മൂന്നാം ജയത്തോടെ സന്തോഷ് ട്രോഫി ഫുട്ബോളിൽ ക്വാർട്ടർ ഉറപ്പിച്ച് കേരളം; ഒഡീഷയെ 2–0ന് തോൽപ്പിച്ചു
Mail This Article
ഹൈദരാബാദ്∙ തുടർച്ചയായ മൂന്നാം ജയവുമായി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ ഒഡീഷയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. ഇതോടെ ഗ്രൂപ്പ് ബിയിൽ മൂന്നു കളികളിൽനിന്ന് ഒൻപതു പോയിന്റ് നേടിയാണ് കേരളം ക്വാർട്ടർ ഉറപ്പാക്കിയത്. കേരളം ആദ്യ മത്സരത്തിൽ ഗോവയെ 4-3നും രണ്ടാം മത്സരത്തിൽ മേഘാലയയെ 1-0നും തോൽപ്പിച്ചിരുന്നു.
കേരളത്തിനായി മുഹമ്മദ് അജ്സൽ (42–ാം മിനിറ്റ്), നസീബ് റഹ്മാൻ (53–ാം മിനിറ്റ്) എന്നിവർ ഗോൾ നേടി. ക്യാപ്റ്റൻ ജി.സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയുടെ തകർപ്പൻ പ്രകടനമാണ് ഇന്നത്തെ മത്സരത്തിലെ ഹൈലൈറ്റ്. ഒഡീഷയുടെ ആക്രമണങ്ങളെ ചെറുത്തുനിന്ന് കേരളത്തിന് വിജയം സമ്മാനിച്ച സഞ്ജുവാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇനി ഡിസംബർ 22ന് കേരളം ഡൽഹിയേയും 24ന് തമിഴ്നാടിനെയും നേരിടും.
അതിനിടെ, രാജസ്ഥാനെയും തോൽപ്പിച്ച് മൂന്നാം വിജയം നേടിയ ബംഗാൾ ഇത്തവണ സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യടീമായിരുന്നു. 3 മത്സരങ്ങൾ ജയിച്ച് 9 പോയിന്റുമായാണ് എ ഗ്രൂപ്പിൽനിന്ന് ബംഗാൾ ക്വാർട്ടർ ഉറപ്പാക്കിയത്. 32 തവണ സന്തോഷ് ട്രോഫി നേടിയ ചരിത്രമുള്ള ബംഗാൾ ഇന്നലെ രാജസ്ഥാനെ 2–0ന് തോൽപ്പിച്ചു.