ADVERTISEMENT

കൊച്ചി ∙ 6 ടീമുകൾ 4 വേദികളിലായി പന്തടിച്ചു തിമിർത്ത സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ (എസ്എൽകെ) ആദ്യ പതിപ്പ്  കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോൾ അവശേഷിക്കുന്നതു 4 ടീമുകളും ഒരേയൊരു വേദിയും. സെമിഫൈനലുകൾക്കും ഫൈനലിനും കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയമാണു വേദി.

ആദ്യ സെമിഫൈനൽ 5നു കാലിക്കറ്റ് എഫ്സിയും തിരുവനന്തപുരം കൊമ്പൻസും തമ്മിൽ. 6ന് രണ്ടാം സെമിയിൽ ഫോഴ്സ കൊച്ചി എഫ്സിയും കണ്ണൂർ വോറിയേഴ്സും പടവെട്ടും. ഫൈനൽ 10ന്. എല്ലാ മത്സരങ്ങളുടെയും കിക്കോഫ് രാത്രി 7.30ന്. സ്റ്റാർ സ്പോർട്സ് ഫസ്റ്റിലും ഗൾഫിലുള്ളവർക്ക് മനോരമ മാക്സിലും മത്സരം കാണാം. 

കലക്കൻ കാലിക്കറ്റ് 

ലീഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 19 പോയിന്റുമായി ഒന്നാമതെത്തിയതു കാലിക്കറ്റ് എഫ്സി. 10 കളിയിൽ 5 ജയം, 4 സമനില, ഒരു തോൽവി എന്നിവയാണ് അക്കൗണ്ടിൽ. തോൽക്കാൻ ഏറ്റവും ‘മടി’ കാണിച്ച ടീമും അവർ തന്നെ. ഒരേയൊരു തോൽവി ലീഗിലെ അവസാന സ്ഥാനക്കാരായ തൃശൂർ മാജിക് എഫ്സിയോട്! ഏറ്റവും കൂടുതൽ ഗോളടിച്ചതും കാലിക്കറ്റാണ്; 18 ഗോൾ. വഴങ്ങിയത് 9 ഗോൾ മാത്രം. 

ഗോളടിയിൽ ഡോറിയെൽറ്റൻ 

ഫോഴ്സ കൊച്ചിയുടെ ബ്രസീലിയൻ സ്ട്രൈക്കർ ഡോറിയെൽറ്റൻ ഗോമസ് നാസിമെന്റോയാണ് നിലവിൽ ലീഗിലെ ടോപ് സ്കോറർ– 9 കളിയിൽ നിന്ന്  5 ഗോളുകൾ. കണ്ണൂരിന്റെ കാമറൂൺ മിഡ്ഫീൽഡർ ഏൺസ്റ്റൻ ലാവ്സാമ്പ പ്രതിരോധത്തിൽ ഓൾറൗണ്ട് മികവു കാണിച്ചു. 49 ഇന്റർസെപ്ഷനുകൾക്കു പുറമേ 43 ടാക്കിളുകളും പേരിലുണ്ട്. തൃശൂർ മാജിക് എഫ്സിയുടെ ബ്രസീലിയൻ താരം ലൂക്കാസ് സിൽവ 9 കളിയിൽ നടത്തിയതു 50 ടാക്കിളുകൾ.

English Summary:

Super League Kerala semi and final at Kozhikode corporation stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com