ADVERTISEMENT

കോഴിക്കോട് ∙ ഗോൾ പെരുമഴയുമായി, ഹാട്രിക് വിജയം നേടി കേരളം ഇതാ ഹൈദരാബാദിലേക്ക് പറക്കുകയാണ്; സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടി. എച്ച് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ പുതുച്ചേരിയെ 7–0ന് തകർത്താണ് കേരളം ഗ്രൂപ്പ് ചാംപ്യൻമാരായി ഫൈനൽ റൗണ്ടിലേക്ക് കടന്നത്. മൂന്നു മത്സരങ്ങളിൽനിന്ന് 18 ഗോളുകൾ നേടിയ കേരളം ഒരു ഗോൾ പോലും വഴങ്ങിയില്ല. കേരള പൊലീസ് താരം ഇ.സജീഷിന്റെയും നസീബ് റഹ്മാന്റെയും ഇരട്ടഗോളുകളുടെ പിൻബലത്തിലാണ് പുതുച്ചേരിക്കെതിരെ കേരളത്തിന്റെ ഉജ്വല ജയം. ലക്ഷദ്വീപിനെതിരെ കഴിഞ്ഞ കളിയിൽ സജീഷ് ഹാട്രിക് നേടിയിരുന്നു.

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ, 11–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കിക്കിലൂടെയാണ് കേരളം ഗോളടി തുടങ്ങിയത്. മുഹമ്മദ് റോഷലിനെ പുതുച്ചേരിയുടെ ദിവാകർ ഫൗൾ ചെയ്തതിനു കിട്ടിയ കിക്ക് ഗനി അഹമ്മദ് നിഗം ഗോളിലെത്തിച്ചു. മുൻ ഈസ്റ്റ് ബംഗാൾ താരമായ മണ്ണാർക്കാട്ടുകാരൻ നസീബ് റഹ്മാന്റെ മികവിന്റെ തെളിവായിരുന്നു കേരളത്തിന്റെ രണ്ടാംഗോൾ. 14–ാം മിനിറ്റിൽ പി.ടി.മുഹമ്മദ് റിയാസ് നൽകിയ പന്തുമായി പ്രതിരോധനിരയ്ക്കിടയിലൂടെ ഡ്രിബിൾ ചെയ്തു കയറിയാണ് നസീബ് ലക്ഷ്യം കണ്ടത്. 19–ാം മിനിറ്റിൽ മുഹമ്മദ് മുഷറഫിന്റെ പാസിൽനിന്ന് സജീഷ് തന്റെ ആദ്യഗോൾ നേടിയതോടെ കേരളം 3–0നു മുന്നിൽ.

പകരക്കാരനായിറങ്ങിയ ക്രിസ്റ്റി ഡേവിസ് 53–ാം മിനിറ്റിൽ കേരളത്തിന്റെ ഗോളടി തുടർന്നു. മൈതാനമധ്യത്തിൽനിന്ന് എം.മനോജ് ഉയർത്തിനൽകിയ പാസ് ക്രിസ്റ്റി ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ മുന്നോട്ടുതള്ളി. പിന്നാലെ ആളില്ലാ പോസ്റ്റിലേക്ക് പന്തെത്തിക്കുകയും ചെയ്തു. 65–ാം മിനിറ്റിൽ നസീബ് റഹ്മാനും 67–ാം മിനിറ്റിൽ സജീഷും ഡബിൾ തികച്ചു. 67–ാം മിനിറ്റിൽ പകരക്കാരനായെത്തിയ ടി.ഷിജിൻ നാലു മിനിറ്റിനകം ഗോൾ കണ്ടെത്തിയതോടെ കേരളത്തിന്റെ ജയം പൂർണം (7–0). നസീബ് റഹ്മാനാണ് കളിയിലെ താരം. ഗ്രൂപ്പിൽ ഇന്നലെ നടന്ന ആദ്യകളിയിൽ റെയിൽവേസ് 1–0ന് ലക്ഷദ്വീപിനെ തോൽപിച്ചു.

9 ഗ്രൂപ്പ് ചാംപ്യൻമാരും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ സർവീസസ്, ഗോവ എന്നിവരും ആതിഥേയരായ തെലങ്കാനയുമാണ് ഹൈദരാബാദിൽ നടക്കുന്ന ഫൈനൽ റൗണ്ടിൽ മത്സരിക്കുക. ജമ്മു കശ്മീർ, ബംഗാൾ, മണിപ്പുർ, മേഘാലയ, ഒഡീഷ, തമിഴ്നാട്, രാജസ്ഥാൻ എന്നിവരാണ് കേരളത്തിനു പുറമേ ഗ്രൂപ്പ് ചാംപ്യൻമാരായി യോഗ്യത നേടിയത്. ബി ഗ്രൂപ്പിൽ നിന്നു യോഗ്യത നേടുന്നവരെ തീരുമാനമായിട്ടില്ല.

English Summary:

Santosh Trophy Football, Kerala vs Puducherry Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com