ഗോളടിച്ചുകൂട്ടുന്ന ചെന്നൈയിൻ എഫ്സി, പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ തീരൂ
Mail This Article
കൊച്ചി ∙ ‘‘തന്ത്രങ്ങളിൽ പിഴവുണ്ടായി എന്നു ഞാൻ കരുതുന്നില്ല. അത്ര മോശമായല്ല, ഞങ്ങൾ ഇതുവരെ കളിച്ചത്’’– തുടർച്ചയായ തോൽവികളിലും കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ മികായേൽ സ്റ്റാറെയ്ക്കു കുറ്റബോധമില്ല. പക്ഷേ, സമ്മർദത്തിനു നടുവിലാണു കോച്ചും ബ്ലാസ്റ്റേഴ്സ് താരങ്ങളും. സീസണിൽ 8 കളികളിൽ 4 തോൽവിയും രണ്ടു വീതം ജയവും സമനിലയും. പോയിന്റ് പട്ടികയിൽ 10–ാം സ്ഥാനം. ഇടവേളയ്ക്കു ശേഷം ഇന്നു കളത്തിലിറങ്ങുമ്പോൾ സ്റ്റാറെ കൊതിക്കുന്നതു ജയം മാത്രം; ആശങ്കകൾക്കും കടുത്ത വിമർശനങ്ങളും മറുപടി അതു മാത്രമേയുള്ളു.
കലൂർ സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30നു നടക്കുന്ന ഐഎസ്എലിലെ സതേൺ ഡാർബിയിൽ എതിരാളികൾ 4–ാം സ്ഥാനക്കാരായ ചെന്നൈയിൻ എഫ്സി. മത്സര ടിക്കറ്റുകൾ ഇന്നു രാവിലെ 10 മുതൽ 6 വരെ സ്റ്റേഡിയം ബോക്സ് ഓഫിസിൽ ലഭിക്കും. ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ സച്ചിൻ സുരേഷ് ഇന്നു കളത്തിലിറങ്ങാനുള്ള സാധ്യതയുണ്ട്. ചുവപ്പു കാർഡ് വിലക്കിനു ശേഷം ക്വാമെ പെപ്രയും തിരിച്ചെത്തിയേക്കും.ചെന്നൈയിൻ എഫ്സിയുടെ മികച്ച ഫോം ബ്ലാസ്റ്റേഴ്സിനു ഭീഷണിയാണ്. 8 കളികളിൽ നിന്നു 16 ഗോളടിച്ചു കഴിഞ്ഞു അവർ. മറുഭാഗത്തു ബ്ലാസ്റ്റേഴ്സ് വഴങ്ങിയതാകട്ടെ, അത്ര തന്നെ ഗോളുകൾ! ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെക്കുറിച്ചു ചോദിച്ചപ്പോൾ സ്റ്റാറെ ചിലതൊക്കെ പറഞ്ഞു; എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായി മറുപടി നൽകിയതുമില്ല!
ടീമിന്റെ പ്രതിരോധം പ്രതിക്കൂട്ടിലാണല്ലോ?
ഓരോ മത്സരത്തെയും പ്രത്യേകം കാണണം. ശക്തരായ ബെംഗളൂരു എഫ്സിക്കെതിരെ നമ്മുടെ തന്ത്രങ്ങൾ മികച്ചതായിരുന്നില്ലേ? മുംബൈയുമായുള്ള മത്സരം നോക്കൂ. ആദ്യ 30 മിനിറ്റിൽ നാം അൽപം കഷ്ടപ്പെട്ടു. പിന്നീട് എത്ര ശക്തമായാണു തിരിച്ചുവന്നത്. അപ്രതീക്ഷിതമായി ലഭിച്ച ചുവപ്പു കാർഡാണു (ക്വാമെ പെപ്ര) താളം തെറ്റിച്ചത്. ഹൈദരാബാദ് എഫ്സിക്കെതിരെ പക്ഷേ അനായാസം ജയിക്കേണ്ടതായിരുന്നു എന്നതു സത്യം.
പക്ഷേ, തുടർച്ചയായി തോൽവികളാണല്ലോ?
ശരിയാണ്. തോൽവികളുണ്ടായി. പല കളികളിലും ഗോൾ വഴങ്ങുന്നതു തടയുന്നതിൽ വിജയിച്ചില്ല. അതിനു പരിഹാരം കാണണം. പക്ഷേ, എതിർപോസ്റ്റിൽ ഒട്ടേറെ ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും കഴിയുന്നുണ്ട്. ചാൻസുകളുടെ എണ്ണം നോക്കിയാൽ നമ്മുടെ ആക്രമണ ഘടനയിൽ കാര്യമായ പ്രശ്നമില്ലെന്നു മനസ്സിലാകും. കോച്ചിനൊപ്പമുണ്ടായിരുന്ന ക്യാപ്റ്റൻ അഡ്രിയൻ ലൂണ കൂട്ടിച്ചേർത്തു: പിഴവുകൾ ഏതെങ്കിലും വ്യക്തിയുടെയല്ല. ടീമിന്റെ മൊത്തം പിഴവാണ്. ഞങ്ങൾ തിരിച്ചുവരും...