കിടിലൻ കണ്ണൂർ; മലപ്പുറം എഫ്സിക്കെതിരെ 4–3ന് ജയം, സെമി ഉറപ്പിച്ച് കണ്ണൂർ വോറിയേഴ്സിന്റെ കുതിപ്പ്
Mail This Article
കോഴിക്കോട് ∙ 97 മിനിറ്റിനിടെ പിറന്നുവീണത് ഏഴു ഗോളുകൾ, പത്ത് മഞ്ഞക്കാർഡുകൾ, ഒരു ചുവപ്പുകാർഡ്. സൂപ്പർലീഗ് കേരളയിൽ ആദ്യാവസാനം ത്രില്ലറായി മാറിയ പോരാട്ടത്തിനൊടുവിൽ മലപ്പുറം എഫ്സിയെ 4–3ന് തോൽപിച്ച കണ്ണൂർ വോറിയേഴ്സ് സെമി ഉറപ്പിച്ചു.
ഒൻപതു കളികളിൽനിന്ന് 16 പോയിന്റാണ് കണ്ണൂരിന്റെ സമ്പാദ്യം. 9 പോയിന്റുള്ള മലപ്പുറം എഫ്സിക്ക് അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ തോൽപിച്ചാൽ മാത്രമേ സെമി സാധ്യതയുള്ളൂ.
കണ്ണൂരിനുവേണ്ടി മൂന്നാം മിനിറ്റിൽ എയ്സർ ഗോമസ് ആദ്യഗോളും എട്ടാം മിനിറ്റിൽ മിഡ്ഫീൽഡർ പ്രഗ്യാൻ രണ്ടാം ഗോളും നേടി. 28–ാം മിനിറ്റിൽ മലപ്പുറത്തിനു വേണ്ടി ഫസലു റഹ്മാൻ ഗോൾ നേടിയതോടെ ആരാധകർ ആവേശത്തിലായി. ആദ്യ പകുതിയുടെ അധികസമയത്ത് ക്യാപ്റ്റൻ എയ്റ്റർ ആൽഡലിറിലിന്റെ ഫ്രീകിക്ക് ഗോളിലൂടെ മലപ്പുറം ഒപ്പമെത്തി.
49–ാം മിനിറ്റിൽ സ്പാനിഷ് താരം സാർഡിനീറോയുടെ ഗോളിലൂടെ കണ്ണൂർ 3–2ന് മുന്നിലെത്തി. 53–ാം മിനിറ്റിൽ മലപ്പുറത്തിനുവേണ്ടി ബ്രസീലിയൻ താരം ബർബോസ ലക്ഷ്യം കണ്ടതോടെ സ്കോർ 3–3.
66–ാം മിനിറ്റിൽ കണ്ണൂരിന്റെ ഡിഫൻഡർ മുൻമുൻ തിമോത്തി ചുവപ്പുകാർഡ് കിട്ടി പുറത്തായി. പത്തു പേരായി ചുരുങ്ങിയെങ്കിലും, 81–ാം മിനിറ്റിൽ അലിസ്റ്റർ ആന്റണിയുടെ ഗോളിൽ കണ്ണൂർ വിജയമുറപ്പിച്ചു.