ടർഫിലും കടപ്പുറത്തും കരുത്ത് തെളിയിച്ച് കേരളം, ടീം നാളെ ഹൈദരാബാദിലേക്കു പുറപ്പെടും
Mail This Article
കോഴിക്കോട് ∙ നാളെ എറണാകുളത്തുനിന്ന് ഹൈദരാബാദിലേക്കുള്ള ട്രെയിൻ കൂവിപ്പായാൻ തുടങ്ങുന്നത് സന്തോഷ് ട്രോഫിയിലെ എട്ടാം കിരീടം ലക്ഷ്യമിട്ടാണ്; പ്രതീക്ഷയോടെ പച്ചക്കൊടി വീശുന്നതു കേരളത്തിലെ ഫുട്ബോൾ ആരാധകരാണ്. സന്തോഷ് ട്രോഫി ഫുട്ബോൾ പ്രാഥമിക ഘട്ടത്തിൽ ഗോൾമഴ പെയ്യിച്ച അതേ 22 അംഗ ടീമാണ് ഫൈനൽ റൗണ്ടിൽ കേരളത്തിനായി മത്സരിക്കാനിറങ്ങുന്നത്. ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ 14 മുതലാണ് മത്സരങ്ങൾ.
കേരള ടീമിന്റെ പരിശീലനം കാസർകോട് ജില്ലയിലാണ് ഇത്തവണ നടന്നത്. ചരിത്രത്തിലാദ്യമായാണ് കാസർകോട്ട് സന്തോഷ്ട്രോഫി ടീം പരിശീലനം നടത്തിയത്. തൃക്കരിപ്പൂരിലെ ടർഫിലും കടപ്പുറത്തെ മണലിലും കളിച്ചു പരിശീലിച്ചാണ് ടീം കരുത്തരായത്. ഫൈനൽ റൗണ്ടിനുമുൻപ് പരിശീലനത്തിന് ആവശ്യത്തിനു സമയം ലഭിച്ചതിനാൽ ടീം സെറ്റായിക്കഴിഞ്ഞു. തൃക്കരിപ്പൂരിലെ പരിശീലനത്തിനുശേഷം ടീം മംഗലാപുരത്തെ യെന്നപ്പോയ സർവകലാശാലാ മൈതാനത്തും പരിശീലനം നടത്തി. ഹൈദരാബാദിലെ മൈതാനത്തിന്റെ അതേ ഗുണനിലവാരമുള്ള മൈതാനമാണ് മാനേജർ അഷറഫ് ഉപ്പളയും സംഘവും ടീമിനായി ഇവിടെ കണ്ടെത്തിയത്.
പൊലീസ് താരമായ കേരള ക്യാപ്റ്റൻ ജി.സഞ്ജുവും കഴിഞ്ഞ വർഷത്തെ ക്യാപ്റ്റൻ നിജോ ഗിൽബർട്ടും ഉൾപ്പെടെയുള്ള എല്ലാ താരങ്ങളും പരിശീലനക്യാംപിൽ സജീവമായിരുന്നു. ഡൽഹി, ഗോവ, മേഘാലയ, തമിഴ്നാട്, ഒഡീഷ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളം. നിലവിലെ റണ്ണറപ്പായ ഗോവയുമായി 15ന് രാവിലെ 9ന് ആണ് കേരളത്തിന്റെ ആദ്യ കളി. 17ന് രാത്രി 7.30ന് മേഘാലയുമായും 19ന് രാവിലെ 9ന് ഒഡിഷയുമായും 22ന് രാത്രി 7.30ന് തമിഴ്‌നാടുമായും 24ന് ഉച്ചയ്ക്ക് 2.30ന് തമിഴ്‌നാടുമായുമാണ് ഗ്രൂപ്പ് ബിയിലെ മറ്റു മത്സരങ്ങൾ. ആദ്യ 4 സ്ഥാനക്കാരാണ് ക്വാർട്ടറിലെത്തുക. 31നാണ് ഫൈനൽ.