽറ്റി) എന്നിവരാണ് ശേഷിക്കുന്ന ഗോളുകൾ നേടിയത്. മറ്റൊരു പ്രിമിയർ ലീഗ് ക്ലബായ ലിവർപൂൾ ജർമനിയിൽനിന്നുള്ള ആർബി ലെയ്പ്സിഗിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു. 27–ാം മിനിറ്റിൽ ഡാർവിൻ ന്യൂനസാണ് വിജയഗോൾ നേടിയത്.
മറ്റു മത്സരങ്ങളിൽ ഇന്റർ മിലാൻ യങ് ബോയ്സിനെയും (1–0), ഡൈനാമോ സാഗ്രബ് റെഡ് ബുൾ സാൽസ്ബർഗിനെയും (2–0), ഫെയെനൂർദ് ബെൻഫിക്കയെയും (3–1), തോൽപ്പിച്ചു. ബയർ ലെവർക്യൂസൻ – ബ്രെസ്റ്റ് മത്സരവും (1–1), അറ്റലാന്റ – സെൽറ്റിക് മത്സരവും (0–0) സമനിലയിൽ അവസാനിച്ചു.