‘പച്ച’യായ സ്നേഹം!; മുംബൈ സിറ്റി താരങ്ങളുടെ ടാറ്റൂകൾക്കു പിന്നിലെ കഥകൾ..
Mail This Article
മുംബൈയുടെ സെന്റർ ബാക്ക് ടിറിയുടെ കാലുകൾ ഫുട്ബോളിനു സ്വന്തമെങ്കിലും ഇടംകൈ ‘ഇന്ത്യ’യ്ക്കു വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുകയാണ്. കൈത്തണ്ട മുതൽ തോൾ വരെ ഇന്ത്യയോടുള്ള സ്നേഹം പച്ചകുത്തി നിറച്ചിരിക്കുകയാണ് ഈ സ്പാനിഷ് താരം. 45 ദിവസമെടുത്ത് പൂർത്തിയാക്കിയ ടാറ്റൂവിലുള്ളതു ശ്രീബുദ്ധനും ബംഗാൾ കടുവയും. തോളിൽ ഇന്ത്യ എന്ന വാക്കും പച്ചകുത്തിയിട്ടുണ്ട്. ടാറ്റൂവിനു പിന്നിലെ രഹസ്യം ഇങ്ങനെ: ‘ശ്രീബുദ്ധനോട് എന്നും എനിക്ക് ആദരവും സ്നേഹവുമുണ്ട്.
ബുദ്ധന്റെ ചിത്രങ്ങളും രൂപങ്ങളും എന്റെ വീട്ടിൽ വാങ്ങിവച്ചിട്ടുണ്ട്. പച്ചകുത്തിയതു സ്പെയിനിൽ വച്ചാണെങ്കിലും ഇന്ത്യയോടുള്ള സ്നേഹമാണീ ടാറ്റൂവിനു പിന്നിൽ.’ ടിറി എന്ന ഹോസെ ലൂയിസ് അറോയോയുടെ ഇടംകാലിലെ ടാറ്റൂവിനുമുണ്ട് വേറിട്ട കഥ. 4 ത്രികോണങ്ങൾ ചേർന്നതാണ് ടാറ്റൂ. താനും മൂന്നു സഹോദരങ്ങളുമാണ് ആ ടാറ്റൂവിലെ ത്രികോണങ്ങളെന്നു ടിറി പറയുന്നു.
മുംബൈ നിരയിൽ വേറിട്ട ടാറ്റൂകൾ സ്വന്തമാക്കിയ താരങ്ങൾ വേറെയുമുണ്ട്. ഫ്രഞ്ച് മിഡ്ഫീൽഡർ ജെറമി മൻസോറോയുടെ ദേഹം മുഴുവൻ ടാറ്റൂവാണ്. ഇടംകയ്യിൽ സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും പേരും ജന്മദിനവും. വലംകയ്യിലും പുറത്തും ക്രിസ്തുവും മാതാവും.
ചുമലിൽ ഫ്രഞ്ച് ഭാഷയിലൊരു നീണ്ട വാചകമുണ്ട്.നിങ്ങളുടെ ജീവിതമൊരു സ്വപ്നമാക്കുക, ആ സ്വപ്നം യാഥാർഥ്യമാക്കുക എന്നതാണ് അർഥം. ഗ്രീക്ക് താരം നിക്കൊളാസ് കരേലിസിന്റെയും കയ്യിലും പുറത്തുമെല്ലാം വലിയ ടാറ്റൂകളുണ്ട്.