ഹോം ഗ്രൗണ്ടിൽ ബൂട്ടഴിച്ചു; പ്രഫഷനൽ ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച് അനസ് എടത്തൊടിക
Mail This Article
മലപ്പുറം ∙ സ്വന്തം മണ്ണിൽ അവസാന മത്സരം കളിച്ച്, പ്രഫഷനൽ ഫുട്ബോളിനോടു വിടപറഞ്ഞ് ഇന്ത്യൻ താരം അനസ് എടത്തൊടിക. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്സിയുടെ ക്യാപ്റ്റനായിരുന്ന മുപ്പത്തിയേഴുകാരൻ അനസ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിനെതിരെ കളത്തിലിറങ്ങിയിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അനസ് ഏഷ്യൻ കപ്പിൽ ഉൾപ്പെടെ 21 തവണ ഇന്ത്യൻ ജഴ്സിയിൽ ഡിഫൻഡറായി കളത്തിലിറങ്ങിയിട്ടുണ്ട്. 2017ൽ കംബോഡിയയ്ക്കെതിരെ സൗഹൃദ മത്സരത്തിലൂടെ
രാജ്യത്തിനായി അരങ്ങേറിയ അനസ് അതേ വർഷം ത്രിരാഷ്ട്ര സീരീസിലും അടുത്ത വർഷം ഇന്റർ കോണ്ടിനെന്റൽ കപ്പിലും ചാംപ്യൻമാരായ ടീമിലുണ്ടായിരുന്നു. 2019ലാണ് ദേശീയ ജഴ്സിയിൽ അവസാന മത്സരം കളിച്ചത്.
പ്രാദേശിക ഫുട്ബോൾ ടീമുകളിലൂടെ കളിച്ചു തുടങ്ങിയ അനസ് 2007 മുതൽ 2011 വരെ മുംബൈ എഫ്സിക്കും 2011–15 കാലയളവിൽ പുണെ എഫ്സിക്കും വേണ്ടി കളിച്ചു. 2015ൽ ഡൽഹി ഡൈനമോസിലൂടെയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം. പിന്നീട് മോഹൻ ബഗാൻ, ജംഷഡ്പുർ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, എടികെ എന്നിവയ്ക്കായി കളിച്ചു. ഇടയ്ക്ക് പരുക്കുമൂലം വിശ്രമത്തിലായിരുന്ന അനസ് ഗോകുലം കേരള ടീമിലൂടെ വീണ്ടും കളത്തിൽ തിരിച്ചെത്തി. പിന്നീട് സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സി ക്യാപ്റ്റനുമായി.