ബ്ലാസ്റ്റേഴ്സ് നക്ഷത്രമെണ്ണുന്നു! അടുത്ത എതിരാളികള് ബെംഗളൂരുവും ബഗാനും, ഗോൾ വഴങ്ങുന്നത് എങ്ങനെ ഒഴിവാക്കും?
Mail This Article
കൊച്ചി ∙ ആശങ്കകളോടെ വീണ്ടുമൊരു ഡിസംബർ. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഡിസംബറിലെത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആവേശവും പതിവുപോലെ മഞ്ഞുമൂടിക്കിടക്കുകയാണ്. പരുക്കേറ്റ് അഡ്രിയൻ ലൂണ പിൻമാറിയതോടെ നായകനില്ലാതെ ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിലായിരുന്നു കഴിഞ്ഞ ഡിസംബറിൽ ബ്ലാസ്റ്റേഴ്സെങ്കിൽ ഇത്തവണ ആശങ്ക, ഗോൾ വഴങ്ങുന്നതിലെ ദൗർബല്യം എങ്ങനെ മറികടക്കുമെന്ന കാര്യത്തിലാണ്. പോയിന്റ് പട്ടികയുടെ തലപ്പത്തുള്ള ബെംഗളൂരു എഫ്സിക്കും മോഹൻ ബഗാനുമെതിരെയാണ് ഈ മാസത്തെ ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ. 10 മത്സരങ്ങളിൽ 11 പോയിന്റുമായി ഒൻപതാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ്. 3 വർഷത്തിനു ശേഷം പരിശീലകനെ മാറ്റി ടീം അഴിച്ചുപണിത സീസണിലാണു ബ്ലാസ്റ്റേഴ്സ് ഇത്തരത്തിൽ നക്ഷത്രമെണ്ണുന്നത്.
ടീമിന്റെ ഈ സീസണിലെ പ്രകടനത്തിന്റെ രത്നച്ചുരുക്കമായി എടുക്കാവുന്ന ഒന്നാണ് ഗോവയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരം. ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തിലായിരുന്ന മത്സരത്തിലാണു ദാനം നൽകിയതിനു സമാനമായൊരു ഗോളിൽ ഗോവയുടെ വിജയം. കോച്ച് മികായേൽ സ്റ്റാറെയുടെ വാക്കുകളിലും ഇതു വ്യക്തം.
‘എന്റെ കാഴ്ചപ്പാടിൽ അതൊരു ഗോളവസരം പോലുമായിരുന്നില്ല. നൂറിൽ 99 തവണയും ഗോളി സേവ് ചെയ്യുന്നൊരു ഷോട്ടിലാണ് ആ ഗോൾ’.സീസൺ പാതിവഴിയെത്തുമ്പോഴും ബ്ലാസ്റ്റേഴ്സിനു പരിഹാരം കാണാനാകാത്തൊരു പോരായ്മയാണു ഗോൾകീപ്പിങ്ങിലെ പിഴവ്. ഗോൾകീപ്പർമാരായി യുവതാരങ്ങളെ മാത്രം ആശ്രയിക്കാനുള്ള തീരുമാനത്തിനു ബ്ലാസ്റ്റേഴ്സ് വലിയ വില കൊടുക്കേണ്ടിവന്ന സീസണാണ് ഇത്.
4 മത്സരങ്ങളിലാണ് ഗോൾകീപ്പർമാരുടെ പിഴവു മൂലം ടീമിനു ഗോൾ വഴങ്ങേണ്ടിവന്നത്. ഗോൾ വഴങ്ങിയാലും ഒന്നോ രണ്ടോ തിരിച്ചടിക്കാൻ ശേഷിയുള്ള ആക്രമണനിരയുണ്ട് എന്നതായിരുന്നു ടീമിന്റെയും ആരാധകരുടെയും ആത്മവിശ്വാസം. ഗോവയ്ക്കെതിരായ മത്സരത്തിൽ അതുകൂടി തകർന്നു. ഗോവയ്ക്കെതിരെ ഗോൾ നേടാൻ കഴിയാതെ വന്നതു വിശ്വസിക്കാനാകുന്നില്ല എന്നായിരുന്നു സ്റ്റാറെയുടെ കുറ്റസമ്മതം. ആക്രമണ നിര കിണഞ്ഞു പരിശ്രമിച്ചിട്ടും ഫിനിഷിങ്ങിൽ പരാജയപ്പെട്ട മത്സരമായി അത്.
മുന്നേറ്റനിരയിൽ നോവ സദൂയിയും ഹെസൂസ് ഹിമെനെയും അഡ്രിയൻ ലൂണയും ക്വാമെ പെപ്രയുമുള്ള ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാൻ വക നൽകുന്ന ഒന്നല്ല ടീം നേടുന്ന ഗോളുകളുടെ എണ്ണം. ലീഗിൽ ഏറ്റവുമധികം തവണ ഫൈനൽ തേഡിലേക്കു മുന്നേറിയ ടീം ബ്ലാസ്റ്റേഴ്സാണ്. പക്ഷേ പന്ത് വലയിലെത്തിക്കുന്ന കാര്യത്തിൽ ആ മിടുക്ക് കാണാനില്ല. 10 മത്സരങ്ങളിൽ നിന്നു 15 ഗോളുമായി സ്കോറിങ്ങിൽ ഏഴാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ്.