വിജയക്കുതിപ്പ് തുടർന്ന് ബാർസ, വീണ്ടും വൻ വിജയം (5–2); ആർസനലിനും ആസ്റ്റൺ വില്ലയ്ക്കും ആദ്യ തോൽവി, പിഎസ്ജിയും തോറ്റു– വിഡിയോ
Mail This Article
ബെൽഗ്രേഡ്∙ എൽ ക്ലാസിക്കോയിലേറ്റ കനത്ത തിരിച്ചടിയുടെ മുറിവുണങ്ങാതെ റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗിലും തോൽവി വഴങ്ങിയപ്പോൾ, അന്നത്തെ ജയത്തിന്റെ മധുരമൂറുന്ന ഓർമകളുമായി ബാർസിലോന വീണ്ടും വിജയതീരത്ത്. റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരായ ചാംപ്യൻസ് ലീഗ് മത്സരത്തിൽ ബാർസയുടെ വിജയം 5–2ന്. അതേസമയം, ഇംഗ്ലിഷ് വമ്പൻമാരായ ആർസനലും ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും തോൽവി രുചിച്ചു. ആർസനലിനെ ഇന്റർ മിലാനും (1–0), പിഎസ്ജിയെ അത്‌ലറ്റിക്കോ മഡ്രിഡുമാണ് (2–1) വീഴ്ത്തിയത്. ബയൺ മ്യൂണിച്ച് ഏകപക്ഷീയമായ ഒരു ഗോളിന് ബെൻഫിക്കയെ മറികടന്നു.
ഇരട്ടഗോളുമായി തിളങ്ങിയ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയുടെ നേതൃത്വത്തിലാണ് ബാർസ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ വീഴ്ത്തിയത്. 43, 53 മിനിറ്റുകളിലായാണ് ലെവൻഡോവ്സ്കി ഇരട്ടഗോൾ സ്വന്തമാക്കിയത്. ഇതോടെ, ചാംപ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർക്കു ശേഷം ഗോളടിയിൽ സെഞ്ചറി തികയ്ക്കുന്നതിന്റെ വക്കിലാണ് താരം. അതിനായി ഇനി വേണ്ടത് ഒരേൊരു ഗോൾ. ബാർസയുടെ മറ്റു ഗോളുകൾ ഇനിഗോ മാർട്ടിനസ് (13), റാഫീഞ്ഞ (55), ഫെർമിൻ ലോപ്പസ് (76) എന്നിവർ നേടി. റെഡ് സ്റ്റാറിനായി കടോംപ എംവുംപ (27), മിൽസൻ (84) എന്നിവരും ലക്ഷ്യം കണ്ടു.
സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ ഇൻജറി ടൈമിൽ ഏഞ്ചൽ കൊറയ നേടിയ ഗോളിലാണ് അത്‍ലറ്റിക്കോ മഡ്രിഡ് പിഎസ്ജിയെ വീഴ്ത്തിയത്. ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് കൊറയ ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ 14–ാം മിനിറ്റിൽ സയ്റെ–എമറിയിലൂടെ ലീഡ് നേടിയ ശേഷമാണ് പിഎസ്ജി മത്സരം കൈവിച്ചത്. അത്‌ലറ്റിക്കോ മഡ്രിഡിന്റെ സമനിലഗോൾ 18–ാം മിനിറ്റിൽ നഹുവേൽ മൊളീന നേടി.
ആദ്യപകുതിയുടെ ഇൻജറി ടൈമിൽ ഹാകൻ കൽഹാനോഗ്ലു പെനൽറ്റിയിൽനിന്ന് നേടിയ ഗോളിലാണ് ഇന്റർ മിലാൻ ആർസനലിനെ വീഴ്ത്തിയത്. ചാംപ്യൻസ് ലീഗിൽ ഈ സീസണിൽ ആർസനലിന്റെ ആദ്യ തോൽവിയാണിത്. ആർസനൽ ബോക്സിനുള്ളിൽ അവരുടെ താരം മൈക്കൽ മെറീനോയുടെ കയ്യിൽ പന്ത് തട്ടിയതിനാണ് റഫറി ഇന്റർ മിലാന് പെനൽറ്റി അനുവദിച്ചത്.
അതേസമയം, ചാംപ്യൻസ് ലീഗിൽ തുടർച്ചയായി രണ്ടു മത്സരങ്ങൾ തോറ്റതിന്റെ ‘ക്ഷീണ’ത്തിലെത്തിയ ജർമൻ വമ്പൻമാരായ ബയൺ മ്യൂണിക്ക്, രണ്ടാം പകുതിയിൽ നേടിയ ഏക ഗോളിലാണ് പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ മറികടന്നത്. 67–ാം മിനിറ്റിൽ യുവതാരം ജമാൽ മുസിയാലയാണ് അവരുടെ വിജയഗോൾ നേടിയത്. ഇംഗ്ലിഷ് ക്ലബ് ആസ്റ്റൺ വില്ലയും ഈ സീസണിലെ ആദ്യ ചാംപ്യൻസ് ലീഗ് തോൽവി രുചിച്ചു. ബെൽജിയത്തിൽനിന്നുള്ള ക്ലബ് ബ്രൂഗാണ് ഏകപക്ഷീയമായ ഒരു ഗോളിന് വില്ലയെ വീഴ്ത്തിയത്. 52–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ക്ലബ് ബ്രൂഗിന്റെ ക്യാപ്റ്റൻ ഹാൻസ് വനാകെനാണ് ഗോള്‍ നേടിയത്.
മറ്റു മത്സരങ്ങളിൽ ഷാക്തർ ഡോണെട്സ്ക് യങ് ബോയ്സിനെയും (2–1), റെഡ് ബുൾ സാൽസ്ബർഗ് ഫെയനൂർദിനെയും (3–1), അറ്റലാന്റ സ്റ്റുട്ഗാർട്ടിനെയും (2–0) തോൽപ്പിച്ചു.