റയലിനെ കുരുക്കി ബാർസയുടെ ഹൈലൈൻ ഡിഫൻസ്; റയൽ താരങ്ങൾ ഓഫ്സൈഡിൽ കുരുങ്ങിയത് 12 തവണ, എംബപ്പെ മാത്രം 9 വട്ടം!
Mail This Article
മഡ്രിഡ് ∙ ‘ഹാൻസി ഫ്ലിക്കിനു കീഴിൽ ബാർസിലോന എങ്ങനെയുണ്ട്?’– ഇനിയും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽറയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയോടു ചോദിച്ചാൽ മതി. സാന്തിയാഗോ ബെർണബ്യൂവിൽ ഫ്ലിക്കിന്റെ ‘പുതുപ്പിള്ളേർ’ റയലിനെ തകർത്തു തരിപ്പണമാക്കുമ്പോൾ അങ്കങ്ങളേറെ കണ്ടിട്ടുള്ള ആഞ്ചലോട്ടിയുടെ മുഖത്തു തന്നെ അതിനുള്ള ഉത്തരമുണ്ടായിരുന്നു!
ഗോളുകളിൽ മാത്രമല്ല, കളിയിലെ തന്ത്രങ്ങളിലും റയലിനെ നിഷ്പ്രഭരാക്കി ബാർസിലോന സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ കുറിച്ചത് ഗംഭീര ജയം (4–0). റയലിന്റെ മൈതാനത്ത്, മുപ്പത്തിയാറുകാരൻ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ടഗോളുകളിലാണ് ബാർസ വിജയം ഉറപ്പിച്ചതെങ്കിൽ അതിനു വഴിമരുന്നിട്ടത് പതിനേഴുകാരൻ ലമീൻ യമാലിന്റെ നേതൃത്വത്തിലുള്ള യുവനിര. യമാൽ, റാഫിഞ്ഞ എന്നിവരും ബാർസയ്ക്കായി സ്കോർ ചെയ്തു. രണ്ടാം പകുതിയിലായിരുന്നു ബാർസയുടെ ഗോളുകളെല്ലാം. ജയത്തോടെ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബാർസയ്ക്ക് 6 പോയിന്റ് ലീഡായി.
∙ ഗോൾഡൻ ഹാഫ്
ആദ്യ പകുതിയിൽ റയലിനെ നന്നായി പഠിച്ച ശേഷം രണ്ടാം പകുതിയിലാണ് ബാർസ വിശ്വരൂപം പൂണ്ടത്. നിര തെറ്റി നിന്ന റയൽ ഡിഫൻസിന്റെ ഒത്തിണക്കമില്ലായ്മ നന്നായി മുതലെടുത്താണ് 54, 56 മിനിറ്റുകളിലായി ലെവൻഡോവ്സ്കി തുടരെ 2 ഗോളുകൾ കുറിച്ചത്. ബാർസയുടെ അക്കാദമിയായ ലാ മാസിയയിൽ നിന്നുള്ള ഇരുപത്തിയൊന്നുകാരൻ മാർക് കസാഡോയായിരുന്നു ആദ്യ ഗോളിന്റെ സൂത്രധാരൻ. കസാഡോ നീട്ടിക്കൊടുത്ത പന്ത് ഓഫ്സൈഡ് കെണിയിൽ കുരുങ്ങാതെ പിടിച്ചെടുത്ത ലെവൻഡോവ്സ്കി പായിച്ച ലോ ഷോട്ട് റയൽ ഗോൾകീപ്പർ ആന്ദ്രെയ് ലുനിനെ മറികടന്നു. രണ്ടു മിനിറ്റിനു ശേഷമുള്ള രണ്ടാം ഗോൾ അതിലും മികച്ചത്
ഇരുപത്തിയൊന്നുകാരൻ അലഹാന്ദ്രോ ബാൾഡെ ബോക്സിലേക്കു നൽകിയ ക്രോസിലേക്ക് ഉയർന്നു ചാടിയ ലെവൻഡോവ്സ്കി തലവെട്ടിത്തിരിച്ച് പന്തിനെ വലയിലേക്കു വിടുമ്പോൾ റയൽ ഡിഫൻഡർമാരായ മിലിറ്റാവോയും റുഡിഗറും മെൻഡിയും അമ്പരന്നു നിൽക്കുകയായിരുന്നു. പിന്നാലെ ഹാട്രിക് തികയ്ക്കാൻ ലെവൻഡോവ്സ്കിക്ക് രണ്ട് അവസരങ്ങൾ കിട്ടിയെങ്കിലും മുതലാക്കാനായില്ല. ലാ ലിഗ സീസണിലെ ടോപ് സ്കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പോളണ്ട് സ്ട്രൈക്കർക്ക് 14 ഗോളുകളായി.
