ബ്ലാസ്റ്റേഴ്സിന്റെ കോട്ടമുറ്റത്തു ഗോവൻ കാർണിവൽ, ഹോം മാച്ചിൽ വീണ്ടും തോൽവി; നഷ്ടം,കഷ്ടം!
Mail This Article
കൊച്ചി ∙ നോവ സദൂയിയുടെ ഷോട്ടുകൾ ലക്ഷ്യം കണ്ടില്ല, ഹെസൂസ് ഹിമെനെയുടെ കാലുകളിൽ പന്തെത്തിയില്ല, ഒരേയൊരു വട്ടം ഗോൾകീപ്പർ സച്ചിൻ സുരേഷിനു പിഴയ്ക്കുകയും ചെയ്തു; ഫലം ബ്ലാസ്റ്റേഴ്സിന്റെ കോട്ടമുറ്റത്തു ഗോവൻ കാർണിവൽ. ഐഎസ്എൽ ഫുട്ബോളിലെ ഹോം മാച്ചിൽ ബ്ലാസ്റ്റേഴ്സിന്റെ തോൽവി 1–0ന്. സീസണിലെ ഹാട്രിക് തോൽവികൾക്കുശേഷം ഞായറാഴ്ച ചെന്നൈയിൻ എഫ്സിയെ കീഴടക്കി വിജയവഴിയിൽ തിരിച്ചെത്തിയതിനു പിന്നാലെ ടീമിനു വീണ്ടും നിരാശ.
പോയിന്റ് പട്ടികയിൽ ഗോവ 5–ാം സ്ഥാനത്തേക്കു കയറിയപ്പോൾ ബ്ലാസ്റ്റേഴ്സ് 9–ാം സ്ഥാനത്തു തുടരുന്നു. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം ഡിസംബർ 7ന് ബെംഗളൂരു എഫ്സിക്കെതിരെ ബെംഗളൂരുവിൽ.
പിഴച്ചല്ലോ, സച്ചിൻ!
കളി 10 മിനിറ്റാകും മുൻപേ ബ്ലാസ്റ്റേഴ്സ് നടത്തിയതു രണ്ടു ഗോൾ ശ്രമങ്ങൾ. എന്നാൽ ഗോവയുടെ ആദ്യ മുന്നേറ്റം പിറന്നതു 19–ാം മിനിറ്റിൽ. 26–ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നു ഗോവയ്ക്കു ലഭിച്ച ഫ്രീകിക്കിൽ നിന്നു ബ്ലാസ്റ്റേഴ്സ് രക്ഷപെട്ടതു തലനാരിഴ വ്യത്യാസത്തിൽ. കിക്കെടുത്ത കാൾ മക്‌ഹ്യൂം പതിയെ തട്ടിക്കൊടുത്തതു സ്പാനിഷ് താരം ഗുരോച്ചേനയ്ക്ക്. ഡൈവ് ചെയ്ത സച്ചിനെയും കടന്നെങ്കിലും മിസൈൽ ഷോട്ട് പക്ഷേ, ഇടതു പോസ്റ്റിലിടിച്ചു മടങ്ങി. പതിയെ ഗോവ കളിയിൽ കാലുറപ്പിച്ചു. 40–ാം മിനിറ്റിൽ മൈതാന മധ്യത്തിൽ നിന്നു സാഹിൽ ടവോറ നീട്ടിക്കൊടുത്ത പന്തുമായി വലതു വിങ്ങിലൂടെ ഓടിക്കയറിയതു ബോറിസ് സിങ്. തടയാൻ ആരുമില്ലായിരുന്നു. ബോക്സിനുള്ളിൽ നിന്നു തൊടുത്ത ഷോട്ട് അത്ര കനപ്പെട്ടതായിരുന്നില്ല. പക്ഷേ, ഗോൾകീപ്പർ സച്ചിന്റെ കയ്യിന്റെ നിന്നു തട്ടിത്തെറിച്ചതു വലയിലേക്ക്; മറ്റൊരു നിർഭാഗ്യപ്പിഴവ്!
നിരാശ, നിരന്തരം
രണ്ടാം പകുതിയിൽ, തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് നടത്തിയത് ഒരുമിച്ചു 3 മാറ്റങ്ങൾ. രാഹുലിനു പകരം കോറോ സിങ്, പ്രീതം കോട്ടാലിനു പകരം സന്ദീപ് സിങ്, ഹെസൂസ് ഹിമെനെയ്ക്കു പകരം ക്വാമെ പെപ്ര. അതോടെ, വീണ്ടും ആക്രമണത്തിനു ദ്രുതതാളം. 81–ാം മിനിറ്റിൽ ബോക്സിനു തൊട്ടു പുറത്തു സാഹിൽ ടവോറ അഡ്രിയൻ ലൂണയെ വീഴ്ത്തിയതിനു ലഭിച്ചതു ഡയറക്ട് ഫ്രീകിക്ക്. ലൂണയുടെ മനോഹരമായ കിക്ക് പക്ഷേ, ഗോവൻ കാവൽക്കാരൻ ഋതിക് തിവാരി കുത്തിയകറ്റി. ബോക്‌സിനു മധ്യത്തിൽ നിന്നുള്ള കോറോയുടെ പവർഫുൾ ഷോട്ടും ഗോളായില്ല. അധിക സമയത്തു ലൂണ നൽകിയ ഹെഡർ പാസ് ഗോവൻ ബോക്സിനുള്ളിൽ നിന്നു സന്ദീപ് സിങ് പുറത്തേക്കടിച്ചു തുലച്ചതോടെ ബ്ലാസ്റ്റേഴ്സിനു നിരാശയുടെ ലോങ് വിസിൽ.