39-ാം വയസിൽ തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോളുമായി റോണോ; പോളണ്ടിനെ 5–1ന് വീഴ്ത്തി, സ്പെയിനും വിജയം– വിഡിയോ
Mail This Article
ലിസ്ബൺ∙ ബൈസിക്കിൾ കിക്ക് ഗോൾ ഉൾപ്പെടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുമായി മിന്നിയ മത്സരത്തിൽ പോളണ്ടിനെ തകർത്ത് പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ. ആകെ ആറു ഗോളുകൾ പിറന്ന മത്സരത്തിൽ 5–1നാണ് പോർച്ചുഗലിന്റെ വിജയം. നേരത്തേ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്ന സ്പെയിൻ, കരുത്തരായ ഡെൻമാർക്കിനെ 2–1ന് തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി. കരുത്തരായ ക്രൊയേഷ്യയെ സ്കോട്‌ലൻഡ് അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്കോട്‌ലൻഡിന്റെ വിജയം.
സെർബിയ – സ്വിറ്റ്സർലൻഡ് മത്സരം സമനിലയിൽ (1–1) സമനിലയിൽ അവസാനിച്ചതോടെ സ്പെയിൻ യോഗ്യത നേടിയ ഗ്രൂപ്പിൽനിന്ന് ഇനി ആരു കടക്കുമെന്ന് അറിയാൻ കാത്തിരിക്കണം.
പോർച്ചുഗൽ – പോളണ്ട് മത്സരത്തിൽ ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ആറു ഗോളുകളും പിറന്നത്. 72, (പെനൽറ്റി), 87 മിനിറ്റുകളിലായാണ് റൊണാൾഡോ ഇരട്ടഗോൾ നേടിയത്. പോർച്ചുഗലിന്റെ മറ്റു ഗോളുകൾ റാഫേൽ ലിയോ (59), ബ്രൂണോ ഫെർണാണ്ടസ് (80), പെഡ്രോ നെറ്റോ (83) എന്നിവർ നേടി. പോളണ്ടിന്റെ ആശ്വാസഗോൾ ഡൊമിനിക് മർസൂക് (88) നേടി. ഇതോടെ, അഞ്ച് നേഷൻസ് ലീഗ് മത്സരങ്ങളിൽനിന്ന് റൊണാൾഡോയുടെ സമ്പാദ്യം അഞ്ച് ഗോളുകളായി.
മൈക്കൽ ഒയാർസബാലും ആയോസ് പെരെസും മത്സരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകളിലാണ് സ്പെയിൻ ഡെൻമാർക്കിനെ തകർത്തത്. 15–ാം മിനിറ്റിലാണ് ഒയാർസബാലിലൂടെ സ്പെയിൻ ലീഡെടുത്തത്. 58–ാം മിനിറ്റിൽ പെരെസ് ലീഡ് വർധിപ്പിച്ചു. ഡെൻമാർക്കിന്റെ ആശ്വാസഗോൾ 84–ാം മിനിറ്റിൽ ഗുസ്താവ് ഇസാക്സൻ നേടി.
രണ്ടാം മഞ്ഞക്കാർഡ് കണ്ട പീറ്റർ സൂക്കിച് 43–ാം മിനിറ്റിൽ പുറത്തുപോയതാണ് സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ ക്രൊയേഷ്യയ്ക്ക് വിനയായത്. രണ്ടാം പകുതി പൂർണമായും 10 പേരുമായി പൊരുതിനിന്ന ക്രൊയേഷ്യയെ, 86–ാം മിനിറ്റിൽ ജോൺ മക്ഗിൻ നേടിയ ഗോളിലാണ് സ്കോട്‌ലൻഡ‍് വീഴ്ത്തിയത്. പോർച്ചുഗൽ 13 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി ക്വാർട്ടറിൽ കടന്ന ഗ്രൂപ്പിൽ, ഇതോടെ രണ്ടാം സ്ഥാനത്തോടെ മുന്നേറാൻ ഗ്രൂപ്പിലെ എല്ലാവർക്കും അവസരമായി.
മറ്റു മത്സരങ്ങളിൽ സൈപ്രസ് ലിത്വാനിയയെയും (2–1), നോർത്തേൺ അയർലൻഡ് ബെലാറൂസിനെയും (2–0), ബൾഗേറിയ ലക്സംബർഗിനെയും (1–0) തോൽപ്പിച്ചു. റുമാനിയ – കൊസോവോ മത്സരവും (0–0), സാൻ മരീനോ – ജിബ്രാൾട്ടർ മത്സരവും (1–1) സമനിലയിൽ അവസാനിച്ചു.