ഗോകുലം വീണു; ഐ ലീഗിൽ ചർച്ചിൽ–1, ഗോകുലം–0
Mail This Article
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ സ്വന്തം മൈതാനത്ത് ചർച്ചിൽ ബ്രദേഴ്സിനോട് 1–0ന് തോൽവിയേറ്റു വാങ്ങി ഗോകുലം കേരള. സീസണിലെ നാലു കളികളിൽ ഗോകുലത്തിന്റെ ആദ്യ പരാജയമാണിത്. 2021നു ശേഷം ആദ്യമായാണ് ഗോകുലം ചർച്ചിലിനോട് പരാജയപ്പെടുന്നത്. 13–ാം മിനിറ്റിൽ റീബൗണ്ട് ചെയ്തുവന്ന പന്ത് ചർച്ചിൽ ബ്രദേഴ്സിന്റെ മധ്യനിരതാരം സ്റ്റാൻലെ ഫെർണാണ്ടസ് വലയിലേക്ക് പായിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ സമനില ഗോളിനായി ഗോകുലം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 74–ാം മിനിറ്റിൽ ഗോകുലത്തിന്റെ പകരക്കാരൻ സെന്തമിഴിന്റെ ബൈസിക്കിൾ ഷോട്ട് പോസ്റ്റിലുരഞ്ഞ് പുറത്തേക്ക് പോയി. 86–ാം മിനിറ്റിൽ റീബൗണ്ട് ചെയ്തുവന്ന പന്ത് ഗോകുലത്തിന്റെ മൈക്കൽ സൂസൈരാജ് പോസ്റ്റിലേക്ക് അടിച്ചെങ്കിലും ചർച്ചിൽ ഗോളി അബ്ദുൽ കാദിർ സേവ് ചെയ്തു. 5 പോയിന്റോടെ ഗോകുലം ഇപ്പോൾ 7–ാം സ്ഥാനത്താണ്. 14ന് ഷില്ലോങ് ലജോങ് എഫ്സിയുമായി ഷില്ലോങ്ങിലാണ് അടുത്ത മത്സരം.