ഗോളടിച്ച് എംബപെ, റോഡ്രിഗോ, വിനീസ്യൂസ്; റയല്‍ മഡ്രിഡ് ഇന്റർകോണ്ടിനെന്റൽ കപ്പ് ജേതാക്കൾ
Mail This Article
ദോഹ∙ മെക്സിക്കോ ക്ലബ് പച്ചുക്കയെ തകർത്ത് റയൽ മഡ്രിഡിന് പ്രഥമ ഇന്റർകോണ്ടിനെന്റല്‍ കപ്പ് കിരീടം. ദോഹ ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. കിലിയൻ എംബപെ (37–ാം മിനിറ്റ്), റോഡ്രിഗോ (53), വിനീസ്യൂസ് ജൂനിയർ (84, പെനാൽറ്റി) എന്നിവരാണ് സ്പാനിഷ് ക്ലബ്ബിനായി ലക്ഷ്യം കണ്ടത്.
മത്സരത്തിൽ പന്തടക്കത്തിലും പാസുകളിലും ഷോട്ടുകളിലുമെല്ലാം സമ്പൂർണ ആധിപത്യമാണ് റയല്‍ മഡ്രിഡിനുണ്ടായിരുന്നത്. ചാലഞ്ചർ കപ്പില്‍ ഈജിപ്ഷ്യൻ ക്ലബ്ബ് അൽ അഹ്‍ലിയെ തോൽപിച്ചാണ് പച്ചുക ചാംപ്യൻസ് ലീഗ് ജേതാക്കളായ റയലിനെ നേരിടാന്‍ ഫൈനലിലേക്കു യോഗ്യത നേടിയത്. 37–ാം മിനിറ്റിൽ ബ്രസീലിയൻ താരം വിനീസ്യൂസ് നൽകിയ ക്രോസിലാണ് എംബപെ റയലിന്റെ ആദ്യ ഗോൾ നേടിയത്. പ്രതിരോധ താരങ്ങളെ മറികടന്ന് വിനീസ്യൂസ് നീട്ടിയ ക്രോസിൽ, പച്ചുക്ക താരങ്ങളെ കാഴ്ചക്കാരാക്കി എംബപെ ലക്ഷ്യം കാണുകയായിരുന്നു. ഇടവേളയ്ക്കു ശേഷം കളി തുടങ്ങി എട്ട് മിനിറ്റിനുള്ളിൽ ലീഡ് രണ്ടാക്കി ഉയർത്താൻ റയലിനു സാധിച്ചു.
53–ാം മിനിറ്റിൽ എംബപെയുടെ പാസിലായിരുന്നു റോഡ്രിഗോയുടെ ഗോൾ. ‘വാർ’ പരിശോധനകൾക്കു ശേഷമായിരുന്നു റഫറി ഈ ഗോൾ അനുവദിച്ചത്. 83-ാം മിനിറ്റിൽ പെനാൽറ്റി അവസരത്തിലൂടെ റയൽ ലീഡ് മൂന്നാക്കി ഉയർത്തി. റയലിന്റെ ലുകാസ് വാസ്കസിനെ പച്ചുക താരം ഇദ്രിസി ഫൗൾ ചെയ്തതിന് ‘വാർ’ പരിശോധനകൾക്കു ശേഷം റഫറി പെനാൽറ്റി നൽകുകയായിരുന്നു. പെനാൽറ്റി എടുത്ത വിനീസ്യൂസ് സ്കോർ 3–0 ആക്കി ഉയർത്തി. രണ്ടാം പകുതിക്ക് രണ്ടു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ഫൈനൽ വിസിൽ മുഴങ്ങിയതോടെ റയൽ താരങ്ങൾ വിജയാഘോഷം തുടങ്ങി.