ADVERTISEMENT

പാരിസ് ∙ ബലോൻ ദ് ഓർ പുരസ്കാര ജേതാവ് ആരെന്നറിയാൻ ഇത്തവണ പ്രഖ്യാപനം വേണ്ടി വന്നില്ല; അതിനു മുൻപുള്ള ബഹിഷ്കരണം തന്നെ ധാരാളമായിരുന്നു! തങ്ങളുടെ ബ്രസീലിയൻ സ്ട്രൈക്കർ വിനീസ്യൂസിനു പുരസ്കാരമില്ല എന്ന ‘രഹസ്യവിവര’ത്തിന്റെ പേരിൽ റയൽ മഡ്രിഡ് ക്ലബ് ഒന്നാകെ ചടങ്ങ് ബഹിഷ്കരിച്ചതോടെ എല്ലാ കണ്ണുകളും ക്യാമറകളും ഫോക്കസ് ചെയ്തത് ഒരാളിലേക്ക്– മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽ‍‍ഡർ റോഡ്രി! 

രണ്ടു മണിക്കൂറോളം നീണ്ട ചടങ്ങിന്റെ അവസാനം മുൻ പുരസ്കാര ജേതാവും  ലൈബീരിയൻ മുൻ പ്രസിഡന്റുമായ ജോർജ് വിയ റോഡ്രിയുടെ പേരു പ്രഖ്യാപിച്ചതോടെ ഹാളിൽ ഒന്നാകെ കരഘോഷം. പരുക്കു മൂലം വിശ്രമിക്കുന്ന റോഡ്രി ക്രച്ചസിലാണ് വേദിയിലെത്തിയത്.

ഫ്രാൻസ് ഫുട്ബോൾ മാസിക നൽകുന്ന വിഖ്യാതമായ പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷമുള്ള പ്രസംഗത്തിലുടനീളം കുടുംബത്തിനും ടീമിനുമായുള്ള നന്ദി പറച്ചിൽ. പിന്നാലെ മികച്ച വനിതാ ഫുട്ബോളറായി തുടരെ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട അയ്റ്റാന ബോൺമറ്റിക്കൊപ്പം ഫൊട്ടോ സെഷൻ. ലോക ചാംപ്യൻമാരായ സ്പെയിൻ വനിതാ ടീമിനും ബാർസിലോന ക്ലബ്ബിനും വേണ്ടി പുറത്തെടുത്ത മികവാണ് ഇരുപത്തിയാറുകാരി അയ്റ്റാനയെ വീണ്ടും പുരസ്കാരത്തിലെത്തിച്ചത്. 

2003നു ശേഷം ഇതാദ്യമായി ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇല്ലാതെ പോയ പുരുഷ താരങ്ങളുടെ അന്തിമ പട്ടികയിൽ റോഡ്രിക്കും വിനീസ്യൂസിനുമാണ് ഏറ്റവും സാധ്യത കൽപിക്കപ്പെട്ടിരുന്നത്. ഫിഫ റാങ്കിങ്ങിൽ ആദ്യ 100 സ്ഥാനങ്ങളിൽ നിന്നുള്ള രാജ്യങ്ങളിലെ മാധ്യമപ്രവർത്തകർ പങ്കെടുത്ത വോട്ടിങ് അനുകൂലമായത് റോഡ്രിക്ക്. സ്പെയിൻ ദേശീയ ടീമിനും മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിനും വേണ്ടി പുറത്തെടുത്ത മികവാണ് ഇരുപത്തിയെട്ടുകാരൻ റോഡ്രിയെ പുരസ്കാരത്തിലെത്തിച്ചത്. 

സ്പെയിനെ യൂറോ കപ്പ് ജേതാക്കളാകുന്നതിൽ നിർണായക പങ്കുവഹിച്ച റോഡ്രി ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ സിറ്റി തുടർച്ചയായ നാലാം തവണയും ജേതാക്കളായപ്പോഴും റോഡ്രിയുടെ പങ്കു പ്രധാനപ്പെട്ടതായിരുന്നു. സിറ്റിയുടെ ട്രെബിൾ നേട്ടത്തിന്റെ  (പ്രിമിയർ ലീഗ്, എഫ്എ കപ്പ്, ചാംപ്യൻസ് ലീഗ്) പ്രധാന ശിൽപികളിലൊരാളും റോഡ്രി തന്നെ. അതേ വർഷം സ്പെയിനൊപ്പം  നേഷൻസ് ലീഗും സ്വന്തമാക്കി. ചാംപ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്,  നേഷൻസ് ലീഗ്, യൂറോ കപ്പ് എന്നിങ്ങനെ 4 മേജർ ടൂർണമെന്റുകളിലെ മികച്ച താരമെന്ന അപൂർവനേട്ടവും റോഡ്രി സ്വന്തമാക്കിയിരുന്നു. 

യുഎസ് വനിതാ ടീം പരിശീലക എമ്മ ഹയെസിനാണ് മികച്ച വനിതാ ടീം കോച്ചിനുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം. റയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് മികച്ച പുരുഷ ടീം കോച്ച്. ബാർസിലോന താരം ലമീൻ യമാലിനാണ് മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി ആസ്റ്റൻ വില്ലയുടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നിലനിർത്തി. ഹാരി കെയ്ൻ, കിലിയൻ എംബപെ എന്നിവർ മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി പങ്കുവച്ചു. 

മികച്ച പുരുഷ ക്ലബ്ബിനുള്ള പുരസ്കാരം റയൽ മഡ്രിഡും മികച്ച വനിതാ ക്ലബ്ബിനുള്ള പുരസ്കാരം ബാർസിലോനയും സ്വന്തമാക്കി. സാമൂഹിക പ്രതിബദ്ധതയുള്ള ഫുട്ബോളർക്കുള്ള സോക്രട്ടീസ് അവാർഡ് സ്പെയിൻ വനിതാ താരം ജെന്നിഫർ ഹെർമോസോ നേടി. 

∙ യാത്ര റദ്ദാക്കി റയൽ മഡ്രിഡ്

ബലോൻ ദ് ഓർ പുരസ്കാരച്ചടങ്ങിനായി അൻപതോളം പേ‍ർ അടങ്ങുന്ന സംഘവുമായി പാരിസിലേക്കു പോകാനിരുന്ന റയൽ മഡ്രിഡ് ക്ലബ് തീരുമാനം മാറ്റിയത് അവസാന നിമിഷം. വിനീസ്യൂസിനു മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ഇല്ല എന്നറിഞ്ഞതോടെയാണ് പ്രതിഷേധസൂചകമായി ക്ലബ് ചടങ്ങ് ബഹിഷ്കരിച്ചത്.

കഴിഞ്ഞ സീസണിൽ റയലിന്റെ സ്പാനിഷ് ലീഗ്, യുവേഫ ചാംപ്യൻസ് ലീഗ് കിരീടനേട്ടങ്ങളിൽ പ്രധാനപങ്കു വഹിച്ച ബ്രസീലിയൻ താരത്തിനാണ് പുരസ്കാരത്തിനു മുൻപുള്ള പ്രവചനങ്ങളിലെല്ലാം കൂടുതൽ സാധ്യത കൽപിക്കപ്പെട്ടിരുന്നത്. വിനീസ്യൂസിന് പുരസ്കാരം നിഷേധിച്ചത് വംശീയതയ്ക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിലാണ് എന്നും വിമർശനമുയർന്നു. 

English Summary:

Ballon d'Or award to Rodri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com