ADVERTISEMENT

ബുഡാപെസ്റ്റ്∙ യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ ബെൽജിയത്തെ അട്ടിമറിച്ച് ഇസ്രയേൽ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇസ്രയേൽ ബെൽജിയത്തെ വീഴ്ത്തിയത്. 86–ാം മിനിറ്റിൽ അരങ്ങേറ്റ താരം യാർദീൻ ഷുവായാണ് ഇസ്രയേലിന്റെ വിജയഗോൾ നേടിയത്. അതേസമയം, യുവേഫ നേഷൻസ് ലീഗിന്റെ ക്വാർട്ടറിൽ ഇടം ലഭിക്കാതെ പുറത്താകുന്നതിൽനിന്ന് ഇസ്രയേലിനെ രക്ഷിക്കാൻ ഈ അട്ടിമറി വിജയത്തിനും സാധിച്ചില്ല. ആറു കളികളിൽനിന്ന് ഒരേയൊരു ജയം മാത്രം നേടിയ ഇസ്രയേലും ബെൽജിയവും പുറത്തായി. ഇസ്രയേൽ ഗ്രൂപ്പ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടപ്പോൾ, ബെൽജിയത്തിന് പിടിച്ചുനിൽക്കാൻ പ്ലേ ഓഫ് കളിക്കണം.

ഇതേ ഗ്രൂപ്പിൽനിന്ന് ഫ്രാൻസും ഇറ്റലിയുമാണ് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസ് ഇറ്റലിയെ 3–1ന് തകർത്തു. അഡ്രിയാൻ റാബിയോട്ടിന്റെ ഇരട്ടഗോളാണ് ഫ്രാൻസിന് തകർപ്പൻ വിജയം സമ്മാനിച്ചത്. രണ്ട്, 65 മിനിറ്റുകളിലായിരുന്നു റാബിയോട്ടിന്റെ ഗോളുകൾ. ഇറ്റാലിയൻ ഗോൾകീപ്പർ ജ്യൂഗ്ലിയെൽമോ വികാരിനോ 33–ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളും ചേർന്നതോടെയാണ് ഫ്രാ‍ൻസിന്റെ തകർപ്പൻ വിജയം. ഇറ്റലിയുടെ ആശ്വാസഗോൾ ആന്ദ്രെ കാംബിയാസോ (35) നേടി.

റിപ്പബ്ലിക് ഓഫ് അയർലൻഡിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് അടുത്ത സീസണിൽ ഗ്രൂപ്പ് എയിൽ കളിക്കാൻ യോഗ്യത നേടി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ഗോളടിമേളം. 51–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ലിയാം സ്കെയിൽസ് പുറത്തുപോയതോടെയാണ് അയർലൻഡിന് മത്സരം കൈവിട്ടുപോയത്. ഹാരി കെയ്ൻ (53, പെനൽറ്റി), ആന്റണി ഗോർഡൻ (55–ാം മിനിറ്റ്), കോണർ ഗല്ലാഘർ (58), ജറോഡ് ബോവൻ (75), ടെയ്‌ലർ ഹാർവുഡ് ബെല്ലിസ് (79) എന്നിവരാണ് ഗോൾ നേടിയത്.

കസാഖ്സ്ഥാനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തകർത്ത് നോർവെയും ഗ്രൂപ്പ് എയിൽ ഇടംപിടിച്ചു. സൂപ്പർതാരം എർലിങ് ഹാലണ്ടിന്റെ ഹാട്രിക്കാണ് നോർവേയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. 23, 37, 71 മിനിറ്റുകളിലാണ് ഹാലണ്ട് ലക്ഷ്യം കണ്ടത്. ഇതോടെ, നേഷൻസ് ലീഗിലെ ടോപ് സ്കോറർ കൂടിയായി ഹാലണ്ട്. അലക്സണ്ടർ സോർലോത് (41), അന്റോണിയോ നൂസ (76) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.

മറ്റു മത്സരങ്ങളിൽ ഗ്രീസ് ഫിൻലൻഡിനെയും (2–0), അർമേനിയ ലാത്വിയയേയും (2–1), നോർത്ത് മാസിഡോണിയ ഫറോ ഐലൻഡ്സിനെയും (1–0) തോൽപ്പിച്ചു. ഓസ്ട്രിയ – സ്‌ലൊവേനിയ മത്സരം സമനിലയിൽ (1–1) അവസാനിച്ചു.

English Summary:

France top group after beating Italy, Israel upset Belgium and England crush Ireland in UEFA Nations League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com