ADVERTISEMENT

എൻസെറെകോർ (ഗിനി)∙ ഫുട്ബോൾ മത്സരത്തിനിടെ ആവേശം അതിരുവിട്ട് ആരാധകർ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ ഞായറാഴ്ചയാണ് സംഭവം. ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എൻസെറോകോറിലാണ് ഫുട്ബോൾ ആവേശം അതിരുവിട്ട് വൻ ദുരന്തത്തിൽ കലാശിച്ചത്. തലസ്ഥാന നഗരമായ കോണാക്രിയിൽനിന്ന് 570 കിലോമീറ്റർ അകലെയാണ് ഈ നഗരം.

‘‘ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ തികച്ചും ദാരുണമാണ്. മൃതദേഹങ്ങൾ വൻതോതിൽ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ആശുപത്രിയുടെ വരാന്തയിൽ ഉൾപ്പെടെ മൃതദേഹങ്ങൾ നിരനിരയായി കിടത്തിയിട്ടുണ്ട്. മോർച്ചറി നിറഞ്ഞുകവിഞ്ഞു’ – ഇവിടെ നിന്നുള്ള ഡോക്ടറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായി എഎഫ്‍പി റിപ്പോർട്ട് ചെയ്തു. നൂറിലധികം പേർ മരിച്ചിട്ടുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി. പ്രദേശത്തെ ആശുപത്രി സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാവുന്നതിനും അപ്പുറമാണ് ദുരന്തത്തിന്റെ വ്യാപ്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മത്സരവേദിക്കു പുറത്തുനിന്നുള്ളത് എന്ന പേരിൽ ഒട്ടേറെ ദുരന്ത ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സ്റ്റേഡിയത്തിനു പുറത്തെ നിരത്തുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ആളുകൾ ചേരിതിരിഞ്ഞ് തല്ലുന്നതും ഒരു വിഭാഗം ആളുകൾ പ്രാണരക്ഷാർഥം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനിടെ, പ്രതിഷേധക്കാർ എൻസെറോകോറിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിട്ടതായും റിപ്പോർട്ടുണ്ട്.

മത്സരത്തിനിടെ റഫറി കൈക്കൊണ്ട വിവാദ തീരുമാനവുമായി ബന്ധപ്പെട്ടാണ് സംഘർഷത്തിന്റെ തുടക്കമെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് എഎഫ്‍പി റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ ആരാധകർ കൂട്ടത്തോടെ മൈതാനം കയ്യേറുകയായിരുന്നു.

പട്ടാള അട്ടിമറിയിലൂടെ 2021ൽ പ്രസിഡന്റ് ആൽഫ കോണ്ടെയെ പുറത്താക്കി രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത് സ്വയം പ്രസിഡന്റായി അവരോധിച്ച കേണൽ മമാഡി ഡുംബൊയയുടെ ബഹുമാനാർഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1891 മുതൽ ഫ്രഞ്ച് അധീനതയിലായിരുന്ന ഗിനി 1958ലാണു സ്വാതന്ത്ര്യം നേടിയത്. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് ആദ്യമായി നടന്നത് 2010ലാണ്.
ആ തിരഞ്ഞെടുപ്പു ജയിച്ച് അധികാരത്തിൽവന്ന കോണ്ടെയെ പുറത്താക്കിയാണ് മമാഡി ഡുംബൊയ അധികാരം പിടിച്ചത്.

English Summary:

Around 100 dead after clash erupted between football fans in Guinea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com