കൊച്ചിയിൽ തൊട്ടതെല്ലാം പിഴച്ചു; ബെംഗളൂരു എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോൽവി (3–1)
Mail This Article
കൊച്ചി ∙ പ്രീതം കോട്ടാലിനു കാൽപ്പിഴവ്; സോം കുമാറിനു കൈപ്പിഴവ്! തീ ചിതറിയ ഐഎസ്എൽ പോരിൽ കേരളത്തിന്റെ കൊമ്പൻമാരെ ബെംഗളൂരു എഫ്‌സി 3–1നു മുട്ടുകുത്തിച്ചത് ആ വ്യക്തിഗത പിഴവുകളിൽ. അർധാവസരങ്ങൾ പോലും മുതലാക്കുന്നതിൽ ബെംഗളൂരിന്റെ മികവു വീണ്ടും തെളിഞ്ഞ രാവിൽ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ മിന്നൽ സേവുകളും ബ്ലാസ്റ്റേഴ്സിനു വിലങ്ങിട്ടു. ഹോർഹെ പെരേര ഡയസും (8–ാം മിനിറ്റ്), എഡ്‌ഗാർ മെൻഡസും (74, 90+4) ബെംഗളൂരുവിനായി സ്കോർ ചെയ്തപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ (പെനൽറ്റി– 45+2) ഹെസൂസ് ഹിമെനെയിലൂടെ. ഐഎസ്എൽ സീസണിൽ ഇതുവരെ ഗോൾ വഴങ്ങാതിരുന്ന ബെംഗളൂരുവിന്റെ വല ചലിപ്പിക്കാൻ കഴിഞ്ഞുവെന്നതിൽ ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം.
പരുക്കു മൂലം മൊറോക്കൻ വിങ്ങർ നോവ സദൂയി ഇറങ്ങാതിരുന്നത് ബ്ലാസ്റ്റേഴ്സിനു വലിയ തിരിച്ചടിയായി. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നവംബർ 3ന് മുംബൈ സിറ്റി എഫ്സിക്കെതിരെ മുംബൈയിൽ. പോയിന്റ് പട്ടികയിൽ ബെംഗളൂരു 16 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 8 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്കിറങ്ങി.
∙ ചീപ് ആൻഡ് ചിപ് ഗോൾ!
കളി 8–ാം മിനിറ്റിൽ നിൽക്കെ, ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് പ്രീതം കോട്ടാലിനു പറ്റിയതു വൻപിഴവ്. അലക്സാന്ദ്രെ കോയെഫ് നൽകിയ പന്ത് പ്രീതം ടാപ് ചെയ്യാൻ നൊടിയിട വൈകി. എന്നത്തേയും പോലെ കുതിച്ചെത്തിയ ബെംഗളൂരു സ്ട്രൈക്കർ ഹോർഹെ പെരേര ഡയസ് പന്ത് തട്ടിയെടുത്തതും ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സോം കുമാറിനു മുകളിലൂടെ വലയിലേക്കു ചിപ് ചെയ്തതും കണ്ണടച്ചു തുറക്കും മുൻപേ കഴിഞ്ഞു; ബെംഗളൂരു മുന്നിൽ. മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ പെരേരയുടെ, ഗോളിനേക്കാൾ മൂർച്ചയേറിയ ആഘോഷം!
പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി ശ്രമം. സന്ദീപ് സിങ്ങിന്റെ മനോഹരമായ ത്രൂ പാസ് പിടിച്ചെടുത്ത ഹെസൂസ് ഹിമെനെ തൊടുത്ത ലോങ്റേഞ്ചർ ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സന്ധു പറന്നുയർന്നു കുത്തിയകറ്റിയതു ക്രോസ് ബാറിൽ ഉരുമി പുറത്തേക്ക്. ക്രോസ് ബാർ ഹെസൂസിനു നിർഭാഗ്യമാകുന്നതു സീസണിൽ മൂന്നാം വട്ടം. വൈകാതെ പെപ്രയും ഷോട്ട് ഉതിർത്തെങ്കിലും ഗോൾ കീപ്പർ സന്ധുവിനെ മറികടക്കാനായില്ല.
∙ പെപ്ര–ഹെസൂസ് ഗോൾ!
നിറഞ്ഞു കവിഞ്ഞ ഗാലറി ആഹ്ലാദത്താൽ പൊട്ടിത്തെറിച്ചത് ആദ്യ പകുതിയുടെ അധിക സമയത്ത്. മൈതാന മധ്യത്തിൽ നിന്നു സ്വീകരിച്ച പന്തുമായി കുതിച്ചു കയറിയ പെപ്രയ്ക്കു പിന്നിലായിപ്പോയി ബെംഗളൂരു പ്രതിരോധ നിര. ബോക്സിലേക്കു കുതിച്ചു കയറിയ പെപ്രയെ രാഹുൽ ഭെകെ വീഴ്ത്തി. പെനൽറ്റി. സ്പാനിഷ് സ്ട്രൈക്കർ ഹിമെനെ തൊടുത്ത വലംകാൽ കിക്ക് പറന്നിറങ്ങിയതു സന്ധുവിന്റെ വലതു വശത്തു കൂടി ഗോളിൽ. സീസണിൽ ബെംഗളൂരു വലയിലെത്തിയ ആദ്യ ഗോൾ!
ജയത്തിനു ശ്രമിക്കവേ, 74 –ാം മിനിറ്റിൽ മറ്റൊരു പിഴവിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും പിന്നിലായി. വലതു വിങ്ങിൽ ബോക്സിനു വളരെ പുറത്തു നിന്ന് ആൽബെർട്ടോ നൊഗേരയുടെ ഫ്രീകിക്ക് ഉയർന്നെത്തിയതു ബ്ലാസ്റ്റേഴ്സ് കാവൽക്കാരൻ സോം കുമാറിന്റെ കൈകളിൽ. പക്ഷേ, ആ കൈകൾ ചോർന്നു. പകരക്കാരനായിറങ്ങിയ ബെംഗളൂരു സ്ട്രൈക്കർ എഡ്ഗാർ മെൻഡസ് അനായാസം പന്തു തിരിച്ചതു ഗോളിലേക്ക്.
കളിയുടെ അവസാന നിമിഷം കൗണ്ടർ അറ്റാക്കിൽ മെൻഡസ് വീണ്ടും ലക്ഷ്യം കണ്ടതോടെ ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി ബെംഗളൂരുവിനു മുന്നിൽ കീഴടങ്ങി.