വെറ്ററൻ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ചിനെ ഇറക്കി കളി തിരിച്ചു പിടിക്കാൻ ആഞ്ചലോട്ടി ശ്രമിച്ചെങ്കിലും 77–ാം മിനിറ്റിൽ ബാർസ മൂന്നാം ഗോളും നേടി. റാഫിഞ്ഞ തൊട്ടുനീക്കി നൽകിയ പന്തിൽ ബോക്സിന്റെ വലതുപാർശ്വത്തിൽ നിന്ന് യമാൽ പായിച്ച ആംഗിൾഡ് ഷോട്ട് വലയുടെ മേൽക്കൂര തൊട്ടു. എൽ ക്ലാസിക്കോയിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും പതിനേഴുകാരൻ യമാൽ സ്വന്തമാക്കി.
84–ാം മിനിറ്റിൽ സ്വന്തം മൈതാനത്ത് റയലിന്റെ പതനം പൂർണമാക്കി ബാർസയുടെ നാലാം ഗോൾ. ഇനിഗോ മാർട്ടിനസ് ഉയർത്തി നൽകിയ പന്ത് റയൽ ഡിഫൻഡർ ലൂക്കാസ് വാസ്കെസിനെ ഓടിത്തോൽപിച്ച് പിടിച്ചെടുത്ത റാഫിഞ്ഞ മുന്നോട്ടു കയറിയെത്തിയ ലുനിന്റെ തലയ്ക്കു മുകളിലൂടെ പന്തിനെ ഗോളിലേക്കു കോരിയിട്ടു.
മത്സരത്തിൽ ലമീൻ യമാലിനെതിരെ വംശീയ അധിക്ഷേപമുണ്ടായി എന്ന ബാർസയുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് സ്പാനിഷ് ലീഗ് അധികൃതരും സ്പാനിഷ് സർക്കാരിന്റെ കീഴിലുള്ള സുപ്രീം സ്പോർട്സ് കൗൺസിലും അറിയിച്ചു.
∙ ബാർസയുടെ ഹൈലൈൻ ഡിഫൻസ്
റയലിന്റെ എംബപെ–വിനീസ്യൂസ് മുന്നേറ്റ സഖ്യത്തെ പിടിച്ചു കെട്ടാൻ ബാർസിലോന കോച്ച് ഹാൻസി ഫ്ലിക്ക് പയറ്റിയത് ഹൈലൈൻ ഡിഫൻസ് തന്ത്രം. പ്രതിരോധനിരയെ മുന്നോട്ടു കയറ്റി വിന്യസിച്ചതോടെ, പന്തു കിട്ടിയപ്പോഴെല്ലാം എംബപെയെ ഓഫ്സൈഡിൽ കുരുക്കാൻ ബാർസയ്ക്കായി.
മത്സരത്തിലാകെ 12 തവണയാണ് റയൽ താരങ്ങൾ ഓഫ്സൈഡിൽ കുരുങ്ങിയത്. അതിൽ ഒൻപതും എംബപെയുടെ പേരിൽ. രണ്ടു തവണ വലയിൽ പന്തെത്തിച്ചെങ്കിലും രണ്ടും അനുവദിക്കപ്പെട്ടില്ല. ഓൺസൈഡായി എംബപെ ഗോളിനടുത്തെത്തിയ അവസരങ്ങളിൽ ബാർസ ഗോൾകീപ്പർ ഇനാകി പെന്യ വഴിയടയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ചാംപ്യൻസ് ലീഗ് മത്സരത്തിൽ ഡോർട്മുണ്ടിനെതിരെ ഹാട്രിക് നേടിയ റയലിന്റെ ബ്രസീലിയൻ സ്ട്രൈക്കർ വിനീസ്യൂസിനെ പിടിച്ചുകെട്ടാനും പതിനേഴുകാരൻ പൗ കുബർസി അടങ്ങിയ ബാർസയുടെ പ്രതിരോധ നിരയ്ക്കായി. ലാ ലിഗയിൽ പരാജയമറിയാതെ 42 മത്സരങ്ങൾ പിന്നിട്ട ശേഷമാണ് റയലിന്റെ തോൽവി. ഇതോടെ 2017–2018 കാലയളവിൽ ബാർസ കുറിച്ച റെക്കോർഡ് ഭദ്രം (43 മത്സരങ്ങൾ).