കളിച്ചു, പക്ഷേ ഗോളടിക്കാൻ മറന്നു; ഷില്ലോങ് ലജോങ്ങിന്റെ തട്ടകത്തിൽ ഗോകുലം കേരളയ്ക്ക് ഗോൾരഹിത സമനില
Mail This Article
ഷില്ലോങ്∙ ഐ ലീഗിൽ ഷില്ലോങ് ലജോങ്ങിനെതിരെ ഗോൾരഹിത സമനിലയുമായി ഗോകുലം കേരള എഫ്സി. അവസാന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ എതിരില്ലാത്ത എട്ടു ഗോളിനു തകർത്തതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ലജോങ്ങിനെ വിറപ്പിക്കുന്ന പ്രകടനം പുറത്തെടുത്തെങ്കിലും, ഗോകുലത്തിന് വിജയത്തിലെത്താനായില്ല. 5 മത്സരത്തിൽനിന്ന് ആറു പോയിന്റുള്ള ഗോകുലം കേരള പട്ടികയിൽ ആറാം സ്ഥാനത്താണ്. ഷില്ലോങ് ലജോങ് അഞ്ചാം സ്ഥാനത്തുമുണ്ട്. 19ന് രാജസ്ഥാൻ എഫ്സിക്കെതിരേ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
സെർജിയോ നയിച്ച ഗോകുലം ടീമിൽ രാഹുൽ രാജ്, മഷൂർ ഷരീഫ്, അതുൽ, അബെലഡോ എന്നിവർ ആദ്യ ഇലവനിൽ കളിച്ചപ്പോൾ വി.പി സുഹൈൻ, സൂസൈരാജ്, എമിൽ ബെന്നി തുടങ്ങിയവർ പകരക്കാരുടെ നിരയിലായിരുന്നു. ആദ്യ പകുതിയിൽ ലജോങ്ങിന്റെ മുന്നേറ്റങ്ങളെ ഗോകുലം ശക്തമായി പ്രതിരോധിച്ചു. 27–ാം മിനിറ്റിൽ പരുക്കിനെ തുടർന്ന് പ്രതിരോധ താരം മഷൂർ ഷരീഫിനെ പിൻവലിച്ച് നിധിൻ കൃഷ്ണനെ കളത്തിലിറക്കി. ഇരു ടീമുകളും ശക്തമായി പൊരുതിയെങ്കിലും ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല.
46–ാം മിനുട്ടിൽ ഗോകുലം അഭിജിത്തിനെ പിൻവലിച്ച് റിഷാദിനെ കളത്തിലിറക്കി. രഞ്ജിത് പാന്ദ്രയെ പിൻവലിച്ച് വി.പി. സുഹൈറിനെയും ഇറക്കി. രണ്ടാം പകുതിയിൽ ഒന്നുകൂടി ഉണർന്നു കളിച്ച ഗോകുലം എതിർ ഗോൾമുഖം നിരന്തരമായി വിറപ്പിച്ചുകൊണ്ടിരുന്നു. 76–ാം മിനുട്ടിൽ ലജോങ് താരം ഫിഗോയുടെ തകർപ്പൻ ഷോട്ട് ഗോൾകീപ്പർ ഷിബിൻ രാജ് തട്ടികയറ്റിയതോടെ ഉറപ്പായിരുന്ന ഗോളിൽനിന്ന് ഗോകുലം രക്ഷപ്പെട്ടു.
റിഷാദിനും സുഹൈറിനും ഗോളിലേക്ക് തുറന്ന അവസരങ്ങൾ ലഭിച്ചെങ്കിലും ലജോങ് താരങ്ങൾ ചെലുത്തിയ സമ്മർദ്ദത്തിൽ ലക്ഷ്യം അകന്നുപോയി. മത്സരത്തിൽ ഇൻജറി ടൈമായി അനുവദിച്ച ഏഴു മിനിറ്റിൽ മാത്രം എട്ടു ഷോട്ടുകളാണ് ഗോകുലം താരങ്ങൾ ലജോങ് പോസ്റ്റിലേക്ക് തൊടുത്തത്. എന്നാൽ അതിൽ ഒന്നുപോലും ലക്ഷ്യത്തിലെത്തിയില്ല.