യുണൈറ്റഡിന് തോൽവി, സിറ്റിക്ക് ജയം; മുഹമ്മദ് സലായുടെ ഗോളിൽ ആർസനലിനെ തളച്ച് ലിവർപൂൾ (2–2)
Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഇൻജറി ടൈം ഗോളിൽ വെസ്റ്റ് ഹാമാണ് എറിക് ടെൻ ഹാഗിന്റെ ടീമിനെ വീഴ്ത്തിയത്. (2–1). സ്വന്തം മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ 74–ാം മിനിറ്റിൽ ക്രൈസൻസിയോ സമർവിലിന്റെ ഗോളിലൂടെ ആതിഥേയർ മുന്നിലെത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ കാസെമിറോയിലൂടെ (81–ാം മിനിറ്റ്) യുണൈറ്റഡ് തിരിച്ചടിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്നു കരുതിയപ്പോഴാണ് ഇൻജറി ടൈമിൽ (90+2) ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ജാരദ് ബോവൻ വെസ്റ്റ്ഹാമിന് വിജയം സമ്മാനിച്ചത്.
ലീഗിലെ കരുത്തൻമാരുടെ പോരിൽ ആർസനലിനെ ലിവർപൂൾ സമനിലയിൽ തളച്ചു. ആദ്യ പകുതിയിൽ 2–1നു മുന്നിലായിരുന്ന ആർസലിനെ, 81–ാം മിനിറ്റിൽ സൂപ്പർതാരം മുഹമ്മദ് സലാ നേടിയ ഗോളിലാണ് ലിവർപൂൾ തളച്ചത്. ആർസലിനായി ബുകായോ സാക (9–ാം മിനിറ്റ്), മൈക്കൽ മെറീനോ (43) എന്നിവരാണ് ലക്ഷ്യം കണ്ടത്. വിർജിൽ വാൻദേക്കിന്റെ (18–ാം മിനിറ്റ്) വകയാണ് ലിവർപൂളിന്റെ ആദ്യ ഗോൾ.
ഒൻപതു കളികളിൽനിന്ന് 22 പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്തും 18 പോയിന്റുമായി ആർസനൽ മൂന്നാം സ്ഥാനത്തും തുടരുന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ സതാംപ്ടനെ 1–0ന് തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി 9 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 5–ാം മിനിറ്റിൽ സൂപ്പർ താരം എർലിങ് ഹാളണ്ടാണ് സിറ്റിയുടെ വിജയഗോൾ നേടിയത്.
മറ്റു പ്രധാന മത്സരങ്ങളിൽ ചെൽസി 2–1ന് ന്യൂകാസിലിനെയും ക്രിസ്റ്റൽ പാലസ് 1–0ന് ടോട്ടനത്തെയും തോൽപിച്ചു.